പണത്തിന് വേണ്ടി മകളെ കാഴ്ച്ചവെച്ചു, ഭ്രൂണാവശിഷ്ടം കുഴിച്ചിട്ടത് വീടിന് പിറകിലെ പറമ്പിൽ

കേരള മനസാക്ഷിയെ ഞെട്ടിച്ച പീഡനമായിരുന്നു നീലേശ്വരത്തെ പീഡനം. പിതാവുൾപ്പെടെ കൂട്ടുനിന്ന പീഡനത്തിന് അമ്മയുടെ പങ്കും പോലിസ് പരിശോധിക്കുന്നുണ്ട്. നീലേശ്വരം തൈക്കടപ്പുറത്ത് 16കാരിയെ പീഡനത്തിനിരയാക്കിയ കേസിൽ കൂടുതൽ തെളിവുകൾ ലഭിച്ചു. 16കാരി കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപതിയിൽ ഗർഭഛിദ്രത്തിന് വിധേയമായ ശേഷമുള്ള ഭ്രൂണാവശിഷ്​ടം കണ്ടെത്തി. പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവ് വീടിന് പിറകിലെ പറമ്പിൽ കുഴിച്ചിട്ട നിലയിലായിരുന്നു ഭ്രൂണം.

ഭ്രൂണാവശിഷ്​​ടം അന്വേഷണ സംഘം പറമ്പിൽ നിന്ന്​ കണ്ടെടുത്തു. പരിയാരം കണ്ണൂർ മെഡിക്കൽ കോളജിലെ ഫോറൻസിക് സർജൻ ശാന്ത് എസ്.നായർ, ഹോസ്ദുർഗ് തഹസിൽദാർ ബി. രത്നാകരൻ, അന്വേഷണ ഉദ്യോഗസ്​ഥൻ പൊലീസ് ഇൻസ്പെക്ടർ പി.ആർ. സന്തോഷ്, സബ് ഇൻസ്പെക്ടർ കെ.പി. സതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഭ്രൂണാവശിഷ്​ടം കുഴിച്ചെടുത്ത് പരിശോധന നടത്തിയത്.ഡി.എൻ.എ പരിശോധന നടത്തുന്നതിനായി തിരുവനന്തപുരം ഫോറൻസിക് ലാബിൽ പരിശോധനക്ക് അയക്കും. കേസിൽ പ്രധാന പ്രതിയായ പിതാവിനെ ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (രണ്ട്) കോടതി അന്വേഷണ സംഘത്തിന് കസ്​റ്റഡിയിൽ വിട്ടുകൊടുത്തതി​​െൻറ അടിസ്ഥാനത്തിൽ വ്യാഴാഴ്ച ഉച്ചയോടെ ചോദ്യം ചെയ്തപ്പോഴാണ്‌ ഭ്രൂണം കുഴിച്ചിട്ട കാര്യം വെളിപ്പെടുത്തിയത്.

പ്രതിഫലം നൽകിയല്ല പെൺകുട്ടിയെ പലർക്കും കൈമാറിയതെന്നായിരുന്നു അന്വേഷണ സംഘം തുടക്കത്തിൽ പറഞ്ഞിരുന്നത്. എന്നാൽ, കേസിൽ പടന്നക്കാട്ടെ ജിം ഉടമയും കാഞ്ഞങ്ങാട് സൗത്ത് സ്വദേശിയുമായ ഷെരീഫ്, പടന്നക്കാട്ടെ ടയർ കട ഉടമ തൈക്കടപ്പുറത്തെ അഹമ്മദ് എന്നിവർ അറസ്​റ്റിലായതോടെയാണ് പണത്തിന് വേണ്ടിയാണ് പെൺകുട്ടിയെ കൈമാറിയതെന്ന് നാട്ടുകാർ ആരോപണം ഉന്നയിച്ചത്​. കേസിൽ ഏഴ് പ്രതികളാണുള്ളത്. പിതാവ് ഉൾപ്പെടെ ആറുപേരെ ഇതിനകം അറസ്​റ്റ്​ ചെയ്തിട്ടുണ്ട്. പടന്നക്കാട് സ്വദേശിയായ ക്വിൻറൽ മുഹമ്മദിനെയാണ് ഇനി പിടികിട്ടാനുള്ളത്. ഇയാൾ കർണാടകത്തിൽ ഒളിവിൽ കഴിയുന്നതായി അന്വേഷണസംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്.