പ്രധാനമന്ത്രിയുടെ ഇടപെടൽ, ഖത്തർ കോടതി വധശിക്ഷയ്‌ക്ക് വിധിച്ച എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി∙ ഒക്ടോബറിൽ ഖത്തർ വധശിക്ഷയ്ക്കു വിധിച്ച എട്ട് നാവികസേന മുൻഉദ്യോഗസ്ഥരുമായി കഴിഞ്ഞ ഞായറാഴ്ച ഖത്തറിലെ ഇന്ത്യൻ അംബാസിഡർ കൂടിക്കാഴ്ച നടത്തിയതായി വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബഗ്ചി അറിയിച്ചു. ഡിസംബർ ഒന്നിന് ദുബായിൽ നടന്ന കോപ്-28 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് നാവികരെ കാണാനായി കോൺസുലർ ഇന്ത്യൻ അംബാഡഡർക്ക് പ്രവേശനം അനുവദിച്ചത്. തുടർന്ന് ഡിസംബർ മൂന്നിന് ഇന്ത്യൻ അംബാസിഡർക്ക് ജയിലിലെത്തി എട്ടുപേരെയും കാണാൻ കോൺസുലർ അനുമതി നൽകിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

വധശിക്ഷയ്ക്കെതിരായ ഇന്ത്യയുടെ ഹർജികളിൽ ഇതുവരെ രണ്ടുതവണ വാദംകേട്ടു. നവംബര്‍ 23നും 30നുമായിരുന്നു അത്. വിഷയം സൂക്ഷ്മമായി പരിശോധിച്ചു വരികയാണ്. നിയമപരമായ എല്ലാവഴികളിലൂടെയും ശ്രമിക്കുന്നുണ്ട്. നിയമപരമായ എല്ലാ സഹായങ്ങളും കോൺസുലർ നൽകുന്നുണ്ട്.– അരിന്ദം ബാഗ്ചി പറഞ്ഞു.

നാവികരുമായി കൂടിക്കാഴ്ച നടത്താൻ കോൺസുലർ അനുവാദം നൽകിയതിനെ ശുഭസൂചനയായി കാണുന്നത്. പ്രശ്നവുമായി ബന്ധപ്പെട്ടുയരുന്ന ആശങ്ക പരിഹരിക്കാൻ ഇതിലൂടെ സാധിക്കുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചാരവൃത്തി ആരോപിച്ചാണ് കഴിഞ്ഞവർഷം ഓഗസ്റ്റിൽ എട്ടു നാവികരെ ഖത്തർ അറസ്റ്റ് ചെയ്തത്. ദുബായിൽ നടന്ന കോപ്പ് 28 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തർ ഭരണാധികാരി ഷെയ്ക് തമീം ബിൻ ഹമദ് അൽതാനിയും നടത്തിയ കൂടിക്കാഴ്ചയിൽ വിഷയം ചര്‍ച്ചചെയ്തു.