കറ്റാർ വാഴ കൊണ്ട് എളുപ്പത്തിൽ സോപ്പ് ഉണ്ടാക്കേണ്ടതെങ്ങനെയെന്ന് വിവരിച്ച് ഷിംന അസീസ്

കറ്റാർവാഴകൊണ്ട് സോപ്പ് നിർമ്മിക്കേണ്ടതെങ്ങനെയാണെന്ന് വിവരിച്ച് ഡോ.ഷിംന അസീസ്.അലോവേര സോപ്പ്‌ നിർമ്മാണം നിങ്ങളുദ്ദേശിച്ച പോലത്തെ ഇന്റർനാഷണൽ സംഭവം ഒന്നുമല്ല.നിങ്ങൾ വിൽപനാടിസ്‌ഥാനത്തിൽ ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ, കൂടാതെ ആവശ്യത്തിന്‌ മടി സമം സമയക്കുറവ്‌ കൈവശമുണ്ടെങ്കിൽ നിങ്ങൾക്ക്‌ എന്റെ ഈ ഉഡായിപ്പ്‌ രീതി പരീക്ഷിക്കാവുന്നതാണെന്നാണ് ഷിംന പറയുന്നത്.

ശ്രദ്ധിക്കൂ സൂർത്തുക്കളേ, അലോവേര സോപ്പ്‌ നിർമ്മാണം നിങ്ങളുദ്ദേശിച്ച പോലത്തെ ഇന്റർനാഷണൽ സംഭവം ഒന്നുമല്ല.നിങ്ങൾ വിൽപനാടിസ്‌ഥാനത്തിൽ ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ,കൂടാതെ ആവശ്യത്തിന്‌ മടി സമം സമയക്കുറവ്‌ കൈവശമുണ്ടെങ്കിൽ നിങ്ങൾക്ക്‌ എന്റെ ഈ ഉഡായിപ്പ്‌ രീതി പരീക്ഷിക്കാവുന്നതാണ്‌. വിവിധ യൂട്യൂബ്‌ വീഡിയോകളിലെ രീതികൾ എനിക്ക്‌ തോന്നിയോണം മാറ്റി മറിച്ചതാണ്‌ എന്റെ രീതി.

ആദ്യം വേണ്ടത്‌:1) ഗ്ലിസറിൻ സോപ്പ്‌ ബേസ്‌- 1 കിലോ (ആമസോണിലോ തൊട്ടപ്രത്തെ കടയിലോ കിട്ടും)- ഏതാണ്ട്‌ 250 രൂപക്കടുത്ത്‌ ചിലവ്‌ വരും 2) കറ്റാർവാഴ ഇല (അമിതവണ്ണമുള്ളത്‌)- 5 എണ്ണം3) വെളിച്ചെണ്ണ (ചക്കിലോ മില്ലിലോ ഫാക്‌ടറിയിലോ എവിടെ ഉണ്ടാക്കിയതായാലും വേണ്ടില്ല)- 4 ടേബിൾ സ്‌പൂൺ 4) ആമസോണീന്ന്‌ വാങ്ങിയ ലാവെന്റർ ഓയിൽ – നാല്‌ തുള്ളി (ഇത്രേം പരിഷ്‌കാരം വേണ്ടെങ്കിൽ ഏത്‌ മണം വേണമെന്ന്‌ അയലോക്കത്തെ സോപ്പേട്ടന്റെ കടയിൽ പറയുക. അവിടെ പല സോപ്പിന്റേം മണം വില കുറച്ച്‌ തന്നെ കിട്ടും. ചിലപ്പോ സോപ്പ്‌ കിറ്റിന്റെ കൂടെ ബൈ ഡീഫോൾട്ട്‌ ഫ്രീയായും കിട്ടും)5) ഫുഡ്‌ കളർ (വേണേൽ ചേർക്കാം. ഞാൻ ചേർക്കാറില്ല.ചേർത്തില്ലേലും എനിക്കൊരു കൊയപ്പോല്ല)- രണ്ട്‌ തുള്ളി

പാകം ചെയ്യുന്ന വിധം :ഒരു കത്തിയുമെടുത്ത്‌ പറമ്പിൽ/ബാൽക്കണിയിൽ പോയി കറ്റാർവാഴയില മുറിച്ചോണ്ട്‌ വരിക. അത്‌ ഒരു ബക്കറ്റ്‌ വെള്ളത്തിൽ ഇട്ട്‌ വെച്ചിട്ട്‌ അടുക്കളയിലേക്ക്‌ വരൂ ഇനി ഒരു ഗ്ലൗസ്‌ വലിച്ച്‌ കേറ്റി കൈയിൽ ഇടുന്നത്‌ നല്ലതാ. അല്ലെങ്കിൽ പൊള്ളുന്നു, നീറുന്നു, പൊളിയുന്നു, പുളയുന്നു എന്നൊക്കെ പറഞ്ഞ്‌ നിങ്ങൾ ഇങ്ങോട്ട്‌ തന്നെ വരാനും എനിക്ക്‌ തന്നെ പണിയാവാനും ചാൻസുണ്ട്‌.ഈ സോപ്പ്‌ ബേസ്‌ കുഞ്ഞി കഷ്‌ണങ്ങളാക്കി മുറിച്ചിട്ട്‌ ഒരു സ്‌റ്റീൽ പാത്രത്തിൽ വെക്കുക. കത്തി കൈയ്യീന്ന്‌ ‘പ്ലുക്കോ പ്ലുക്കോ’ എന്ന്‌ സ്ലിപ്പാവും. രക്‌തം കണ്ട്‌ സോപ്പ്‌ നിർമ്മാണം തുടങ്ങാൻ ചാൻസുള്ളതൊണ്ട്‌ സൂക്ഷിച്ചും കണ്ടും ഒക്കെ ചെയ്‌തോണം. ആക്രാന്തം നന്നല്ല എന്ന്‌ കാരണോമ്മാര്‌ പറഞ്ഞിട്ടുള്ളതാ.

ആ പിന്നേ, എനിക്ക്‌ ലേശം ക്ഷമയില്ലായ്‌മയുടെ അപഹാരം ഉള്ളതോണ്ട്‌ ഗ്രേറ്റ്‌ ചെയ്‌ത രീതിയിൽ ഗ്ലിസറിൻ സോപ്പ്‌ ഫ്ലേക്‌സ്‌ ഉള്ള പാക്കറ്റാണ്‌ വാങ്ങാറ്‌. വെട്ടലും അരിയലും ഒന്നും വേണ്ടല്ലോ. മടിയൻമാർക്ക്‌ ഇത്‌ നല്ലൊരു ഓപ്‌ഷനാണ്‌.ഇനി ഈ സ്‌റ്റീൽപാത്രം വേറൊരു പാത്രം വെള്ളത്തിലിറക്കി വെച്ച്‌ ഡബിൾ ബോയിൽ രീതിയിൽ ചൂടാക്കണം. കുറച്ച്‌ നേരം കൊണ്ട്‌ മെഴുകുരുകണ പോലെ സോപ്പുണ്ണി ഉരുകും. ഇടക്കൊന്ന്‌ ഇളക്കി കൊടുക്കണംന്നേ ഉള്ളൂ.ആ നേരം കൊണ്ട്‌ അലോവേര എടുത്തോണ്ട്‌ വന്ന്‌ വൃത്തിയുള്ള തുണി കൊണ്ട്‌ തുടച്ച്‌ അതിന്റെ ബേസ്‌ ഭാഗത്തെ കറയുള്ള വെള്ളനിറവും ഇരുഭാഗവുമുള്ള മുള്ളുകളും ചെത്തിക്കളയാം. എന്നിട്ട്‌ നടുഭാഗം കുനുകുനാ അരിയാം. പെർഫെക്ഷന്റെ അസുഖം ഉള്ളോർക്ക്‌ ഒന്നൂടി ചീന്തി ഉള്ളിലെ ജെൽ മാത്രം തോണ്ടി എടുക്കുകയുമാവാം.

ഇത്‌ മിക്‌സീൽ ഇട്ടടിച്ച്‌ നീര്‌ അരിച്ചെടുക്കാം. കൂടെ വെളിച്ചെണ്ണ, ലാവന്റർ ഓയിൽ, കളർ വേണേൽ അത്‌ എന്നിവ നേരത്തേ പറഞ്ഞ അളവിൽ ചേർക്കുക. ഉരുകിയ സോപ്പ്‌ ബേസും ചേർക്കുക. ഒരു കാരണവശാലും സോപ്പ്‌ബേസിനേക്കാൾ അളവിൽ നമ്മുടെ കൂട്ട്‌ ഉണ്ടാവാൻ പാടില്ല. സോപ്പ്‌ സെറ്റാവൂല. ഒരു സ്‌റ്റീൽ സ്‌പൂൺ കൊണ്ട്‌ നല്ലോണം മിക്‌സ്‌ ചെയ്യുക.സോപ്പിന്റെ അച്ച്‌ വേണേൽ വാങ്ങാൻ കിട്ടും. ഞാൻ കൂട്ട്‌ ഒഴിച്ചിരിക്കുന്ന ഈ സിങ്കവും ടെഡിയും ഹിപ്പോയുമൊക്കെ അങ്ങനെ മക്കളെ പറ്റിക്കാൻ വാങ്ങിയതാ. അത്‌ കൂടാതെ ചൂട്‌ സഹിക്കുന്ന സോപ്പിന്റെ ആകൃതിയായി നമുക്ക്‌ കണക്ക്‌ കൂട്ടാവുന്ന എന്ത് സാധനവും മോൾഡ്‌ ആക്കാം. കുറച്ച്‌ വെളിച്ചെണ്ണ തടവുക, സോപ്പ്‌ കൂട്ട്‌ ഒഴിക്കുക, അതിനെ അവിടെ വെച്ച്‌ നമ്മളിങ്ങ്‌ പോരുക. രണ്ട്‌ മണിക്കൂർ കഴിയുമ്പോ നമുക്ക്‌ സുഖായി ഇളക്കിയെടുക്കാം. ഇളകി വരാത്തവരെ കത്തി വെച്ച്‌ ജസ്‌റ്റൊന്ന്‌ സൈഡിൽ തോണ്ടി കൊടുത്തേക്കുക, ചാടിയിങ്ങ്‌ പോരും. മൂന്നീസം കഴിഞ്ഞ്‌ മനസ്സമാധാനത്തോടെ മൂത്തോർക്കും മക്കൾക്കുമൊക്കെ ഉപയോഗിക്കാം, സൂപ്പറാ.

ഈ അലോവേരയുടെ സ്‌ഥാനത്ത്‌ തുളസി അരച്ച്‌ അരിച്ചത്‌/ ഓറഞ്ച്‌ നീരും ഓറഞ്ച്‌ തൊണ്ട്‌ ഗ്രേറ്റ്‌ ചെയ്‌തതും മിക്‌സ്‌ ചെയ്‌തത്‌/ തേനും ഓട്‌സും/കാപ്പിപ്പൊടി/ചെമ്പരത്തിപ്പൂ/മുൾട്ടാനി മിട്ടി/റോസാപ്പൂ അരച്ചത്‌/ഗ്രീൻ ടീ/പഴുത്ത പപ്പായ/പാൽ തുടങ്ങി അനന്തമായ സാധ്യതകളുണ്ട്‌. ഞാനിന്ന്‌ ഉണ്ടാക്കിയത്‌ ഓറഞ്ച്‌ സോപ്പും അലോവേര സോപ്പുമാണ്‌. ഇവയൊന്നും തന്നെ ‘സൗന്ദര്യവർധകം’ ആയി കണക്ക്‌ കൂട്ടിയില്ലെങ്കിൽ പോലും ഉപയോഗിക്കാൻ കടേന്ന്‌ വാങ്ങുന്ന സോപ്പിനേക്കാൾ ഗുണമേന്മ കാണും. വിലക്കുറവും കാണുമെന്ന്‌ നിസ്സംശയം പറയാം.

വലിയ അളവിൽ ഉണ്ടാക്കുമ്പോൾ കുറച്ചൂടെ സങ്കീർണമായ ഒരു രീതിയാണ്‌ ഉപയോഗിക്കുക. സോഡിയം ഹൈഡ്രോക്‌സൈഡും പിന്നേം ഏതാണ്ടുമൊക്കെയുള്ള ആയുധം വെച്ചുള്ള കളി ആയതോണ്ട്‌ അത്‌ നമുക്കിത്ര ഈസിയായി നടക്കില്ലെന്ന്‌ മാത്രമല്ല, കുറച്ച്‌ ശ്രദ്ധക്കൂടുതലും വേണ്ടതാണ്‌. ഈ രീതിയിലുള്ള സോപ്പ്‌ നിർമ്മാണത്തിൽ കെമിക്കൽ അലർജിക്കുള്ള സാധ്യത കൂടുതലാണ്‌. ആ രീതിയുടെ ട്യൂട്ടോറിയലുകൾ യഥേഷ്‌ടം യൂട്യൂബിലുണ്ട്‌. ചിലരൊക്കെ ചെയ്യുന്നത്‌ നേരിൽ കണ്ടിട്ടുമുണ്ട്‌. സ്വയം പരീക്ഷിച്ചിട്ടില്ല. വേണ്ടവർക്ക്‌ അതും ശ്രമിച്ച്‌ നോക്കാവുന്നതാണ്‌.അപ്പോ എല്ലാവരും സോപ്പുണ്ടാക്കൂ ആഘോഷിക്കൂ…

വാൽക്കഷ്‌ണം: കറ്റാർവാഴയും ചെടികളും തഴച്ച്‌ വളരാൻ ഇടക്കിടെ കമ്പോസ്‌റ്റ്‌ വളം ഇട്ട്‌ സ്‌നേഹിക്കാം, ചായ വേസ്‌റ്റ്‌, ഉള്ളിത്തൊലി, മുട്ടയുടെ തോട്‌ മിക്‌സീലിട്ട്‌ പൊടിച്ചത്‌ (പൊടിച്ചിട്ടില്ലേൽ അത്‌ സാലാ കൗവ്വാ കൊത്തിക്കൊണ്ട്‌ പോയി കൊച്ചിന്‌ മിച്ചറിന്‌ പകരം കൊടുക്കും) എന്നിവയുമാവാം. കറ്റാർവാഴ പോലുള്ള സക്യുലെന്റ്‌ ചെടികൾ സാധാരണ ചെടികളെപ്പോലെ എന്നും നനയ്‌ക്കരുത്‌. മൂന്ന്‌ ദിവസം കൂടുമ്പോൾ മതി. ചെടികളും ഹാപ്പി, നമ്മളും ഹാപ്പി.