മദ്യലഹരിയിൽ നടുറോഡിൽ അഴിഞ്ഞാടി യുവതികൾ ; വാഹനത്തിന് മുന്നിൽ എടുത്ത് ചാടി, കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് ചാടിയ യുവതിക്ക് പരിക്ക്

ചെന്നൈ : മദ്യലഹരിയിൽ യുവതികൾ നടുറോഡി കാട്ടിക്കൂട്ടിയ അഴിഞ്ഞാട്ടം കണ്ട് അമ്പരന്ന് നാട്ടുകാർ. കൂട്ടത്തിലൊരാൾ കെട്ടിടത്തിൽ നിന്നും താഴേക്ക് എടുത്തുചാടി. ഗുരുതരമായി പരിക്കേറ്റ ഇവർ ആശുപത്രിയിലാണ്. ചെന്നൈയിലാണ് സംഭവം. നടുറോഡിൽ യുവതികൾ പ്രശ്‌നമുണ്ടാക്കുന്നത് കണ്ട നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. യുവതികൾക്കെതിരെ പൊതു സ്ഥലത്ത് മദ്യപിച്ച് ബഹളം വെച്ചതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും കേസെടുത്തിരുന്നു.

ഇതിനിടെയിലാണ് കൂട്ടത്തിലെ സെനാലി എന്ന യുവതി വീണ്ടും മദ്യപിച്ച ശേഷം നാലാം നിലയിൽ നിന്ന് ചാടുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. മദ്യലഹരിയിൽ റോഡിൽ വാഹനങ്ങൾ തടഞ്ഞ യുവതികളെ വളരെ ശ്രമകരമായാണ് പോലീസ് കീഴ്‌പ്പെടുത്തിയത്. തുടർച്ചയായ ഫോൺകോളുകളെ തുടർന്നാണ് പോലീസ് സംഘം ചെന്നൈ ബാലാജി റോഡിലെത്തുന്നത്.

കാഴ്ച്ച കണ്ട പോലീസുകാരും ആദ്യം ഞെട്ടി. ആറ് യുവതികൾ പരസ്പരം തല്ലുകൂടുന്നതാണ് വനിതാ എസ്‌ഐയും സംഘവും കണ്ടത്. അന്വേഷണത്തിനൊടുവിൽ യുവതികൾ കണ്ണകി നഗർ സ്വദേശികളാണെന്ന് കണ്ടെത്തി. കറ്ററിംഗ് ജോലി ചെയ്യുന്നവരാണ് ഇവർ. ജോലിക്ക് ശേഷം ബാറിൽ കയറി മദ്യപിച്ച യുവതികളുടെ സംഘം റോഡിലിറങ്ങി തല്ലുകൂടുകയായിരുന്നു.

ശമ്പളം പങ്കുവെയ്‌ക്കുന്നതുമായി ബന്ധപ്പെട്ട തർക്കമായി. പിന്നീട് കയ്യാങ്കളിയിൽ കലാശിച്ചത്. സംഭവത്തിന് പിന്നാലെ നാട്ടുകാർ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും അസഭ്യവർഷമായിരുന്നു യുവതികളുടെ ഭാഗത്ത് നിന്നുണ്ടായത്. ഇതോടെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസിനെ കണ്ടതോടെ കൂട്ടത്തിലുണ്ടായിരുന്ന മൂന്ന് യുവതികൾ സ്ഥലം വിട്ടു. എന്നാൽ മറ്റ് മൂന്ന് പേർ പരിസരം മറന്ന് തല്ല് തുടർന്നു.

ശേഷം റോഡിലേക്കിറങ്ങിയ ഒരാൾ ബസിന് മുന്നിലേക്ക് എടുത്തുചാടി മറ്റൊരാൾ ഹോൺ മുഴക്കി വന്ന ലോറിയുടെ മുന്നിൽ തൂങ്ങിയാടി. വനിതാ പോലീസ് ഉദ്യോഗസ്ഥർ എത്ര ശ്രമിച്ചിട്ടും കീഴ്‌പ്പെടുത്താൻ കഴിയാതെ വന്നതോടെ പുരുഷ പോലീസ് ഇടപെട്ടു. എന്നാൽ ഇതിനെ യുവതികൾ എതിർത്തതോടെ വനിതാ പോലീസ് തന്നെ മൂവരെയും പിടിച്ചു മാറ്റി. ഇതിനിടെ ഒരാൾ കെട്ടിടത്തിൽ കയറുകയും നാലാം നിലയിൽ നിന്ന് താഴേയ്ക്ക് ചാടുകയുമായിരുന്നു.