കുടുംബത്തില്‍ ആര്‍ക്കും കാന്‍സര്‍ ഇല്ല, അതിനാല്‍ എനിക്കും വരില്ല, കാന്‍സറിനെ കുറിച്ചുള്ള പത്ത് തെറ്റിദ്ധാരണകള്‍

കാന്‍സര്‍ എന്ന് കേള്‍ക്കുമ്പോഴേ ഏവര്‍ക്കും ഭയമാണ്.എന്നാല്‍ ഈ മഹാവ്യാധിയെ കുറിച്ചുള്ള അബദ്ധ ധാരണകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുമുണ്ട്.ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ കാന്‍സറിനെ കുറിച്ച് പ്രചരിക്കുന്ന പത്ത് തെറ്റിദ്ധാരണകളെ കുറിച്ച് വിശദീകരിച്ചിരിക്കുകയാണ് കൊച്ചി രാജഗിരി ആശുപത്രിയിലെ കണ്‍സല്‍റ്റന്റ് മെഡിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. സഞ്ജു സിറിയക്.ലൈഫ് ബിയോണ്ട് കാന്‍സര്‍ എന്ന ഫേസ്ബുക് പേജിലൂടെയാണ് ഡോക്ടര്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

കുറിപ്പ് ഇങ്ങനെ;

കാന്‍സറിനെ പറ്റിയുള്ള പത്ത് തെറ്റിദ്ധാരണകള്‍, ലോകത്ത് ഇത്രയധികം തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു രോഗം ഉണ്ടാവില്ല. ഓരോ കാലത്തും പലരുടെയും വിഭാവനകള്‍ക്ക് അനുസൃതമായി ചിന്താഗതികള്‍ ഉയരുകയും അത് മൂലം പലര്‍ക്കും വഴി തെറ്റുകയും ചെയ്തിട്ടുണ്ട്. അതില്‍ ഞങ്ങള്‍ക്ക് ഏറ്റവും പ്രധാനമെന്ന് തോന്നിയ പത്തു തെറ്റിദ്ധാരണകളെ പറ്റി താഴെ വിശദീകരിക്കുന്നു.

1. കാന്‍സര്‍ രോഗികള്‍ പഞ്ചസാര/ മധുരം ഉപേക്ഷിക്കണം, വളരെ തെറ്റായ വിവരമാണ് ഇത്. കാന്‍സര്‍ കോശങ്ങള്‍ ഉയര്‍ന്ന അളവില്‍ ഷുഗര്‍ ഉപയോഗിക്കുന്നു (ഈ സാധ്യതയുടെ അടിസ്ഥാനത്തില്‍ ആണ് PET സ്‌കാന്‍ നടത്തുന്നത്). അതിനാല്‍ പഞ്ചസാര / മധുരം ഉപേക്ഷിച്ചാല്‍ കാന്‍സര്‍ കോശങ്ങള്‍ പട്ടിണി കിടന്ന് മരിക്കും എന്നാണ് വാദഗതി ! എത്ര മനോഹരമായ ആശയം അല്ലേ ! ഒരു ചോദ്യം ചോദിക്കട്ടെ. പ്രമേഹരോഗികള്‍ പഞ്ചസാര ഉപയോഗിക്കാറേ ഇല്ലല്ലോ. അങ്ങനെ എങ്കില്‍ ഈ ആശയപ്രകാരം അവര്‍ക്ക് കാന്‍സര്‍ വരാനേ പാടില്ലല്ലോ! മധുരം നിയന്ത്രിത അളവിലേ ഉപയോഗിക്കാന്‍ പാടുള്ളൂ, അത് കാന്‍സര്‍ രോഗി ആയാലും, അസുഖം ഒന്നും ഇല്ലാത്ത ആള്‍ ആണെങ്കിലും. അത്ര തന്നെ.

2. കാന്‍സര്‍ രോഗം പകരും !, ഒരിക്കലും ഇല്ല. പകരുന്നത് രണ്ടു കാര്യങ്ങള്‍ മാത്രം. അബദ്ധജടിലമായ ഇത്തരം ആശയങ്ങളും പിന്നെ ചില കാന്‍സറുകള്‍ക്ക് കാരണമാവുന്ന വൈറസുകളും ബാക്ടീരിയകളും. ഉദാ:ഹെപ്പറ്റൈറ്റിസ് B, ഹെച്ച് പി വി, ഹെച്ച് പൈലോറി തുടങ്ങിയവ. പകരുന്നതാണ് ഈ രോഗമെങ്കില്‍ ആദ്യം പകരുക ഈ രോഗികളെ ശുശ്രൂഷിക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും അല്ലേ !

3. പോസിറ്റീവ് അല്ലെങ്കില്‍ നെഗറ്റീവ് ചിന്താഗതി കാന്‍സറിനുള്ള സാധ്യതയെയും ചികിത്സയെയും ബാധിക്കുന്നു.,ശാസ്ത്രീയമായി പറഞ്ഞാല്‍ തെറ്റാണ്. കാന്‍സര്‍ രോഗമുണ്ടെന്ന് അറിഞ്ഞാല്‍ സങ്കടപ്പെടുന്നതും കരയുന്നതും നിരാശപ്പെടുന്നതും സ്വാഭാവികം മാത്രം. പോസിറ്റീവ് ചിന്താഗതി ഉള്ളവര്‍ക്ക് രോഗാവസ്ഥയോട് പൊരുത്തപ്പെടാന്‍ എളുപ്പമാണ്. മറ്റുള്ളവര്‍ക്ക് ചിലപ്പോള്‍ സഹായം വേണ്ടിവരും. നെഗറ്റീവ് ചിന്താഗതി ഉള്ളവര്‍ക്ക് കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതല്‍ ഒന്നുമില്ല. ഞങ്ങളുടെ അനുഭവത്തില്‍ കാന്‍സര്‍ രോഗികള്‍ മിക്കവരും പോസിറ്റീവ് ആയിട്ടാണ് രോഗത്തെ സമീപിക്കുന്നത്.

4. ബയോപ്‌സി നടത്തുന്നത് കാന്‍സര്‍ പടരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു., ശുദ്ധ അസംബന്ധം ആണ് ഈ പറയുന്നത്. കാന്‍സര്‍ വിദഗ്ധര്‍ എല്ലാ മുന്‍കരുതലുകളും എടുത്തിട്ടാണ് ബയോപ്‌സി നടത്തുന്നത്. കാന്‍സര്‍ രോഗമെന്ന് സ്ഥിരീകരണം നടത്തുന്നതിന് ബയോപ്‌സി അല്ലാതെ ഒരു വഴിയുമില്ല. കാന്‍സര്‍ രോഗമെന്ന് ഉറപ്പിച്ചത് ബയോപ്‌സിയില്‍ ക്ഷയരോഗമായി മാറുന്നത് എത്രയോ പ്രാവശ്യം ഞങ്ങള്‍ കണ്ടിരിക്കുന്നു. സ്‌കാനിങ്ങിലും രക്ത പരിശോധനയിലും കണ്ടതു പ്രകാരം അവരെ ചികിത്സിച്ചിരുന്നു എങ്കില്‍ !!

5. എന്റെ കുടുംബത്തില്‍ ആര്‍ക്കും കാന്‍സര്‍ ഇല്ല. അത് കൊണ്ട് എനിക്ക് കാന്‍സര്‍ വരില്ല. അല്ലെങ്കില്‍ എന്റെ കുടുംബത്തില്‍ കാന്‍സര്‍ രോഗി ഉണ്ട്. അത് കൊണ്ട് എനിക്ക് കാന്‍സര്‍ വരും. രണ്ടും തെറ്റാണ്.
കാന്‍സര്‍ രോഗം ഒരിക്കലും പാരമ്പര്യ രോഗമല്ല. ചില ജനിതക തകരാറുള്ളവരുടെ കുടുംബത്തില്‍ ഒന്നിലധികം പേര്‍ക്ക് കാന്‍സര്‍ വരാം. ഉദാ: BRCA മ്യൂട്ടേഷന്‍, ലിഞ്ച് സിന്‍ഡ്രോം. ഇതിനുള്ള സാധ്യത ഡോക്ടര്‍മാര്‍ പഠിച്ച ശേഷം ടെസ്റ്റുകള്‍ നടത്തി സ്ഥിരീകരിക്കണം. വീട്ടില്‍ ആര്‍ക്കെങ്കിലും കാന്‍സര്‍ രോഗം ഉണ്ടെങ്കില്‍, മറ്റുള്ളവര്‍ക്ക് ഈ രോഗം വരാനുള്ള സാധ്യത, കാന്‍സര്‍ രോഗം ആര്‍ക്കും ഇല്ലാത്ത കുടുംബത്തെ അപേക്ഷിച്ച്, കൂടുതലാണ് (വീണ്ടും വായിക്കുക). എന്നാല്‍ ഓര്‍ക്കുക, വര്‍ദ്ധിച്ചു വരുന്ന കാന്‍സര്‍ കണക്കുകള്‍ കാരണം, ഈ രോഗം ഇന്ന് ആര്‍ക്കും വരാം. അതിനാല്‍ ഇത്തരം മുന്‍വിധികള്‍ ഈ രോഗത്തിന്റെ കാര്യത്തില്‍ ഇനി പാടില്ല.

6. കാന്‍സര്‍ രോഗികള്‍ ആല്‍ക്കലി വെള്ളം ആണ് കുടിക്കേണ്ടത്. ശരീരത്തിലെ പി.ഹെച്ച് (pH) അല്‍പം ക്ഷാരസ്വഭാവമുള്ളതാണ് (ആല്‍ക്കലൈന്‍). അതാവട്ടെ വളരെ ദൃഢമായി ക്രമീകരിക്കപ്പെട്ട ഒന്നും. കാന്‍സര്‍ കോശങ്ങള്‍ അമ്ലാംശം ഉള്ള സാഹചര്യത്തില്‍ എളുപ്പം വളരുന്നു എന്ന ചിന്താഗതിയില്‍ ആണ് ആല്‍ക്കലൈന്‍ വെള്ളത്തിന്റെ ഉപയോഗം ചര്‍ച്ചയായത്. എന്താണ് വാസ്തവം? നമ്മുടെ ടാപ്പ് വെള്ളത്തിന് ആല്‍ക്കെലെന്‍ സ്വഭാവമാണ് (pH 7.5). ആല്‍ക്കലൈന്‍ വെള്ളത്തിന്റെ pH 8 മുതല്‍ 9 വരെയും. എന്നാല്‍ ഈ വെള്ളം കുടിക്കുന്നത് കൊണ്ട് ശരീരത്തിന്റെ pH മാറുന്നില്ല. മാറിയാല്‍, അത് അപകടമാണ്. കാന്‍സര്‍ കോശങ്ങള്‍ വളരുന്ന ഇടത്തിലും pH മാറുന്നില്ല. അതിനാല്‍ ഈ വാദഗതിക്ക് ഒരു അര്‍ത്ഥവുമില്ല. കുറച്ചു വെള്ളം കുടിക്കുന്ന കാര്യമല്ലേ, ദോഷമൊന്നുമില്ലല്ലോ എന്ന് കരുതിന്നിടത്താണ് അപകടം. കാന്‍സര്‍ രോഗികളും കുടുംബങ്ങളും വളരെ എളുപ്പത്തില്‍ പറ്റിക്കപ്പെടുന്നു.

7. കാന്‍സര്‍ രോഗമാണ് അതിന്റെ ചികിത്സയെക്കാള്‍ ഭേദം ചികിത്സയെ പറ്റിയുള്ള തെറ്റായ ധാരണകള്‍ എക്കാലത്തും കാന്‍സര്‍ രോഗികളെയും കുടുംബങ്ങളെയും വഴി തെറ്റിച്ചിട്ടുണ്ട്. ചികിത്സ ലളിതമാണ് എന്ന് ഒരിക്കലും പറയാന്‍ കഴിയില്ല. എന്നാല്‍ രോഗം മൂലമുള്ള ബുദ്ധിമുട്ടുകള്‍ ലഘൂകരിച്ചു കാണാന്‍ പാടില്ല. കാരണം, അവയ്ക്ക് പരിഹാരം ഉണ്ട്. കാന്‍സര്‍ ചികിത്സ അമ്പേ മാറിപ്പോയി. കൃത്യതയാര്‍ന്ന കാന്‍സര്‍ മരുന്നുകളും റേഡിയേഷന്‍ ചികിത്സയും സര്‍ജറിയും ഒക്കെ രോഗികള്‍ക്ക് സാന്ത്വനം നല്‍കുന്നു. ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍ ഉള്‍ക്കൊണ്ടു മുന്നോട്ട് പോയേ പറ്റൂ. കീമോതെറാപ്പി വേദനയുളവാക്കുന്ന ഒന്നാണ് എന്ന് ആളുകള്‍ വിചാരിക്കാറുണ്ട്. കീമോ ഇന്‍ജക്ഷന്‍/ഡ്രിപ്പ് ആയോ ഗുളിക/ക്യാപ്‌സ്യൂള്‍ ആയോ ആണ് നല്‍കുക. ഇത് വേദന ഉണ്ടാക്കുന്നില്ല.

8. ഞാന്‍ വെജിറ്റേറിയന്‍ ആണ്. എനിക്ക് കാന്‍സര്‍ വരില്ല. മാംസാഹാരികള്‍ക്ക് കാന്‍സര്‍ സാധ്യത കൂടുതലാണ് എന്നു പറയുന്നതാണ് ശരി. വെജിറ്റേറിയന്‍ ഡയറ്റില്‍ പൊതുവെ ഫൈബര്‍ കൂടുതല്‍ ആണ്. ഇത് കാന്‍സര്‍ സാധ്യത കുറയ്ക്കുന്നു. എന്നാല്‍ ശ്രദ്ധിക്കുക, കാന്‍സറിന് ഒന്നല്ല കാരണം. ഉദാ: വെജിറ്റേറിയന്‍ ആണ്, പക്ഷേ അമിതവണ്ണമോ, പുകവലി ശീലമോ, മദ്യപാനമോ, വ്യായാമക്കുറവോ ഉണ്ടെങ്കില്‍ കാന്‍സര്‍ സാധ്യത വര്‍ദ്ധിക്കുന്നു. അത് പോലെ തന്നെ കാന്‍സറിനെ തടയാന്‍ സൂപ്പര്‍ ഫുഡ്‌സ് ഒന്നും ഇല്ല. ബ്രോക്കൊളി, ബ്ലൂബെറി, ബീറ്റ്‌റൂട്ട്, വെളുത്തുള്ളി, ഗ്രീന്‍ ടീ തുടങ്ങിയവ ആണ് സൂപ്പര്‍ ഫുഡ്‌സ്. ഏതെങ്കിലും ഔഷധച്ചെടി കൊണ്ട് ചികിത്സിക്കാവുന്ന ഒന്നും അല്ല കാന്‍സര്‍.

9. കാന്‍സര്‍ = മരണം, ഓ, ഈ രോഗം വന്നാല്‍ ഇത് കൊണ്ട് തന്നെയേ പോകൂ. എത്രയോ തവണ ഞങ്ങള്‍ കേട്ട ഡയലോഗ് ആണ് ഇത്. ഒന്ന് കണ്ണടച്ച് ആലോചിച്ചേ. എത്ര പേര്‍ കാന്‍സര്‍ രോഗത്തില്‍ നിന്ന് മുക്തി നേടി നമ്മുടെ ഇടയില്‍ ഉണ്ട്? കാന്‍സര്‍ രോഗമുക്തിക്ക് ഒരു പാട് വെല്ലുവിളികള്‍ ഉണ്ട്. രോഗനിര്‍ണയ സമയത്തെ സ്റ്റേജ്, എന്തു ചികിത്സ, രോഗിയുടെ ആരോഗ്യം, എന്ത് രോഗം എന്നിങ്ങനെ പലതും. കഴിഞ്ഞ പത്ത് ഇരുപത് വര്‍ഷങ്ങള്‍ കൊണ്ട് ചികിത്സ ഏറെ മാറി പോയി. മുന്‍വിധികള്‍ ഇല്ലാതെ രോഗത്തെ സമീപിക്കണം.

10. കാന്‍സറിനുള്ള കാരണങ്ങളെ പറ്റിയുള്ള തെറ്റിദ്ധാരണകള്‍.,നിത്യജീവിതത്തില്‍ നാം കാണുന്ന അല്ലെങ്കില്‍ ചെയ്യുന്ന പലതും കാന്‍സര്‍ വരുത്തുന്നു എന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. ഉദാ: ഹെയര്‍ ഡൈ, ഡിയോഡറന്റ്, പ്ലാസ്റ്റിക് കുപ്പിയിലെ വെള്ളം, പഴം/ പച്ചക്കറിയിലെ കീടനാശിനി, പാല്‍, പഞ്ചസാര, പച്ചരി, മൈദ, പൊറോട്ട അങ്ങനെ പലതും. ഇതെല്ലാം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതല്ല എന്ന് ഓര്‍ക്കുക. കാന്‍സര്‍ പ്രതിരോധത്തിനായി ആരോഗ്യമുള്ള ജീവിത ശൈലി പിന്തുടരുക. നല്ല വ്യായാമം, ആഹാരക്രമത്തിലെ അച്ചടക്കം, ദു:ശീലങ്ങള്‍ ഒഴിവാക്കുക തുടങ്ങിയവ. തെറ്റിദ്ധാരണകള്‍ എല്ലാം മാറട്ടെ. നല്ല അറിവുകള്‍ പരക്കട്ടെ.

https://www.facebook.com/DrSanjuCyriac/posts/2704636953139584