പോലീസ് സഹോദരങ്ങളുടെ ശ്രദ്ധയ്ക്ക്, ഒറ്റ ലെയർ തുണി മാസ്‌ക്‌ പേരിന് മാത്രം‌ ധരിക്കല്ലേ, ഡോ.ഷിംന അസീസ് പറയുന്നു

പോലീസ്കാരുടെ മാസ്ക്ക് ധരിക്കലിനെപ്പറ്റി ഡോ.ഷിംന അസീസ് ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് വൈറലാകുന്നു. ദയവായി നിങ്ങൾ ഒരു ത്രീ ലെയർ മാസ്‌കും ഫേസ്‌ ഷീൽഡും പോക്കറ്റിലൊതുങ്ങുന്ന ചെറിയ ബോട്ടിൽ സാനിറ്റൈസറുമെങ്കിലും കൂടെ കരുതണമെന്ന് ഷിംന ഓർമ്മിപ്പിക്കുന്നു. കൃത്യമായി മാസ്ക്ക് ഉപയോഗിക്കണം. നിങ്ങൾ പിടിക്കുന്ന പ്രതികളും പോകുന്ന വഴികളും പ്രവചനാതീതമാണ്‌. അപകടം ചെറുതല്ല. പ്രായമായവർ മാത്രമല്ല കൊറോണക്ക്‌ കീഴടങ്ങുന്നത്‌. പോരാത്തതിന്‌ കൊറോണ വന്ന്‌ പോയ പലർക്കും ശ്വാസതടസവും മേലുവേദനയും ചുമയും മാറാൻ മാസങ്ങളെടുക്കുന്നു. സഹനം ചെറുതല്ല, ചെറുത്തേ മതിയാകൂവെന്നും ഡോ.ഷിംന ഓർമ്മപ്പെടുത്തുന്നു.

ഡോ.ഷിംന അസീസിന്റെ ഫേസ്ബുക്ക് കുറിപ്പ്
കൊറോണ തുടങ്ങിയപ്പോൾ മുതൽ ആരോഗ്യപ്രവർത്തകരെ പുകഴ്‌ത്തി ഒരു വഴിക്കാക്കീട്ടുണ്ട്‌. കുറേ ചീത്തേം പറഞ്ഞു. രണ്ടിനും നന്ദി. ഞങ്ങളിപ്പഴും ഇതിന്റെയൊക്കെ നടുവിലൂടെയങ്ങ്‌ ജീവിച്ച്‌ പോണു.  അതവിടെയിരിക്കട്ടെ. കൊറോണ തുടങ്ങിയപ്പോഴും, ഹൗസ്‌ ഫുള്ളായി ഓടുമ്പോഴും, ഇപ്പോൾ അതൊരു സാധാരണ സംഗതി മാത്രമായി മാറിയപ്പഴുമെല്ലാം നെഞ്ചും വിരിച്ച്‌ നടുറോഡിലും നഗരത്തിലും നാട്ടിൻപുറത്തും ഓടുന്ന സാധാരണ മനുഷ്യക്കുഞ്ഞുങ്ങളാണ്‌ പോലീസുകാർ. പറഞ്ഞ്‌ വരുന്നത്‌, പ്രതികളെ പിടിക്കാനോടുകയും അവരെ മജിസ്‌ട്രേറ്റിനടുത്തേക്കും മെഡിക്കൽ ടെസ്‌റ്റുകൾക്കായി ആശുപത്രിയിലേക്കും മറ്റും എസ്‌കോർട്ട്‌ ചെയ്യുകയുമൊക്കെ ചെയ്യുന്ന ഫീൽഡിലുള്ളവരെക്കുറിച്ചാണ്‌.

ഒരിടത്ത്‌ ഇരുന്ന്‌ ജോലി ചെയ്യുമ്പോൾ തന്നെ മാസ്‌കും കൂടെയുള്ള ആടയാഭരണങ്ങളും മനുഷ്യനെ വേവിക്കുകയാണ്‌. അത്‌ സ്വന്തം സുരക്ഷക്കാണെന്ന ബോധ്യം കൊണ്ട്‌ ആരോഗ്യപ്രവർത്തകർ സഹിക്കുന്നെന്ന്‌ മാത്രം. പ്രതിയെ കൊണ്ട്‌ നടക്കുന്ന പോലീസുകാരൻ സോഷ്യൽ ഡിസ്‌റ്റൻസിങ്ങ്‌ പാലിച്ചാൽ പ്രതി കണ്ടം വഴി ഓടും. അവർക്കത്‌ പ്രായോഗികമേയല്ല. നിയമം നടപ്പിലാക്കുന്നവന്‌ ജോലിക്കിടയിൽ ‘അകലം’ മനോഹരമായ നടക്കാത്ത സ്വപ്‌നമാണ്‌. അമിതമായ ജോലിഭാരവും നേരത്തിന്‌ ഉറക്കവും ഭക്ഷണവും വിശ്രമവും ഇല്ലാത്തതും അമിതമായ മാനസികസമ്മർദവും അവരുടെ ഉള്ള ആരോഗ്യം കട്ടപ്പുറത്താക്കുന്നുമുണ്ട്‌.

പ്രിയപ്പെട്ട പോലീസ്‌ സുഹൃത്തുക്കളെ മിക്ക സമയത്തും കാണുന്നത്‌ ഒരു സാധാരണ ഒറ്റ ലെയർ തുണി മാസ്‌ക്‌ പേരിന്‌ ധരിച്ച രൂപത്തിലാണ്‌. ദയവായി നിങ്ങൾ ഒരു ത്രീ ലെയർ മാസ്‌കും ഫേസ്‌ ഷീൽഡും പോക്കറ്റിലൊതുങ്ങുന്ന ചെറിയ ബോട്ടിൽ സാനിറ്റൈസറുമെങ്കിലും കൂടെ കരുതണം, കൃത്യമായി ഉപയോഗിക്കണം. നിങ്ങൾ പിടിക്കുന്ന പ്രതികളും പോകുന്ന വഴികളും പ്രവചനാതീതമാണ്‌. അപകടം ചെറുതല്ല. പ്രായമായവർ മാത്രമല്ല കൊറോണക്ക്‌ കീഴടങ്ങുന്നത്‌. പോരാത്തതിന്‌ കൊറോണ വന്ന്‌ പോയ പലർക്കും ശ്വാസതടസവും മേലുവേദനയും ചുമയും മാറാൻ മാസങ്ങളെടുക്കുന്നു. സഹനം ചെറുതല്ല, ചെറുത്തേ മതിയാകൂ.ഇനി നിങ്ങൾക്ക്‌ വന്ന്‌ പോകുന്നതിനെ ഗൗനിക്കുന്നില്ലെന്നാണോ? അപ്പോൾ നിങ്ങളുടേതായവർ? മാതാപിതാക്കൾ, മക്കൾ, വീട്ടിലെ മറ്റ്‌ രോഗികൾ, വേണ്ടപ്പെട്ടവർ? അവർക്ക്‌ നിങ്ങൾ രോഗം പരത്തിയാൽ?

ഇതോടൊപ്പം, താൻ ചത്ത്‌ മീൻ പിടിക്കുകയെന്ന്‌ പറയുന്ന കണക്ക്‌ കീഴ്‌ജീവനക്കാർ ജോലി ചെയ്യുന്നില്ലെന്ന്‌ ഉത്തരവാദിത്വപ്പെട്ടവർ ശ്രദ്ധിക്കുകയും വേണം. ഹെൽത്തും പോലീസുമൊക്കെ ‘ടീം വർക്ക്‌’ അല്ലെങ്കിൽ തകർന്ന്‌ തരിപ്പണമാകുകയേയുള്ളൂ. ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.മാസങ്ങളായി നമ്മളൊക്കെ കേൾക്കുന്ന ‘മുൻനിരപ്പോരാളി’ എന്ന വിളി കേൾക്കുമ്പോൾ ഒരു രോമാഞ്ചമൊക്കെ തോന്നുന്നത്‌ സ്വാഭാവികമാണ്‌. അതിന്‌ പക്ഷേ നമുക്കും നമ്മുടേതായവർക്കും ജീവൻ ബാക്കിയുണ്ടാവണമല്ലോ.എല്ലാത്തിലുമുപരി, ഞങ്ങളെ സംരക്ഷിക്കുന്ന നിങ്ങൾ ഞങ്ങൾക്ക്‌ അത്ര മേൽ പ്രധാനപ്പെട്ടവരാണെന്ന്‌ ഓർമ്മിപ്പിക്കുന്നു.ഞങ്ങൾക്കായ്‌ ചെയ്‌ത്‌ തരുന്നതിനെല്ലാം നന്ദി, സ്‌നേഹം.കരുതലോടെയിരിക്കൂ.