എസ്എഫ്‌ഐഒ ആവശ്യപ്പെട്ട എല്ലാ രേഖകളും എക്‌സാലോജിക് ഹാജരാക്കണം, വീണയുടെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ബെംഗളൂരു. സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട് എഫ്എഫ്‌ഐഒ നടത്തുന്ന അന്വേഷണത്തില്‍ ഇടക്കാല സ്‌റ്റേ ആവശ്യപ്പെട്ടുള്ള ഹര്‍ജി കര്‍ണാടക ഹൈക്കോടതി വിധി പറയാന്‍ മാറ്റി. വിധി പറയും വരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ കോടതി തടഞ്ഞു. ഹര്‍ജിയില്‍ വിധി പറയുന്നത് വരെ എക്‌സാലോജിക്കിനെതിരെ കടുത്ത നടപടികള്‍ പാടില്ലെന്ന് കോടതി എസ്എഫ്‌ഐഒയ്ക്ക് നിര്‍ദേശം നല്‍കി.

അതേസമയം അന്വേഷണം റദ്ദാക്കണമെന്ന വീണയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. അറസ്റ്റ് വിലക്കിയെങ്കിലും അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എക്‌സാലോജിക് എസ്എഫ്‌ഐഒ ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നോട്ടീസിന് വീണ മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

അതേസമയം കോടതി ഹര്‍ജിയില്‍ വിശദമായ വാദം കേട്ട ശേഷമാണ് വിധി പറയാന്‍ മാറ്റിയത്. സിഎംആര്‍എലും എര്‌സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ഘധിച്ച അന്വേഷണത്തിന്റെ ഭാഗമായി വിവിധ രേഖകള്‍ ആവശ്യപ്പെട്ട് വീണയ്ക്ക് എസ്എഫ്‌ഐഒ സമന്‍സ് നല്‍കിയിരുന്നു.