വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്; അനില്‍കുമാറിനെതിരെ തെളിവുകൾ പുറത്ത് 

എറണാകുളം : വ്യാജ ജനന സര്‍ട്ടിഫിക്കറ്റിന് പിന്നിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് എ. അനില്‍കുമാറെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. എറണാകുളം മെഡിക്കല്‍ കോളജിൽ ഡോക്ടറുടെ വ്യാജ ഒപ്പിട്ടതും സീല്‍ പതിപ്പിച്ചതും ഐപി നമ്പര്‍ തരപ്പെടുത്തിയതും അനില്‍കുമാറാണെന്നതിന്‍റെ തെളിവുകളും ലഭിച്ചു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അനില്‍കുമാർ തെറ്റുകാരനാണെന്ന് കണ്ടെത്തിയത്.

അതേസമയം സൂപ്രണ്ട് ‍ഡോ. ഗണേഷ് മോഹന്‍ മുന്‍പും വ്യാജ രേഖ തയാറാക്കിയിട്ടുണ്ടെന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എ. അനില്‍കുമാര്‍ ആരോപിച്ചു. ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകന് വേണ്ടി സൂപ്രണ്ടിന്റെ നിര്‍ദേശ പ്രകാരം വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയെന്നും അനില്‍കുമാര്‍ പറയുന്നു. ഡിസംബര്‍ 20 തീയതി കാണിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള നിര്‍ദേശം ജനുവരി മൂന്നിന് നല്‍കി.

വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പും സൂപ്രണ്ട് താനുമായി നടത്തിയ വാട്സാപ്പ് ചാറ്റും അനില്‍കുമാര്‍ പുറത്തുവിട്ടു. സർട്ടിഫിക്കറ്റിൽ പരാമർശിക്കുന്ന കുട്ടി ജനിച്ചത് കളമശേരി മെ‍ഡി. കോളജില്‍ തന്നെയെന്നും അനില്‍കുമാര്‍ വെളിപ്പെടുത്തി. അഞ്ച് മാസം മുൻപ് വേറെ മാതാപിതാക്കള്‍ക്ക് ജനിച്ച കുട്ടിയാണ്. കൈമാറിക്കിട്ടിയ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിനായി അപേക്ഷ ലഭിച്ചത് നാലു മാസം മുന്‍പാണെന്നും അനില്‍കുമാര്‍ പറഞ്ഞു.