ദുബായ്: മൂന്നാം നിലയില്‍ നിന്നും താഴേക്ക് ചാടിയ ഗര്‍ഭിണി പൂച്ചയെ രക്ഷിച്ച നാല് പേരെ ആദരിച്ച് ദുബായ് ഭരണാധികാരി. രണ്ട് മലയാളികളും ഈ സംഘത്തിലുണ്ടായിരുന്നു. പൂച്ചയെ രക്ഷിച്ചവര്‍ക്ക് പത്ത് ലക്ഷം രൂപ വീതം ദുബായ് ഭരണാധികാരി സമ്മാനമായും നല്കി. യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് സംഘത്തെ ആദരിച്ചത്.
ആള് താമസമില്ലാത്ത കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ കുടുങ്ങിയ ഗര്‍ഭിണിയായ പൂച്ചയെ ഇവര്‍ താഴേക്ക് ചാടിച്ച് രക്ഷിക്കുകയായിരുന്നു. ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയുടെ ബസ് ഡ്രൈവറായ കോതമംഗലം സ്വദേശി നസീര്‍ മുഹമ്മദ്, പൂച്ചയെ രക്ഷിക്കുന്നത് വിഡിയോയില്‍ പകര്‍ത്തിയ കോഴിക്കോട് വടകര സ്വദേശിയും ഗ്രോസറി കട ഉടമയുമായ അബ്ദുല്‍ റാഷിദ് (റാഷിദ് ബിന്‍ മുഹമ്മദ്), മൊറോക്കോ സ്വദേശി അഷറഫ്, പാക്കിസ്ഥാന് സ്വദേശി ആതിഫ് മഹമ്മൂദ് എന്നിവരെയാണ് ദുബായ് ഭരണാധികാരി ആദരിച്ചത്.
ഭരണാധികാരിയുടെ ഓഫീസില്‍ നിന്നും എത്തിയ ഉദ്യോഗസ്ഥര്‍ നേരിട്ട് തുക ഇവര്‍ക്ക് നല്കി. സമ്മാനം നേടാനായത് ഭാഗ്യമാണെന്നും അഭിമാനവും സന്തോഷവുമുണ്ടെന്നും നസീറും റാഷിദും പറയുന്നു.ബാല്‍ക്കണിയുടെ അരികില്‍ കുടുങ്ങിയ പൂച്ചയെ നസീര്‍, അഷ്റഫ്, ആതിഫ് എന്നിവര്‍ ചേര്‍ന്ന് വിരിച്ചുപിടിച്ച പുതപ്പിലേക്കു ചാടിച്ചാണു രക്ഷിച്ചത്. വിഡിയോ വൈറലായതോടെ ഷെയ്ഖ് മുഹമ്മദ് അഭിനന്ദന ട്വീറ്റ് ഇട്ടിരുന്നു. ദുബായ് പൊലീസ് എത്തിയാണു പൂച്ചയെ കൊണ്ടുപോയത്.