പൊലീസിന് നേരേ പടക്കമെറിഞ്ഞു ലഹരിമരുന്ന് സംഘത്തിന്റെ ആക്രമണം: രണ്ടു പേരെ പിടികൂടി

പൊലീസിന് നേരേ ആക്രമണം നടത്തിയ ലഹരിമരുന്ന് സംഘത്തിലെ രണ്ടു പേരെ പിടികൂടി. കഞ്ചാവും എംഡിഎംഎയും ആയുധങ്ങളു൦ ഇവരുടെ കയ്യിൽ നിന്നും പിടികൂടിയിട്ടുണ്ട്. ലോഡ്ജിൽ പരിശോധനയ്‌ക്കെത്തിയ പൊലീസിന് നേരേയാണ് ലഹരിമരുന്ന് സംഘ൦ ആക്രമണം നടത്തിയത്. പൊലീസിന് നേരേ ലഹരിമരുന്ന് സംഘം പടക്കമെറിഞ്ഞു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടി ഉൾപ്പെടെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുറിയിലുണ്ടായിരുന്ന മറ്റുരണ്ടുപേർ ബഹളത്തിനിടെ ഓടിരക്ഷപ്പെട്ടു.

കിള്ളിപ്പാലത്തെ കിള്ളി ടവേഴ്‌സ് ലോഡ്ജിൽ ഉച്ചയ്ക്ക് 12.15-ഓടെയായിരുന്നു സംഭവം നടന്നത്. ലോഡ്ജിലെ 104-ാം നമ്പർ മുറിയിൽ ലഹരിമരുന്ന് ഇടപാട് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പൊലീസും സിറ്റി നാർകോട്ടിക്‌സ് സെല്ലും ഇവിടെ പരിശോധനയ്‌ക്കെത്തിയത്. എന്നാൽ പൊലീസിനെ കണ്ടതോടെ മുറിയിലുണ്ടായിരുന്ന യുവാക്കൾ പൊലീസുകാർക്ക് നേരേ പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.

അതേസമയം, ഇവരിൽ നിന്നും അഞ്ച് കിലോ കഞ്ചാവും രണ്ട് ഗ്രാം എംഡിഎംഎയും രണ്ട് പെല്ലറ്റ് ഗണ്ണുകളും ഒരു ലൈറ്റർ ഗണ്ണും പിടിച്ചെടുത്തിട്ടുണ്ട്. അഞ്ച് മൊബൈൽഫോണുകളും രണ്ട് വെട്ടുകത്തികളും പിടിച്ചെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു.