നിയമസഭാ സമ്മേളനം ബഹളത്തെ തുടർന്ന് നേരത്തെ പിരിഞ്ഞാൽ നഷ്ടം ഖജനാവിന്; ഒരു ദിവസത്തെ ചെലവ് ലക്ഷങ്ങൾ

തിരുവനന്തപുരം. നിയമസഭാ സമ്മേളനം ബഹളത്തെ തുടര്‍ന്ന് നേരത്തെ പിരിയുമ്പോള്‍ നഷ്ടം സംസ്ഥാന ഖജനാവിനാണ്. ഒരു ദിവസം തന്നെ ലക്ഷങ്ങളാണ് സഭ സമ്മേളിക്കുവാന്‍ സര്‍ക്കാര്‍ ചെലവാക്കുന്നത്. 2023-24 സാമ്പത്തിക വര്‍ഷം സഭാസമ്മേളനങ്ങള്‍ക്കായി 132 കോടിരൂപയാണ് സര്‍ക്കാര്‍ നീക്കി വെച്ചിരിക്കുന്നത്. ഇതില്‍ നിയമസഭയിലെ വെള്ളം വൈദ്യുതി അലവന്‍സ് എന്നിവ ഉള്‍പ്പെടും.

എംഎല്‍എമാര്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ എത്തി പഞ്ച് ചെയ്താല്‍ 1,000 രൂപ അലവന്‍സ് ലഭിക്കും. സമ്മേളനം നടക്കാത്തപ്പോള്‍ സഭാ കമ്മറ്റികളില്‍ പങ്കെടുക്കുന്നതിനും ഈ തുക ലഭിക്കും. സഭയിലെ ഉദ്യോഗസ്ഥര്‍ മൂന്ന് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്താല്‍ ഓവര്‍ടൈം അലവന്‍സായും ഇവര്‍ക്ക് പ്രതിഫലം ലഭിക്കുന്നു. രാജ്യത്ത് കൂടുതല്‍ സമ്മേളനങ്ങള്‍ നടത്തുന്ന നിയമസഭയാണ് കേരളത്തിലേത്. 232 ദിവസമാണ് 14-ാം നിയമസഭ സമ്മേളിച്ചത്.

1991ന് ശേഷം കേരളത്തില്‍ ഭരിച്ച വിവിധ സര്‍ക്കാരുകളുടെ കാലത്ത് 230 ദിവസം ശരാശരി സഭ ചേര്‍ന്നിട്ടുണ്ട്. ഈ ആഴ്ച അഞ്ച് ദിവസമാണ് സഭ ചേര്‍ന്നത്. ഈ അഞ്ച് ദിവസങ്ങളിലും ഖജനാവിന് നഷ്ടം കോടികളാണ്. കാരണം അഞ്ച് ദിവസവും സഭാ സമ്മേളനം മുഴുന്‍ ദിവസവും നടന്നിട്ടില്ല. തിങ്കളാഴ്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷംഇറങ്ങിപ്പോയി.

ചൊവ്വാഴ്ചയും വിത്യസ്തമായിരുന്നില്ല പ്രതിപക്ഷത്തിന്റെ നീക്കം. ബുധനാഴ്ച പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ നേരത്തെ പിരിഞ്ഞു. വ്യാഴാഴ്ച ചോദ്യത്തര വേളയില്‍ തന്നെ സഭാ നടപടികള്‍ അവസാനിപ്പിച്ചു. വെള്ളിയാഴ്ച സഭ ചേര്‍ന്നത് 9 മിനിറ്റ് മാത്രമാണ്. വരും ദിവസങ്ങളില്‍ ധന വിനിയോഗ ബില്ലും പൊതുജനാരോഗ്യ ബില്ലും പാസാക്കണം. മൂന്നു വകുപ്പുകളുടെ ധനാഭ്യര്‍ഥനയും ബാക്കിയുണ്ട്.

ഈ ബിസിനസുകള്‍ നടത്തിയെടുക്കാനാണ് സര്‍ക്കാര്‍ പ്രതിപക്ഷ സഹകരണം തേടുന്നത്. തുടര്‍ച്ചയായി സഭാ സ്തംഭനം വന്നതോടെയാണ് മുഖ്യമന്ത്രി പാര്‍ലമെന്ററികാര്യ മന്ത്രിയെ പ്രതിപക്ഷനേതാവുമായി ചര്‍ച്ചയ്ക്ക് വിട്ടത്. ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ സഭാനടപടികളോട് സഹകരിക്കാമെന്നാണ് പ്രതിപക്ഷ നിലപാട്.