ഇഡിയുടെ അധികാരം വിശാലമാക്കി, വമ്പൻ രാഷ്ട്രീയ സ്രാവുകളുടെ ഉൾപ്പടെ തട്ടിപ്പുകൾ തേടി ഇഡി എത്തും

ന്യൂ ഡൽഹി.എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി യുടെ) അധികാരം വിശാലമാക്കി കേന്ദ്ര സർക്കാർ. പിഎംഎല്‍എയിലെ ഷെഡ്യൂള്‍ ചെയ്ത കുറ്റകൃത്യത്തിന് കീഴിലുള്ള കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമായി (ഇഡി) പങ്കിടാന്‍ മിലിട്ടറി ഇന്റലിജന്‍സ്, വിദേശകാര്യ മന്ത്രാലയം, നാഷണല്‍ ഇന്റലിജന്‍സ് ഗ്രിഡ്, സംസ്ഥാന പോലീസ് വകുപ്പുകള്‍ എന്നിവയുള്‍പ്പെടെ 15 വകുപ്പുകളോടുകൂടി നിര്‍ദ്ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍.

ഇഡിക്ക് വിവരങ്ങള്‍ പങ്കിടണമെന്നവരുടെ പട്ടികയില്‍ 15 വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയതോടെ, സാമ്പത്തിക തട്ടിപ്പ് ഉള്‍പ്പെട്ട വിവരങ്ങളുടെ ആഴക്കടലിലേക്ക് ഏജന്‍സിക്ക് വാതിൽ തുറക്കപ്പെടുകയാണ്. വമ്പൻ സ്രാവുകളായ രാഷ്ട്രീയക്കാരുടെ ഉൾപ്പടെ സാമ്പത്തിക തട്ടിപ്പുകളിലേക്ക് ഇഡി ഇനി കടന്നു കയറും.

ഇതോടെ, വിവരം ലഭിച്ചതിന് ശേഷം, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പിഎംഎല്‍എ) പ്രകാരം കേസെടുക്കാന്‍ ഇഡിക്ക് അധികാരമുണ്ടാകും. പിന്നീട്, അവരുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഏജന്‍സിക്ക് നടപടിയെടുക്കാവുന്നതുമാണ്. ധനമന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനമ നുസരിച്ച്, ദേശീയ അന്വേഷണ ഏജന്‍സി, സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്, സംസ്ഥാന പോലീസ് വകുപ്പുകള്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്, വിദേശകാര്യ മന്ത്രാലയം, കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ, പ്രത്യേക അന്വേഷണ സംഘം, നാഷണല്‍ ഇന്റലിജന്‍സ് ഗ്രിഡ്, സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍, ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി, നാഷണല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍, വൈല്‍ഡ് ലൈഫ് കണ്‍ട്രോള്‍ എന്നിവയുടെ അന്വേഷണം ഇഡിയുടെ അധികാര പരിധിയില്‍ പെടുകയാണെങ്കില്‍ അവരുമായി വിവരങ്ങള്‍ പങ്കിടാന്‍ ഏജന്‍സികള്‍ ബാധ്യസ്ഥരാണെന്നാണ് പറഞ്ഞിട്ടുള്ളത്.

ഇതുകൂടാതെ, സെന്‍ട്രല്‍ സിവില്‍ സര്‍വീസസ് (ക്ലാസിഫിക്കേഷന്‍, കണ്‍ട്രോള്‍, അപ്പീല്‍) ചട്ടങ്ങള്‍ അല്ലെങ്കില്‍ പബ്ലിക് സെര്‍വന്റ്‌സ് (എന്‍ക്വയറി) നിയമത്തിലെ വ്യവസ്ഥകള്‍ എന്നിവയ്ക്ക് കീഴിലുള്ള അന്വേഷണ അതോറിറ്റിയും കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ സമ്മതത്തോടെ നിയമിച്ച മറ്റേതെങ്കിലും പ്രാഥമിക അന്വേഷണ അതോറിറ്റിയും കേന്ദ്രത്തിന്റെ മുന്‍കൂര്‍ അനുമതിയോടെ ഡിസിപ്ലിനറി അതോറിറ്റിയും ഇഡിയുമായി വിവരങ്ങള്‍ പങ്കുവെക്കണം എന്നാണ് പറഞ്ഞിട്ടുള്ളത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന രാജ്യത്തെ പ്രധാനപ്പെട്ട ഏജന്‍സിയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വ്യവസായ സ്ഥാപനങ്ങള്‍, ഉന്നത രാഷ്ട്രീയക്കാര്‍, വ്യവസായ പ്രമുഖര്‍ എന്നിവരുള്‍പ്പെടെ സാമ്പത്തിക ആരോപണം നേരിടുന്നവരെക്കുറിച്ച് അന്വേഷിക്കുന്നത് ഇഡിക്ക് ഇതോടെ എളുപ്പമായി.

‘ഇത് ഞങ്ങള്‍ക്ക് വിവരങ്ങള്‍ ശേഖരിക്കുന്ന പ്രക്രിയയെ എളുപ്പമുള്ളതാക്കും. മുമ്പ്, ചില വകുപ്പുകളില്‍ നിന്നും ഏജന്‍സികളില്‍ നിന്നും കേസുകളുടെ വിശദാംശങ്ങള്‍ ലഭിക്കുന്നതിന് ചില ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍, ഞങ്ങളുടെ അധികാരപരിധിയിലുള്ള ഒരു കേസാണെങ്കില്‍ കേസ് വിശദാംശങ്ങള്‍ നേടാനും അന്വേഷണം ആരംഭിക്കാനും എളുപ്പമാകും.”- ഇ.ഡിയിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

2006-ല്‍ പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച്, ഡയറക്ടര്‍ (ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ്, ഇന്ത്യ, ധനമന്ത്രാലയത്തിന് കീഴില്‍, റവന്യൂ വകുപ്പ്), കാബിനറ്റ് സെക്രട്ടേറിയറ്റ് (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്), ആഭ്യന്തര മന്ത്രാലയം അല്ലെങ്കില്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റ് അല്ലെങ്കില്‍ ഇന്റലിജന്‍സ് ബ്യൂറോ, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം, സംസ്ഥാന സര്‍ക്കാരുകളുടെ ചീഫ് സെക്രട്ടറിമാര്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, കമ്പനി കാര്യ വകുപ്പ്, സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ, ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവര്‍ ഇഡിയുമായി വിവരങ്ങള്‍ പങ്കിടാന്‍ ബാധ്യസ്ഥരായിരുന്നു. ആ അധികാരമാണ് ഇ ഡി ക്ക് ഇപ്പോൾ വിശാലമാക്കി സർക്കാർ നാല്;കിയിരിക്കുന്നത്.

അടുത്ത കാലത്തായി ഇഡിയുടെ നല്ല പ്രവര്‍ത്തനത്തെ കേന്ദ്രസര്‍ക്കാര്‍ അഭിനന്ദിച്ച് രംഗത്തെത്തിയത് ശ്രദ്ധേയമായിരുന്നു. സാമ്പത്തിക തട്ടിപ്പ് ആരോപിക്കപ്പെട്ടവരുടെ ഒരു ലക്ഷം കോടിയിലധികം വരുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഏജന്‍സിക്ക് കഴിഞ്ഞിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കുന്നതില്‍ ഉള്‍പ്പെട്ടിരുന്ന ചില രാഷ്ട്രീയക്കാരെ ഇഡി അന്വേഷിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പുതിയ ഉത്തരവോടു കൂടുതൽ രാഷ്ട്രീയ കൊമ്പന്മാർക്ക് ഇഡിയുടെ പൂട്ട് വീഴും.