ഡി വൈ എഫ് ഐ നേതാവ് ജിനേഷ് ജയന്റെ ലഹരി ഇടപാടുകൾ അന്വേഷിക്കുന്നില്ല

തിരുവനന്തപുരം. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഡി വൈ എഫ് ഐ നേതാവ് ജിനേഷ് ജയന് ലഹരി ഇടപാടുകൾ ഉണ്ടായിരുന്നതായി പൊലീസ്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് തന്നെയാണ് പറയുന്നത്.

ഞെട്ടിക്കുന്ന വിവരങ്ങളാണ് ജിനേഷിൽ നിന്ന് ചോദ്യം ചെയ്യലില്‍ പുറത്ത് വന്നത്. പ്ലസ് വൺ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായ ഡിവൈഎഫ്ഐ തിരുവനന്തപും വിളവൂര്‍ക്കൽ മേഖലാ പ്രസിഡന്‍റായിരുന്ന ജിനേഷ് ജയന്‍ യുവതികളെ വലയിലാക്കിയത് സമൂഹമാധ്യമങ്ങളിലൂടെയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

വിവാഹിതരായ യുവതികളുൾപ്പെടെയുള്ളവരെ സാമൂഹികമാധ്യമങ്ങൾ വഴിയാണ് ജിനേഷ് ആകർഷിക്കുന്നതെന്ന് പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം ജിനേഷിന്‍റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ മുപ്പതോളം സ്ത്രീകൾക്കൊപ്പമുള്ള ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതേ പറ്റി കൂടുതൽ അന്വേഷണം നടത്തുമ്പോൾ പലതും പരസ്പര സമ്മതപ്രകാരമുള്ള ബന്ധമായതിനാൽ ആരും പരാതി നൽകാൻ തയ്യാറല്ല.

താനുമായി ലൈംഗീക ബന്ധത്തിലേർപ്പെടുന്ന യുവതികളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും രഹസ്യമായി പകർത്തി ഐഫോണിൽ സൂക്ഷിക്കുകയാണ് ജിനേഷിന്റെ ശൈലി. പൊലീസ് പിടിച്ചെടുത്ത ഫോൺ ഫോറൻസിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. പലരെയും ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചുമാണ് ഇയാള്‍ ചൂഷണത്തിന് വിധേയമാക്കിയിരുന്നത്. ഡി വൈ എഫ് ഐ നേതാവ് എന്ന പദവി ഉപയോഗിച്ചായിരുന്നു ലൈംഗീക ചൂഷണം അത്രയും നടന്നിരുന്നത്. ഇടത് പക്ഷ ചായ്‌വ് ഉള്ള പരിചയത്തിലായ മിക്കവരുടെയും ശാരീരിക സുഖം ജിനേഷ് ആസ്വദിച്ചു.

താൻ കഞ്ചാവ് അടക്കം ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി ജിനേഷ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. നിലവില്‍ ലഹരി ഇടപാട് അന്വേഷണത്തിന്‍റെ പരിധിയിലില്ല. ലഹരി ഇടപാടുകളിലെ ഏജന്‍റായി ജിനേഷ് പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്ന കാര്യം പിന്നീട് പരിശോധിക്കാനാണ് പൊലീസിന്‍റെ തീരുമാനം എന്നാണു വിവരം. ലഹരി ഇടപാടുകാരൻ ആണെന്നറിഞ്ഞിട്ടും ഡി വൈ എഫ് ഐ നേതാവിന്റെ ലഹരി മാഫിയ ബന്ധം അന്വേഷിക്കാൻ പോലീസ് തയ്യാറാവുന്നില്ല.

സാന്പത്തിക ശാസ്ത്രത്തിലും ഹിന്ദിയിലും ബിരുദാനന്തര ബിരുദവുമുള്ള ജിനേഷ് പൊലീസ് കോൺസ്റ്റബിൾ പിഎസ്‍സി റാങ്ക് ലിസ്റ്റിലും ഉൾപ്പെട്ടിരുന്നു. വധശ്രമക്കേസിൽ പ്രതിയായതിനാലാണ് ജിനേഷിന് പൊലീസില്‍ നിയമനം ലഭിക്കാതിരുന്നത്. യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികളായ എസ്എഫ്ഐ നേതാക്കൾ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിലാണ് ജിനേഷും കടന്നു കൂടിയിരുന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീ‍ഡിപ്പിച്ച കേസിൽ ജിനേഷ് ഉൾപ്പെടെ എട്ട് പ്രതികൾ റിമാൻ‍ഡിലാണ്. ഇവരെ ആവശ്യമെങ്കിൽ മാത്രം കസ്റ്റഡിയിലെടുക്കാനാണ് പൊലീസ് തീരുമാനം. ജിനേഷിനെതിരെ ആരോപണം ഉയര്‍ന്നിട്ടും പാര്‍ട്ടി സംരക്ഷിച്ചുവെന്ന വിമര്‍ശനം ഡിവൈഎഫ്ഐ തള്ളുന്നുണ്ട്. സംഘടനാ കാര്യങ്ങളിൽ സജീവമല്ലാത്തതിനാൽ സെപ്റ്റംബറിൽ തന്നെ ജിനേഷിനെ മേഖലാ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നുവെന്നാണ് ഡിവൈഎഫ്ഐ നൽകിയിരിക്കുന്ന അനൗദ്യോഗിക വിശദീകരണം.

ഇതിനിടെ ജിനേഷിനെതിരെ ആരോപണവുമായി കൂടുതല്‍ സ്ത്രീകള്‍ രംഗത്തെത്തി. ഇയാളുടെ അയല്‍വാസിയായ സ്ത്രീയും ആരോപണമുന്നയിച്ചു. ആറുവര്‍ഷം മുമ്പ് തന്‍റെ ഫോണ്‍ നമ്പര്‍ അശ്ലീല ഗ്രൂപ്പില്‍ ജിനേഷ് പങ്കുവെച്ചെന്ന് യുവതി ആരോപിച്ചു. അന്ന് വീട്ടുകാരടക്കം വന്ന് മാപ്പുപറഞ്ഞതോടെയാണ് കേസ് കൊടുക്കാതിരുന്നതെന്നും യുവതി പറയുകയുണ്ടായി.