ചന്ദനക്കുറിയും കാവിമുണ്ടും എന്ന് മുതലാണ് ഇത്രകണ്ട് വര്‍ഗീയവല്‍ക്കരിക്കപ്പെട്ടത്, സൗമ്യ സരിന്‍ ചോദിക്കുന്നു

മേപ്പടിയാന്‍ എന്ന സിനിമയ്ക്ക് എതിരെ നടക്കുന്ന പ്രചരണങ്ങള്‍ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. സൗമ്യ സരിന്‍. ചന്ദനക്കുറിയും കാവിമുണ്ടും എന്നുമുതലാണ് ഇത്രമേല്‍ വര്‍ഗീയമായതെന്ന് സൗമ്യ ചോദിക്കുന്നു. സിനിമയുടെ മൂല്യം അല്ല പലര്‍ക്കും നോട്ടം ഉണ്ണിമുകുന്ദന്റെ രാഷ്ട്രീയ അനുഭാവമാണെന്ന് സൗമ്യ ചൂണ്ടിക്കാട്ടുന്നു. അങ്ങനെയാണെങ്കില്‍ തന്നെ നിരോധിക്കപ്പെട്ട പാര്‍ട്ടി അല്ലല്ലോ അതെന്നും അവര്‍ ചോദിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം കാണാം: ഉണ്ണി മുകുന്ദന്‍ അയല്‍വാസിയാണ്. അദ്ദേഹത്തിന്റെ അച്ഛന്‍ മുകുന്ദേട്ടന്‍ ഞങ്ങളുടെ അടുത്ത സുഹൃത്തും. മേപ്പടിയാന്‍ കണ്ടില്ല. ഇന്ന് കാണാന്‍ ടിക്കറ്റ് എടുത്തിട്ടുണ്ട്. ചിത്രം നല്ല അഭിപ്രായം നേടി മൂന്നേറുന്നു. എന്നാല്‍ അതിന്റെ കൂടെ തന്നെ മുന്നേറുന്ന ചിത്രത്തിന് എതിരെയുള്ള സൈബര്‍ അക്രമണങ്ങളും കുറവല്ല. സിനിമയുടെ കലാമൂല്യമോ മികവോ ഒന്നുമല്ല ചിലര്‍ക്ക് പ്രശനം. ഉണ്ണിമുകുന്ദന്റെ ചില വിശ്വാസങ്ങളും അയാള്‍ക്ക് ചാര്‍ത്തികൊടുത്തിരിക്കുന്ന ചില രാഷ്ട്രീയ നിറവുമാണ്.

ഇനി ഇവര്‍ പറയുന്ന പോലെ അദ്ദേഹം ഒരു ബി. ജെ പി. അനുകൂലി ആണെന്ന് തന്നെ വെക്കുക. ആ പാര്‍ട്ടി ഇവിടെ ഉള്ള പ്രമുഖ പാര്‍ട്ടികളെ പോലെ തന്നെ ഒരു ദേശീയ പാര്‍ട്ടി ആണെന്നും ഇന്ന് വരെ നിരോധിക്കപ്പെട്ടിട്ടില്ലെന്നും ആണ് അറിവ്. ഈ രാജ്യത്തെ ഏതൊരു പൗരനും ആ പാര്‍ട്ടിയില്‍ വിശ്വസിക്കാനും പ്രവര്‍ത്തിക്കാനും ഉള്ള സ്വാതന്ത്ര്യമുണ്ട്. ഇതിലെ തമാശ ഉണ്ണിയുടെ അച്ഛന്‍ മുകുന്ദേട്ടന്‍ കറ കളഞ്ഞ ഒരു കോണ്‍ഗ്രസ് അനുഭാവി ആണ് എന്നുള്ളത് കൂടിയാണ്.

ഈ ചെളി വാരി എറിയുന്നവരും ഓരോ രാഷ്ട്രീയ പ്രസ്ഥാനത്തില്‍ വിശ്വസിക്കുന്നവരല്ലേ?? നാട്ടിലെ എല്ലാവരുടെയും അഭിപ്രായ സര്‍വേ നടത്തിയാണോ നിങ്ങള്‍ ആ തീരുമാനത്തില്‍ എത്തിയത്?! അല്ലല്ലോ? അപ്പൊ അതെ അവകാശം മറ്റുള്ളവര്‍ക്കും ഉണ്ടെന്ന് മനസിലാക്കുക. രാഷ്ട്രീയമായ എതിര്‍പ്പുകള്‍ നമുക്ക് പല വ്യക്തികളുടെ നിലപാടുകളോടും ഉണ്ടാകാം. പക്ഷെ അത് കാട്ടേണ്ടത് അവരുടെ അധ്വാനത്തിന് നേരെ കൊഞ്ഞനം കുത്തിയല്ല. മാന്യമായി പ്രകടിപ്പിക്കാനുള്ള അന്തസ്സെങ്കിലും കാണിക്കണം. പിന്നെ ചന്ദനക്കുറിയും കാവിമുണ്ടും എന്ന് മുതലാണ് ഇത്രകണ്ട് വര്‍ഗീയവല്‍ക്കരിക്കപ്പെട്ടതെന്നു അറിയില്ല.

അങ്ങിനെ എങ്കില്‍ ഇനി സിനിമകളില്‍ കുരിശും കൊന്തയും പര്‍ദ്ദയും തൊപ്പിയും ഒന്നും കാണിക്കാന്‍ പാടില്ലല്ലോ! എല്ലാം മതചിഹ്നങ്ങളും അവര്‍ക്കൊക്കെ പേരിന് ഓരോ രാഷ്ട്രീയ പാര്‍ട്ടികളും ഉണ്ടല്ലോ! അപ്പൊ സിനിമയെ സിനിമയായി കാണാന്‍ പഠിക്കുക. അത് ഒരുപാട് പേരുടെ വിയര്‍പ്പാണ്. അധ്വാനമാണ്. അതില്‍ ഇങ്ങനെ കുത്തിത്തിരുപ്പുണ്ടാക്കി മനുഷ്യന്മാരുടെ മനസ്സില്‍ വീണ്ടും വീണ്ടും മതവിഷം കുത്തിവെക്കരുത്. അപേക്ഷയാണ്! മേപ്പടിയാന് എല്ലാ വിധ ആശംസകളും!