ഡിമാന്‍ഡ് ചെയ്താല്‍ നായികയെ ഒഴിവാക്കും, നടന്മാരുടെ കാര്യം അങ്ങനെയല്ല, ദുര്‍ഗ കൃഷ്ണ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ദുര്‍ഗ കൃഷ്ണ. വളരെ പെട്ടെന്നായിരുന്നു നടി പ്രേക്ഷക മനസുകളില്‍ ഇടം നേടിയത്. നൃത്തത്തിന്റെ വഴിയില്‍ നിന്നും സിനിമയില്‍ ദുര്‍ഗ എത്തിയിട്ട് അധികം നാളുകള്‍ ആയില്ല. പൃഥ്വിരാജിന്റെ നായികയായി വിമാനം എന്ന ചിത്രത്തിലൂടെയായിരുന്നു ദുര്‍ഗ സിനിമ ലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഇപ്പോള്‍ തന്റെ സിനിമ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നടിയുടെ തുറന്ന് പറച്ചില്‍.

സിനിമ തിരഞ്ഞെടുക്കുന്നതില്‍ തനിക്ക് പാളിച്ച പറ്റിയിട്ടുണ്ടെന്ന് നടി പറയുന്നു. ഞാന്‍ ഒരുപാട് സിനിമകളൊന്നും ചെയ്തിട്ടില്ല. സിനിമ തിരഞ്ഞെടുക്കുന്നതില്‍ എനിക്ക് പാളിച്ച സംഭവിച്ചിട്ടുണ്ട്. ചില സിനിമകള്‍ ചെയ്ത ശേഷമാണ് അതിന്റെ പോരായ്മ മനസിലാക്കാന്‍ കഴിയുക. തെറ്റുകളില്‍ നിന്നാണ് നമ്മള്‍ പാഠങ്ങള്‍ പഠിക്കുന്നത്. കമ്മിറ്റ് ചെയ്തശേഷം വേണ്ടിയിരുന്നില്ലെന്ന് തോന്നിയ സിനിമകളുമുണ്ട്. ദുര്‍ഗ തന്നെ ആ കഥാപാത്രം ചെയ്യണമെന്ന് പറയുന്ന രീതിയിലേക്ക് ഞാനെത്തിയിട്ടില്ല. നല്ല അവസരങ്ങളാണ് ഒരു നടനെയും നടിയെയും നിലനിറുത്തുന്നത്. നല്ലതെന്ന് തോന്നുന്ന സിനിമയുടെ ഭാഗമാവാനേ കഴിയൂ. ദൈവാനുഗ്രഹം കൊണ്ട് ആദ്യ സിനിമയില്‍ തന്നെ ശക്തമായ കഥാപാത്രത്തെ കിട്ടി. ‘വിമാനം’ എന്നെ സംബന്ധിച്ച് ഒരു പെര്‍ഫോമന്‍സ് മൂവിയായിരുന്നു. -ദുര്‍ഗ പറഞ്ഞു.

സിനിമയില്‍ പുതിയ നായികമാര്‍ക്കാണ് ഇപ്പോള്‍ പരിഗണന. പണ്ടത്തെപ്പോലെ നായികമാര്‍ ഒരുപാടു വര്‍ഷം നില്‍ക്കാത്തതിന്റെ ഒരു കാരണം അതാവാം. പുതിയ നായിക വന്ന് സ്വന്തമായൊരിടം സൃഷ്ടിച്ച് എന്തെങ്കിലുമൊക്കെ ഡിമാന്‍ഡ് ചെയ്യാറാകുമ്പോഴേക്കും അടുത്ത നായിക എത്തും.  ഡിമാന്‍ഡ് ചെയ്താല്‍ ആ നായിക വേണ്ട പുതിയ ആളെ നോക്കാമെന്ന് തീരുമാനിക്കുകയാണ് പതിവ്. അങ്ങനെ ചെയ്യുന്നത് ചില പ്രോജക്ടുകളില്‍ കണ്ടിട്ടുണ്ട്. നടന്മാരുടെ കാര്യം അങ്ങനെയല്ല. ഒരു നായകന്‍ അല്ലെങ്കില്‍ മറ്റൊരു നായകന്‍ നിര്‍ബന്ധമാണ്. എന്നാല്‍ നായികയുടെ കാര്യത്തില്‍ അത്തരം നിര്‍ബന്ധമില്ല. ഒരുപാട് നായികമാര്‍ വന്നുകൊണ്ടിരിക്കുന്നതിനാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നമ്മുടെ സ്ഥാനം നഷ്ടപ്പെടും.- ദുര്‍ഗ വ്യക്തമാക്കി.