സസ്പെൻഷൻ വെറുംവാക്ക്: കോൺഗ്രസ് പരിപാടിയിൽ എൽദോസ്

കൊച്ചി.പീഡനക്കേസില്‍ പ്രതിയായതോടെ ആറു മാസത്തേക്ക് കെപിസിസി സസ്‌പെന്‍ഡ് ചെയ്ത പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ പാര്‍ട്ടി പരിപാടിയില്‍ വീണ്ടും. പെരുമ്പാവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന, കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ തെരുവു വിചാരണ യാത്രയിലാണ് എല്‍ദോസ് കുന്നപ്പിള്ളിയെയും ഉള്‍പ്പെടുത്തിയത്.

മേഖലയില്‍ വ്യാപകമായി പതിച്ചിരിക്കുന്ന പരിപാടിയുടെ പോസ്റ്ററുകളില്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ ചിത്രവുമുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കുറുപ്പംപടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി. വര്‍ഗീസ് നയിക്കുന്ന തെരുവു വിചാരണ യാത്ര നവംബര്‍ 30, ഡിസംബര്‍ ഒന്ന് തീയതികളിലാണ് നടക്കുന്നത്. പീഡനക്കേസില്‍ ഉള്‍പ്പെട്ട എംഎല്‍എയെ പാര്‍ട്ടി പദവികളില്‍നിന്നും പ്രവര്‍ത്തനങ്ങളില്‍നിന്നും ആറു മാസത്തേക്കാണ് വിലക്കിയത്.

സസ്‌പെന്‍ഷന്‍ കാലയളവ് നിരീക്ഷണ കാലയളവായിക്കൂടി പരിഗണിക്കുമെന്ന് സസ്‌പെന്‍ഷന്‍ തീരുമാനം പുറത്തുവിട്ടപ്പോള്‍ കെപിസിസി വ്യക്തമാക്കിയിരുന്നു.അതേസമയം, പാര്‍ട്ടിയുടെ പ്രാദേശിക പരിപാടികളില്‍ സ്ഥലം എംഎല്‍എമാരേക്കൂടി ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തെരുവു വിചാരണ യാത്രയില്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ ചിത്രം ഉള്‍പ്പെടുത്തിയതെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം വ്യക്തമാക്കി.