അരയ്ക്കുതാഴെ തളർന്ന അമ്മയുടെ മുലപ്പാലെടുത്ത് കുഞ്ഞിന് നൽകും, മരുന്നു മേടിക്കുന്നതും ഭക്ഷണം നൽകുന്നതുമെല്ലാം എട്ടുവയസ്സുകാരി

ഏവരുടെയും കരളലിയിക്കുന്ന കാഴ്ചയാണ് കോട്ടയം മെഡിക്കൽ കോളേജിലെ ​ഗൈനക്കോളജിയിൽക്കഴിയുന്ന അമ്മയെ പരിചരിക്കുന്ന എട്ടുവയസ്സുകാരി മകളുടേത്. അമ്മയെ മാത്രമല്ല കുഞ്ഞനിയനെയും പരിചരിക്കുന്നത് അപർണ എന്ന കൊച്ചുമിടുക്കിയാണ്. അമ്മ അരയ്ക്കുതാഴെ തളർന്ന് കിടപ്പാണ്. വെണ്ണിക്കുളം തടിയൂർ പുല്ലോലിക്കൽ ബിനുഭവനിൽ ഷൈജന്റെ ഭാര്യ അർച്ചനയാണ് ചികിത്സയിൽ കഴിയുന്നത്.

പ്രസവശേഷം രണ്ടുമാസത്തിലധികമായി ചികിത്സയിലായിരുന്നു, അരയ്ക്കുതാഴെ തളർച്ചയും എല്ലാമായപ്പോൾ അർച്ചനയ്ക്ക് എഴുന്നേൽക്കാൻപോലും സാധിക്കാതായി. സ്ത്രീകളുടെ വാർഡായതിനാൽ ഭർത്താവ് ഷൈജന് പ്രവേശനമില്ല. അതോടെയാണ് പരിചരണം മുഴുവൻ എട്ടുവയസ്സുകാരിയുടെ തലയിലായത്. വാടകയ്ക്ക് താമസിച്ചിരുന്ന ഇവരെ സഹായിക്കാൻ ബന്ധുക്കളും തയ്യാറായില്ല. അമ്മയ്ക്കും അനുജനും വേണ്ടി കഷ്ടപ്പെടുന്ന ആ കൊച്ചുപെൺകുട്ടി ആശുപത്രിയിലുള്ള ജീവനക്കാരുടെയും പതിവായി അവിടെയെത്തുവരുടെയും മനസ്സ് നിറച്ചു.

പ്രത്യേക പരിചരണവിഭാഗത്തിലുള്ള അമ്മയുടെയടുത്തുനിന്ന് അമ്മിഞ്ഞപ്പാൽ പാത്രത്തിലെടുത്ത് നഴ്‌സറിയിലെ അനുജനടുത്തേക്ക് എത്തിക്കുന്നത് അപർണയാണ്. മരുന്നുമേടിക്കലും, പരിശോധനാഫലങ്ങളും കാന്റീനിൽനിന്ന് ഭക്ഷണം വാങ്ങിയെത്തിക്കലും എല്ലാം ആ കൊച്ചുപെൺകുട്ടി തന്നെ. ഈസമയം ഒന്നുകിൽ അനിയനെ ഉറക്കിക്കിടത്തിയിട്ട് പോകും; അല്ലെങ്കിൽ ഒപ്പം കൂട്ടും. അപർണയുടെ ബുദ്ധിമുട്ടുകൾ അറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥ രാജശ്രീ, ജിവനക്കാരൻ ഷാഹുൽ ഹമീദ്, തുടങ്ങി സഹായവുമായി വലിയ സംഘം തുണയായി.