ഭര്‍ത്താവിന് ലൈംഗിക ശേഷിയില്ലെന്ന് ഭാര്യ ആരോടെങ്കിലും പറയുന്നത് ഇനി പീഡനം.

ഭര്‍ത്താവിന് ലൈംഗിക ശേഷിയില്ലെന്നോ കുറവാണെന്നോ ഭാര്യ മറ്റാരോടെങ്കിലും പറയുന്നത് മാനസിക പീഡനാണെന്നും അതിനെ വിവാഹ മോചനത്തിനു കാരണമായി പരിഗണിക്കാമെന്നും കര്‍ണാടക ഹൈക്കോടതിയുടെ നിർണായക വിധി. ഒരു വിവാഹ മോചന ഹര്‍ജി തള്ളിയ കുടുംബ കോടതിയുടെ ഉത്തരവിനെതിരെ ഭര്‍ത്താവ് നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായിരിക്കുന്നത്.

ഭര്‍ത്താവിന് ലൈംഗിക ശേഷിയില്ലെന്നു ബന്ധുക്കളോടോ മറ്റാരെങ്കിലുമോടോ പറയുന്നത് അപമാനിക്കുന്നതിനു തുല്യമാണ്. ഭര്‍ത്താവിന്റെ അന്തസിന് ഇതിലൂടെ ക്ഷതം സംഭവിച്ചിട്ടുണ്ട്- കോടതി പറഞ്ഞു. യാതൊരുവിധ തെളിവുകളും ഇല്ലാതെയാണ് ഭാര്യ ഭര്‍ത്താവിനെതിരെ ആരോപണം ഉന്നയിച്ചത്.

ഏതു വൈദ്യ പരിശോധനയ്ക്കും തയാറാണെന്ന് ഭര്‍ത്താവ് അറിയിച്ചിരുന്നു. അതിനൊന്നും തയാറാവാതെ ആക്ഷേപം ഉന്നയിക്കുകയാണ് ഭാര്യ ചെയ്തത്. ഇത് മാനസിക പീഡനമാണെന്ന് കോടതി വിലയിരുത്തുകയായിരുന്നു.2013ലാണ് ധര്‍വാഡ് സ്വദേശിയായ യുവാവ് വിവാഹം കഴിക്കുന്നത്. ആദ്യമാസങ്ങളില്‍ സുഖകരമായിരുന്ന ദാമ്പത്യജീവിതം പിന്നീട് പ്രശ്‌നങ്ങളിലക്ക് നീങ്ങി. ഇതിനെത്തുടര്‍ന്ന് ഭര്‍ത്താവ് കുടുംബ കോടതിയില്‍ വിവാഹ മോചന ഹര്‍ജി നല്‍ക്കുകയായിരുന്നു. കുടുംബ കോടതി വിവാഹ മോചനം അനുവദിക്കാതിരുന്ന തോടെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.