മരണത്തിനും ജീവിതത്തിനുമിടയില്‍ ആനപ്പുറത്ത് കഴിഞ്ഞത് നാലേകാല്‍ മണിക്കൂര്‍; സഞ്ജു

ആന പ്രേമികള്‍ ഇന്ന് നിരവധിയാണ്.. എന്നാല്‍ ആനകളിലൂടെ അപകടങ്ങള്‍ ഉണ്ടാകുന്വതും നിരവധിയാണ്. ആന വിരളുന്ന സമയത്ത് ആനപ്പുറത്തിരിക്കുന്ന പാപ്പാന്റെ അവസ്ഥയെക്കുറിച്ച് നാം ചിന്തിക്കാറില്ല. കഴിഞ്ഞ ദിവസം ഹരിപ്പാട് സുബ്രമണ്യ സ്വാമി ക്ഷേത്രത്തില്‍ ആന ഇടഞ്ഞതും ഒന്നാം പാപ്പാന്‍ മരിച്ചതും വാര്‍ത്തയായിരുന്നു. രണ്ടാം പാപ്പാനാ 24 കാരന്‍ സഞ്ജു ആനപ്പുത്തു കുടുങ്ങിയത് അഞ്ചു മണിക്കൂറാണ്. സംഭവത്തെക്കുറിച്ച് സഞ്ജു വിവരിക്കുന്നു.

മണ്ണുവാരിയെറിഞ്ഞും ശരീരം കുലുക്കിയും കുടഞ്ഞെറിയാന്‍ ആന നോക്കിയതാ. എന്തും വരട്ടെയെന്ന് കരുതി പിടിച്ചിരുന്നു. ഇടയ്ക്ക് വൈദ്യുതിത്തൂണ്‍ വലിച്ചിട്ടപ്പോള്‍ എല്ലാം കഴിഞ്ഞെന്ന് തോന്നി. പിന്നീട് മയക്കുവെടി വെക്കുമ്ബോള്‍ ശ്വാസം നിന്നുപോയി. ഉന്നംതെറ്റിയാല്‍ എല്ലാം കഴിഞ്ഞേനേ… പള്ളിപ്പാട്ട് എഴുന്നള്ളത്തിനുശേഷം രാത്രി പത്തേകാലോടെയാണ് ഹരിപ്പാട് ക്ഷേത്രത്തിന് സമീപമെത്തിയത്. ഈ സമയം പിന്നാലെ ബൈക്കില്‍ വന്നവര്‍ കാതടപ്പിക്കുന്ന ശബ്ദത്തില്‍ ഹോണ്‍ മുഴക്കി. ആനയ്ക്കൊപ്പം നടന്നിരുന്ന കലേഷ് പെട്ടെന്ന് തിരിഞ്ഞുനോക്കി. ഇതുശ്രദ്ധിച്ച ആനയും വെട്ടിത്തിരിഞ്ഞു. പക്ഷേ, ഇതിനിടെ തുമ്ബിക്കൈ തട്ടി കലേഷ് വീണുപോയി. അടുത്ത നിമിഷം ആന മുഖം അമര്‍ത്തി കലേഷിനെ ഞെരുക്കിയിട്ട് റോഡരികിലേക്ക് തള്ളിയിട്ടു. ആനപ്പുറത്തായിരുന്ന സഞ്ജുവിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

പരിക്കേറ്റ കലേഷ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മരിച്ചത്. പിന്നീട് മണിക്കൂറുകളോളം ക്ഷേത്രനടയിലെ റോഡില്‍ അങ്ങോട്ടുമിങ്ങോട്ടും ആന നടക്കുകയായിരുന്നു. ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ ആന കൊല്ലുമെന്ന് ഉറപ്പായിരുന്നു. ഉയരമുള്ള കെട്ടിടത്തിന്റെ മുകളിലേക്ക് ചാടാന്‍ നോക്കിയാല്‍ തുമ്ബിക്കൈകൊണ്ട് വലിച്ചിടും. മയക്കുവെടി വെച്ച് തളയ്ക്കുന്നതുവരെ കാത്തിരിക്കാനായിരുന്നു തീരുമാനം. ആന വൈദ്യുതിത്തൂണ്‍ തള്ളിമറിച്ചപ്പോള്‍ തൊട്ടടുത്താണ് വീണത്. ഇതോടെ വഴിവിളക്കുകള്‍ കെട്ടു. കൈയില്‍ കരുതിയിരുന്ന ടോര്‍ച്ചാണ് തുണച്ചത്.

ക്ഷേത്രക്കുളത്തിന് സമീപത്ത് പതിവായി തളയ്ക്കാറുള്ള പുരയിടത്തിലേക്ക് ഇരുട്ടത്താണ് ആന കയറിയത്. ടോര്‍ച്ച് തെളിച്ചാണ് മരങ്ങളില്‍ തട്ടിവീഴാതെ രക്ഷപ്പെട്ടത്. ഇതിനിടെ മാവും തെങ്ങും കുത്തിമറിച്ചു. ഒരു വീടിന്റെ മേല്‍ക്കൂരയ്ക്ക് കേടുവരുത്തി. അപ്പോഴെല്ലാം ആനപ്പുറത്ത് അള്ളിപ്പിടിച്ചിരിക്കുകയായിരുന്നു. രണ്ടുമണിയോടെയാണ് മയക്കുവെടി വെക്കുന്നത്. പിന്നെയും അരമണിക്കൂര്‍ കഴിഞ്ഞാണ് ആനയെ തളച്ചത്. അങ്ങനെ നാലേകാല്‍ മണിക്കൂറിനുശേഷം താഴെയിറങ്ങുമ്ബോഴും രക്ഷപ്പെട്ടെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. മയക്കുവെടിവെച്ച് തളച്ച ആനയ്ക്ക് വെള്ളം കൊടുത്തുകൊണ്ടാണ് സഞ്ജു പറഞ്ഞത്.

കരുനാഗപ്പള്ളിയിലെ ഒരു ആനയുടെ പാപ്പാന്മാരായിരുന്ന കലേഷും സഞ്ജുവും മൂന്നുമാസം മുന്‍പാണ് മലപ്പുറം സ്വദേശി പരിപാടികള്‍ക്കായി ഹരിപ്പാട്ട് കൊണ്ടുവന്നിട്ടുള്ള അപ്പു എന്ന ആനയെ പരിചരിച്ചുതുടങ്ങിയത്. ഇതിനോടകം നാല് ക്ഷേത്രങ്ങളില്‍ എഴുന്നള്ളിച്ചു. ഒരിടത്തും പ്രശ്നമുണ്ടാക്കിയിട്ടില്ല. ഉത്സവ സമയമായതിനാല്‍ ആനകള്‍ക്ക് വന്‍ ഡിമാന്റാണ്. ആനകളില്ലാതെ ഉത്സവങ്ങള്‍ സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. അതേസമയം ചൂട് വര്‍ധിക്കുന്നത് ആനകളേയും ബാധിക്കുന്നുണ്ട്. ആനയുടെ പരിപാലനം വളരെയേറെ ശ്രദ്ധിക്കണമെന്ന് ആന പരിപാലകരും പറയുന്നുണ്ട്. കൂടാതെ ആനയെ പ്രകോപിക്കുന്ന അവസ്ഥ ഒഴിവാക്കേണ്ടതുമാണ്.