മൂന്ന് വയസുകാരനെ മടിയിൽ ഇരുത്തി ഡ്രൈവിംഗ്, യുവാവിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

കോഴിക്കോട് : മൂന്ന് വയസുകാരനെ മടിയിൽ ഇരുത്തി ഡ്രൈവിംഗ് ചെയ്ത മലപ്പുറം സ്വദേശിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. പുറക്കാട്ടിരിയിൽ കഴിഞ്ഞ മാസം പത്താം തിയതിയായിരുന്നു സംഭവം. കുട്ടി ഡ്രൈവർ സീറ്റിൽ ഇരിക്കുന്നതും സ്റ്റിയറിങ്ങിൽ പിടിച്ചിരിക്കുന്നതും എഐ ക്യാമറയിൽ പതിക്കുകയായിരുന്നു.

ഇതോടെ മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയായിരുന്നു. മൂന്ന് മാസത്തേക്കാണ് ആർടിഒയുടെ നടപടി. മലപ്പുറത്ത് നിന്ന് കുടുംബവുമൊത്ത് കുറ്റ്യാടിയിലേക്ക് പോകും വഴി കുഞ്ഞ് കരഞ്ഞപ്പോൾ കുഞ്ഞിനെ മടിയിലിരുത്തിയെന്നാണ് മുസ്തഫ നൽകുന്ന വിശദീകരണം.

എന്നാൽ ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന തരത്തിൽ കുഞ്ഞിനെ നിർത്തി വണ്ടിയോടിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതിലൂടെ മറ്റ് റോഡ് ഉപയോക്താക്കൾക്ക് കൂടി അപകടം സൃഷ്ടിക്കുമെന്ന് അധകൃതർ പറയുന്നു.