കേരളത്തിൽ കുടിവെള്ള ‘കാമം’ മൂത്തു, സർക്കാർ ഉത്തരവിൽ ഗുരുതര പിഴവ്

തിരുവനന്തപുരം . ഗുരുതര അക്ഷരത്തെറ്റുമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവ്. കുടിവെള്ള ക്ഷാമം രൂക്ഷമായ സ്ഥലങ്ങളില്‍ ക്ഷാമം പരിഹരിക്കുന്നതിന് തനത് ഫണ്ടില്‍ നിന്ന് തുകവിനിയോഗിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കികൊണ്ട് മാര്‍ച്ച് 3ന് പുറപ്പെടുവിച്ച ഉത്തരവിലാണ് ഗുരുതര പിഴവ് ഉണ്ടായിരിക്കുന്നത്.

കുടിവെള്ള ‘ക്ഷാമ’ത്തിന്റെ സ്ഥാനത്ത്, കുടിവെള്ള ‘കാമം’ എന്നാണ് സാക്ഷരതയിൽ രാജ്യത്ത് മുന്നിൽ നിൽക്കുന്ന കേരളത്തിലെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവിൽ കൊടുത്തിരിക്കുന്നത്. ‘കുടിവെള്ള ‘കാമം’ രൂക്ഷമായിരിക്കുന്ന’ എന്നാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. ‘ക്ഷാമം’ എന്നതിന് പകരം ‘കാമം’ എന്ന് തെറ്റായി പ്രിന്‍റ് ചെയ്തത്. ഉത്തരവിന്‍റെ പകര്‍പ്പ് വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആദ്യം ഇറക്കിയ ഉത്തരവ് തിരുത്തി വീണ്ടും പുതിയ ഉത്തരവിറക്കിയിരിക്കുകയാണ് തദ്ദേശ സ്വയംഭരണ വകുപ്പ്.

2017 മെയ് ഒന്ന് മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിൽ ഭരണഭാഷ പൂര്‍ണമായും മലയാളം ആക്കി കൊണ്ട് ഭരണപരിഷ്കാര വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതിന് പിറകെയാണ് സംസ്ഥാനത്തെ എല്ലാ പ്രധാന സര്‍ക്കാര്‍ ഉത്തരവുകളും മലയാളത്തിൽ ഉത്തരവ് പുറപ്പെടുവിക്കുന്നത്.