കല്ലാറില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി; അരികില്‍ നിന്ന് മാറാതെ കുട്ടിയാന

വിതുരയ്ക്ക് സമീപം കല്ലാറില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയ കാട്ടാനയുടെ അരികില്‍ നിന്നു മാറാതെ നൊമ്പരക്കാഴ്ചയായി കുട്ടിയാന. അമ്മയാന മരിച്ചതറിയാതെയാണ് കുട്ടിയാന അമ്മയുടെ അടുത്തുതന്നെ നിലയുറപ്പിച്ചിരിക്കുന്നത്. കാട്ടാറിന് അടുത്ത് 26 -ാം മൈലില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തോട് ചേര്‍ന്നാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

പത്ത് വയസോളം പ്രായമുള്ള പിടിയാനയാണ് ചരിഞ്ഞത്. ആനയുടെ മരണകാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. പോസ്റ്റുമോര്‍ട്ടം നടത്തിയാല്‍ മാത്രമെ ആന ചിരിഞ്ഞതെങ്ങനെയെന്ന് വ്യക്തമാകൂ. വനംവകുപ്പ് പാലോട് റേഞ്ച് ഓഫീസര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ആനയെ ആരും വേട്ടയാടിയതായി കണ്ടെത്തിയിട്ടില്ലെന്നും എന്തെങ്കിലും അസുഖം മൂലം ചരിഞ്ഞതാണോയെന്ന് സംശയിക്കുന്നുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

തള്ളയാനയെ തൊട്ടു തലോടിയുമെല്ലാം മണിക്കൂറുകളോളമായി ഒപ്പം നില്‍ക്കുകയാണ് കുട്ടിയാന. കുട്ടിയാനയെ സ്ഥലത്ത് നിന്നും മാറ്റിയാല്‍ മാത്രമെ വനംവകുപ്പിന് പോസ്റ്റുമോര്‍ട്ടം നടപടികളിലേക്ക് കടക്കാന്‍ കഴിയൂ.