അല്‍പം ഗ്ലാമറസ് ആകണം, സില്‍ക്ക് സ്മിതയുടെ ബയോപിക്ക് ആണ് ഒരുക്കുന്നത്, അഞ്ജലി മേനോന്റെ പേരില്‍ യുവാവ് നടത്തിയ തട്ടിപ്പ്, കുടുങ്ങിയത് നിരവധി നടിമാരും മോഡലുകളും

കൊച്ചി: ഹലോ ഇത് ഞാനാണ്.. പുതിയ ഒരു സിനിമ സംവിധാനം ചെയ്യുന്നുണ്ട്. കഥ സില്‍ക്ക് സ്മിതയുടെ ജീവിതമാണ്. നിങ്ങളെ നായിക ആക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. ഇക്കാര്യം സംസാരിക്കാന്‍ വേണ്ടിയാണ് വിളിച്ചത്. കുറച്ച് ഗ്ലാമറസ് ആയിട്ട് ഒക്കെ അഭിനയിക്കേണ്ടി വരും. താത്പര്യം ഉണ്ടെങ്കില്‍ വിളിച്ച് അറിയിക്കണം. കഴിഞ്ഞ ദിവസം കൊച്ചിയില്‍ സംവിധായകികയുടെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി മോഡലുകളെയും നടികളെയും വിളിച്ച് സംസാരിച്ചയാളുടെ സംഭാണമാണിത്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം ഓച്ചിറ കാഞ്ഞിരക്കാട്ടില്‍ വീട്ടില്‍ ജെ. ദിവിന്‍ എന്ന 32 കാരനെ പോലീസ് പിടികൂടിയിരുന്നു. ഇയാളുടെ തട്ടിപ്പിന്റെ തുടക്കമാണിത്.

ഇക്കാര്യങ്ങള്‍ പറഞ്ഞതിന് ശേഷം സിനിമയിലും സിനിമ മേഖലയിലും ഉണ്ടാകുന്ന നേട്ടത്തെ കുറിച്ചും വിവരിക്കുകയും മോഹന വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്യും. ഇങ്ങനെ മോഹന വാഗ്ദാനങ്ങളില്‍ പെട്ട് ചിലര്‍ തങ്ങളുടെ ഗ്ലാമറസ് ചിത്രങ്ങള്‍ അയച്ച് കൊടുക്കുകയും ഇതില്‍ കുടുങ്ങുകയും ചെയ്യും. ഇത്തരത്തില്‍ കുരുക്കില്‍ പെടുനന്നവരെ ലൈംഗികമായി ചൂഷണം ചെയ്യുകയാണ് പ്രതി ചെയ്യുന്നത്. പൊലീസിന്റെ അന്വേഷണത്തില്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിന്റെയും മൊബൈല്‍ ആപ്പിന്റയും ബലത്തില്‍ ഫോണ്‍കോളുകളും മെസേജും ഉപയോഗിച്ച് ദിവിന്‍ നിരവധിപേരെ കുടുക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്.

ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ട 18 പേരുടെ പരാതിയാണ് പോലീസിന് ഇതുവരെ ലഭിച്ചിട്ടുള്ളത്. സംവിധായിക അഞ്ജലി മേനോന്റേത് ഉള്‍പ്പെടെ ഒട്ടേറെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകളാണ് ഇയാള്‍ തയ്യാറാക്കിയിരുന്നത്. ഇനിയും കൂടുതല്‍ പേര്‍ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. ഇതിനെ കുറിച്ച് പരിശോധിച്ച് വരികയാണ് ഉദ്യോഗസ്ഥര്‍. അഭിനയ മോഹം ഉള്ളവരെ ആകര്‍ഷിച്ചായിരുന്നു തട്ടിപ്പ്. ഫോണ്‍ നമ്പര്‍ വാങ്ങിയ ശേഷം സ്ത്രീ ശബ്ദത്തില്‍ സംസാരിക്കാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് പ്രതി ആശയവിനിമയം നടത്തിയിരുന്നത്. സംവിധായിക അഞ്ജലി മേനോന്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

ഇക്കാര്യം സംബന്ധിച്ച് ചിലര്‍ അഞ്ജലി മേനോനെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്ത് എത്തുന്നത്. നിരവധി മോഡലുകള്‍ക്കും നടിമാര്‍ക്കും പ്രതിയുടെ മോഹന വാഗ്ദാനങ്ങള്‍ നല്‍കികൊണ്ടുള്ള വിളികള്‍ ചെന്നിരുന്നു. തുടര്‍ന്ന് ഇവരില്‍ പലരും തിരിച്ചു വിളിച്ചപ്പോഴാണ് നമ്പരുകള്‍ വ്യാജമാണെന്നു വ്യക്തമാകുന്നത്. ഇയാള്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പരുകള്‍ പലതും വ്യാജ വിലാസം ഉപയോഗിച്ച് എടുത്തത് ആണെന്നും പൊലീസ് പറയുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ ഇയാള്‍ പാലക്കാട് ഉണ്ടെന്നു മനസിലായതോടെ അവിടെയെത്തി പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.