ശ്രീലങ്കയിൽ അടിയന്തിരാവസ്ഥ, പ്രക്ഷോഭകരെ നേരിടാൻ സൈന്യവും പോലീസും.

 

കൊളംബൊ/ ഫാസിസ്റ്റുകള്‍ രാജ്യം പിടിച്ചെടുക്കാന്‍ നോക്കുകയാണെന്ന് ശ്രീലങ്കന്‍ ആക്ടിങ് പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ. പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പ്രക്ഷോഭകാരികള്‍ ഇരച്ചെത്തിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭ ത്തിന് എതിരെ പ്രതികരണവുമായി വിക്രമസിംഗെ രംഗത്തുവന്നത്. രാജ്യം വിട്ട പ്രസിഡന്റ് ഗോതബയ രാജപക്സെ രാജിവയ്ക്കാത്തിനെ തുടർന്ന് ശ്രീലങ്കയിൽ വീണ്ടും കലാപം ശക്തമാവുകയായിരുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ് ജനങ്ങൾ കൈയേറിയ പിറകെ, ജനകീയ പ്രക്ഷോഭം നേരിടുന്നതിന് ആക്ടിംഗ് പ്രസിഡന്റായി സ്വയം അവരോധിച്ച റനിൽ വിക്രമെസിം ഗെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. ജനങ്ങളെ നേരിടുന്നതിന് സൈന്യത്തിനും പൊലീസിനും പൂർണ അധികാരം റനിൽ വിക്രമെസിംഗെ നൽകി. രാജ്യത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കാൻ വേണ്ട നടപടിയെടുക്കാൻ വിക്രമസിംഗെ ഉത്തരവിട്ടു. പലയിടത്തും പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസും സുരക്ഷാ സേനയും നിറയൊഴിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

സമാധാനം പുനസ്ഥാപിക്കാന്‍ എന്താണോ വേണ്ടത് അത് ചെയ്യാന്‍ സൈന്യത്തോടും പൊലീസിനോടും ഉത്തരവിട്ടതായി ശ്രീലങ്കന്‍ ദേശീയ ചാനലിലൂടെ നടത്തിയ അഭിസംബോധനയില്‍ വിക്രമസിംഗെ പറയുകയുണ്ടായി. ശ്രീലങ്കന്‍ സര്‍ക്കാര്‍ ചാനലായ ജതിക രൂപവാണിയിലേക്ക് പ്രക്ഷോഭകര്‍ ഇടിച്ചു കയറിയതോടെ ചാനല്‍ സംപ്രേഷണം നിര്‍ത്തി. തുടര്‍ന്ന് സൈന്യം എത്തി ചാനലിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഇതിന് ശേഷമാണ് രൂപവാണിയിലൂടെ വിക്രമസിംഗെ രാജ്യത്തെ അഭിസംബോധന ചെയ്തത് സംസാരിക്കുന്നത്.

‘ജനാധിപത്യത്തിന് എതിരായ ഈ ഫാസിസ്റ്റ് ഭീഷണി നമ്മള്‍ അവസാനിപ്പിക്കണം. രാജ്യത്തിന്റെ പൊതു സ്വത്തുകള്‍ നശിപ്പിക്കുന്നത് അനുവദിക്കരുത്. രാഷ്ട്രപതി യുടെ ഓഫീസ്, രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റ്, പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി എന്നിവ ശരിയായ രീതിയില്‍ അധികൃതര്‍ക്ക് തിരികെ നല്‍കണം.’-വിക്രമസിംഗെ പറഞ്ഞു.

‘ആക്ടിംഗ് പ്രസിഡന്റ് എന്ന നിലയില്‍ എന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് എന്നെ തടയാന്‍ എന്റെ ഓഫീസിലെത്തിയവര്‍ ആഗ്രഹിക്കുന്നു. ഭരണഘടന നശിപ്പിക്കാന്‍ അവരെ അനുവദിക്കില്ല. രാജ്യം പിടിച്ചെടുക്കാന്‍ ഫാസിസ്റ്റുകളെ അനുവദിക്കില്ല. ഈ തീവ്രവാദികളെ ചില മുഖ്യധാര നേതാക്കളും പിന്തുണയ്ക്കു ന്നുണ്ട്. അതുകൊണ്ടാണ് രാജ്യവ്യാപക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്’- വിക്രമസിം ഗെ ജതിക രൂപവാണിയിലൂടെ പറഞ്ഞു.

പ്രക്ഷോഭകരെ നേരിടാന്‍ സൈന്യത്തിന് പൂര്‍ണ അധികാരം നല്‍കിയതായും റെനില്‍ വിക്രമസിംഗെ വ്യക്തമാക്കി. കര,നാവിക,വ്യോമസേന തലവന്‍മാരെയും പൊലീസ് മേധാവിയേയും ചേര്‍ത്ത് സമാധാനം പുനസ്ഥാപിക്കാനായി പുതിയ സമിതി രൂപീകരിച്ചു. ക്രമസാമാധാന പാലനത്തിന് വേണ്ടിയുള്ള തീരുമാനങ്ങള്‍ ഈ സമിതിക്ക് സ്വീകരിക്കാം. ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയക്കാരുടെ ഇടപെടലുണ്ടാകില്ല. കൊളംബോയിലേക്ക് വരുന്ന ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തി.