യുഎഇ വൈസ്പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ ട്വീറ്റ് ചര്‍ച്ചയാകുന്നു

ദുബായ്: യുഎഇ വൈസ്പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ ട്വീറ്റ് ചര്‍ച്ചയാകുന്നു. മനുഷ്യജീവിതം ദുഷ്‌കരമാക്കുന്ന ചില അധികാരികളുണ്ട്. ജനത്തെ പടിക്കല്‍ നിര്‍ത്തുന്നതിലാണ് അവരുടെ ആനന്ദം. ഇത്തരക്കാരുണ്ടെങ്കില്‍ ഭരണകൂടങ്ങളും സര്‍ക്കാരുകളും വിജയിക്കില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കേരളത്തിനുള്ള ദുരിതാശ്വാസ സഹായവാഗ്ദാനം മോഡി സര്‍ക്കാര്‍ നിരസിച്ച സാഹചര്യത്തിലാണ് യുഎഇ ഭരണാധികാരിയുടെ ട്വീറ്റ് എത്തിയിരിക്കുന്നത്.

രണ്ട് തരത്തിലാണ് അധികാരികളുള്ളത്. ആദ്യത്തെ വിഭാഗത്തില്‍ പെട്ടവര്‍ നന്മയുടെ താക്കോലാണ്. ജനങ്ങളെ സേവിക്കാനാണ് ഇവര്‍ ഇഷ്ടപ്പെടുന്നത്. മനുഷ്യജീവിതം സുഗമമാക്കുന്നതിലാണ് ഇവര്‍ക്ക് സന്തോഷം. നല്‍കുന്നതിനാണ് അവര്‍ മൂല്യം കണ്ടെത്തുന്നത്. അവര്‍ നല്‍കികൊണ്ടേയിരിക്കുന്നു. അവരുടെ യഥാര്‍ത്ഥ നേട്ടം എന്നത് ജീവിതം മെച്ചപ്പെട്ടതാക്കി മാറ്റുക എന്നതാണ്. അവര്‍ വാതിലുകള്‍ തുറക്കുന്നു. പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നു. അവര്‍ എല്ലായ്പ്പോഴും ആളുകള്‍ക്ക് ഉപകാരം ലഭിക്കാന്‍ ശ്രമിക്കും.

രണ്ടാമത്തെ വിഭാഗത്തില്‍ പെട്ടവര്‍. ഒരുപാട് വിലകുറച്ച് കാണും. മനുഷ്യജവിതം കൂടുതല്‍ ദുഷ്‌കരമാക്കുന്ന നടപടികള്‍ക്ക് ഇവര്‍ ആഹ്വാനം നല്‍കും. ജനം അവരുടെ വാതില്‍പടിയിലും മേശയുടെ മുന്നിലും നില്‍ക്കുന്നതിലാണ് അവര്‍ ആനന്ദം കണ്ടെത്തുന്നത്. ആദ്യത്തെ തരക്കാരുടെ എണ്ണം വര്‍ദ്ധിപ്പിച്ചാല്‍ മാത്രമേ ഭരണകൂടങ്ങളും സര്‍ക്കാരുകളും വിജയിക്കുകയുള്ളൂ.

ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം ട്വീറ്റ് ചെയ്തു.