ഞങ്ങളുടെ ജീവിതം സിനിമയാക്കണമെന്നാഗ്രഹം; പ്രഖ്യാപനവുമായി ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍

വീഡിയോ വ്‌ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്മാരെ കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ടെമ്പോ ട്രാവലറില്‍ നിയമവിരുദ്ധമായി രൂപമാറ്റങ്ങള്‍ വരുത്തിയതിന് സഹോദരന്മാരായ ലിബിന്റെയും എബിന്റെയും ‘നെപ്പോളിയന്‍’ എന്ന വാഹനം മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കുകയും പിഴയിടുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍. തങ്ങളുടെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹമുണ്ടെന്ന് വിവാദ ബ്ലോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ഇരുവരുടെയും പ്രഖ്യാപനം.

ഞങ്ങളുടെ ജീവിതം സിനിമയാക്കാന്‍ ഒരു ആഗ്രഹമുണ്ട്. താല്‍പ്പര്യമുള്ളവര്‍ തങ്ങളെ ബന്ധപ്പെടാനുമാണ് ഇവര്‍ പറയുന്നത്. [email protected] എന്ന മെയില്‍ ഐഡിയില്‍ ബന്ധപ്പെടാനാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ആര്‍.ടി.ഒ ഓഫീസില്‍ ഇവര്‍ ബഹളമുണ്ടാക്കുകയും തുടര്‍ന്ന് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസ് ഇരുവര്‍ക്കുമെതിരെ കേസ് എടുക്കുകയുമായിരുന്നു. നിലവില്‍ ഇരുവര്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്

വാഹനം കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ തങ്ങളുടെ ഫാന്‍സിനോട് അണിനിരക്കാന്‍ ആവശ്യപ്പെടുകയും കേരളം കത്തിക്കണം എന്ന തരത്തിലുള്ള പദപ്രയോഗങ്ങളടങ്ങിയ ആഹ്വാനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.