മദ്യലഹരിയിൽ മാതാപിതാക്കൾ കുഞ്ഞിനെ മറന്നു, രാത്രിയിൽ നടുറോഡിൽ അലറിക്കരഞ്ഞ് കുഞ്ഞ്, രക്ഷകരായി പോലീസുകാർ

കോടഞ്ചേരി : മദ്യപിച്ച് ലക്കുകെട്ട ദമ്പതിമാര്‍ കലഹത്തിനിടയില്‍ കുട്ടിയെ നടുറോഡിൽ മറന്നു. തെയ്യപ്പാറ സ്വദേശികളായ യുവാവും യുവതിയും മദ്യപിച്ചനിലയില്‍ വൈകുന്നേരംമുതല്‍ കുട്ടിയോടൊപ്പം കോടഞ്ചേരി അങ്ങാടിയിലുണ്ടായിരുന്നു. കടത്തിണ്ണയിലിരുത്തിയ കുട്ടിയെ കൂടെക്കൂട്ടാതെ പരസ്പരം കലഹിച്ചിരുന്ന ഇരുവരും രാത്രി വൈകി മടങ്ങിപ്പോയി.

എന്നാലിവർ കുട്ടിയെ എടുക്കാൻ മറന്നു. കുട്ടി രാത്രിയിൽ നടുറോഡിലൂടെ അലഞ്ഞുതിരിയുന്നത് കണ്ട കടയടച്ച് പോവുകയായിരുന്ന ഒരു യുവാവ് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് കുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് വിധേയമാക്കി. തുടര്‍ന്ന് സുരക്ഷിതമായി വീട്ടിലെത്തിച്ചു.

തെരുവുനായ്ക്കൂട്ടത്തിനുമുന്നില്‍ കുട്ടി അകപ്പെടാതിരുന്നതില്‍ ആശ്വാസംകൊള്ളുകയാണ് നാട്ടുകാര്‍. കുട്ടിയെ യുവാവ് കാണുകയും വിവരം പോലീസിനെ അറിയിക്കുകയും ചെയ്തതിനാലാണ് വൻ ദുരന്തം ഒഴിവായത്. യുവതിയെ പെട്രോളൊഴിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ യുവാവിനെതിരേ ഏതാനും മാസംമുമ്പ് കേസുള്ളതാണെന്ന് കോടഞ്ചേരി പോലീസ് പറഞ്ഞു. എന്നാൽ ഇവർക്കൊപ്പം കുഞ്ഞ് എത്രത്തോളം സുരക്ഷിതയാണെന്ന് അധികൃതർ ചിന്തിക്കേണ്ടതാണ്.