ഡ്രൈവിങ് സ്കൂൾ സമരം പിൻവലിച്ചു, ടെസ്റ്റ് പരിഷ്കരണത്തിൽ അയഞ്ഞ് മന്ത്രിയും മോട്ടോർ വാഹന വകുപ്പും

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി നടപ്പാക്കിയ ഡ്രൈവിങ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂള്‍ സമര സമിതി നടത്തിവന്നിരുന്ന സമരം ഒത്തുതീർപ്പായി. ഡ്രൈവിങ് പരിഷ്കരണത്തില്‍ വിട്ടുവീഴ്ചക്ക് ഗതാഗത വകുപ്പ് മന്ത്രിയും മോട്ടോര്‍ വാഹന വകുപ്പും തയ്യാറായതോടെയാണ് സമരം പിൻവലിച്ചത്.

ഇന്ന് വൈകിട്ട് നടന്ന ചര്‍ച്ചയില്‍ ആണ് സമരം പിന്‍വലിക്കാൻ ഡ്രൈവിങ് സ്കൂള്‍ യൂണിയൻ സമരസമിതി തീരുമാനിച്ചത്. സിഐടിയു ഉൾപ്പെടെ ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകൾ ചർച്ചയിൽ പങ്കെടുത്തു. ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറുമായും ഗതാഗത വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയിലാണ് പ്രശ്ന പരിഹാരമായത്.

സമരം നടത്തിവന്നിരുന്ന മുഴുവൻ യൂണിയനുകളും സമരം പിന്‍വലിച്ചു. ചര്‍ച്ചക്കുശേഷം പുതിയ തീരുമാനങ്ങളും മന്ത്രി കെബി ഗണേഷ് കുമാര്‍ വിശദീകരിച്ചു. ടെസ്റ്റ് വാഹനങ്ങളുടെ പഴക്കം 15 വര്‍ഷത്തില്‍ നിന്ന് 18 വര്‍ഷമാക്കി ഉയര്‍ത്താൻ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു

15 ദിവസമായി ഡ്രൈവിങ് സ്കൂൾ സംഘടനകൾ സമരത്തിലായിരുന്നു. പരിഷ്കാരത്തിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാടെടുത്തിരുന്ന മന്ത്രി സമരം ശക്തമായതോടെയാണ് സംഘടനകളെ ചർച്ചയ്ക്ക് വിളിച്ചത്. സമരത്തെത്തുടർന്ന് ഡ്രൈവിങ് ലൈസൻസിനായുള്ള ലേണേഴ്സ് ടെസ്റ്റും ഗ്രൗണ്ട് ടെസ്റ്റും ദിവസങ്ങളായി മുടങ്ങിയ സ്ഥിതിയാണ്.