ഫർഹാന പഠിക്കാൻ മിടുക്കി, കൊല നടത്തുമെന്ന് വിശ്വാസമില്ല- ഉമ്മ

സിദ്ദീഖിന്റെ ചിക് ബേക് ഹോട്ടലിൽ ജോലിക്കെത്തിയ ഷിബിലിയുടെ സ്വഭാവം വളരെ മോശമായിരുന്നെന്ന് സഹപ്രവർത്തകർ. സിദ്ദിഖിന്റെ കൊലപാതകത്തിൽ പ്രതിയായ ഷിബിലിയെ കുറ്റപ്പെടുത്തി ഫർഹാനയുടെ കുടുംബവും രം​ഗത്തെത്തി. ഫർഹാന കൊലപാതകം ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഉമ്മ പറഞ്ഞു. ഫർഹാനയെ വഴിതെറ്റിച്ചത് ഷിബിലിയാണെന്നും ഷിബിലിയുടെ ആവശ്യങ്ങൾക്കാണ് ഫർഹാന മോഷണം നടത്തിയിരുന്നതെന്നും അവർ പറഞ്ഞു.

പഠനത്തിൽ മിടുക്കിയായിരുന്നു ഫർഹാനയെന്ന് നാട്ടുകാരും പറഞ്ഞു. നേരത്തെ ഷിബിലിയുടെയും ഫർഹാനയുടെയും വിവാഹം നടത്താൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ ഷിബിലിയുടെ നാട്ടിലെ മഹല്ല് കമ്മിറ്റി അംഗീകരിക്കാതിരുന്നതിനാൽ വിവാഹം നടന്നില്ലെന്നും ചളവറ ഇട്ടേക്കോട് മഹല് കമ്മിറ്റി സെക്രട്ടറി ഹസൻ പറഞ്ഞു. തമിഴ്നാട് സ്വദേശിക്കൊപ്പം ഷിബിലിയുടെ അമ്മ പോയതാണ് മഹല്ല് കമ്മിറ്റി വിവാഹം നിഷേധിക്കാൻ കാരണം. ഷിബിലി പഠിക്കാൻ മിടുക്കിയായിരുന്നു. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മോഷണക്കുറ്റത്തിന് സ്കൂളിൽ നിന്ന് പുറത്താക്കിയിരുന്നുവെന്നും ഹസൻ പറഞ്ഞു.

കടയിൽ വരുന്നവരെ ശ്രദ്ധിക്കാതെ മുഴുവൻ സമയവും ഷിബിലി ഫോണിലുമായിരുന്നു. കടയോടു ചേർന്ന മുറികളിലാണു സിദ്ദീഖും ഷിബിലിയും താമസിച്ചിരുന്നത്. ഇയാൾ എത്തിയ ശേഷം പല തവണ ഹോട്ടലിൽ നിന്നു പണം മോഷണം പോയി. അതുകൊണ്ടാണ് പിരിച്ചുവിടാൻ തീരുമാനിച്ചത്.

ഇടയ്ക്കു തിരൂരിലെ വീട്ടിലേക്കു പോയ സിദ്ദീഖ് 18ന് തിരിച്ചെത്തി. കൊടുക്കാനുള്ള പണം കൊടുത്ത് ഷിബിലിയെ ഉച്ചയോടെ പറഞ്ഞു വിട്ടു. അര മണിക്കൂറിനുള്ളിൽ സ്വന്തം കാറിൽ പുറത്തു പോയി. പെട്ടെന്നു തിരിച്ചു വരുമെന്നു പറഞ്ഞാണു പോയത്. ഹോട്ടലിലേക്കു ചപ്പാത്തി കൊണ്ടു വരുന്നതിനെക്കുറിച്ചു ചോദിക്കാൻ വൈകിട്ട് നാലരയോടെ സിദ്ദീഖിനെ ഫോണിൽ വിളിച്ചു. ദൂരെയാണെന്നും രാത്രിയോടെ എത്തുമെന്നും പറഞ്ഞു. രാത്രി 9.30ന് വീണ്ടും വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.

പിടിയിലായ ഷിബിലിയും (22) കൂട്ടുപ്രതി ഫർഹാനയും (19) പഴയ പോക്സോ കേസിലെ എതിർകക്ഷികൾ. 2018 ൽ നെന്മാറയിലെ വഴിയരികിൽ വച്ചു ഷിബിലി തന്നെ പീഡിപ്പിച്ചെന്നാരോപിച്ച് 2021 ജനുവരിയിൽ ഫർഹാന ചെർപ്പുളശ്ശേരി പൊലീസിൽ പരാതി നൽകിയിരുന്നു. ഒറ്റപ്പാലം ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിനെ തുടർന്നു ഷിബിലി ആലത്തൂർ സബ് ജയിലിലായി. പിന്നീട് കേസ് ഒത്തുതീർപ്പാവുകയും ഇരുവരും സൗഹൃദത്തിലാവുകയും ചെയ്തു.

സിദ്ദീഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു ബുധനാഴ്ച രാത്രി 10ന് തിരൂർ പൊലീസ് ചളവറയിൽ ഫർഹാനയുടെ വീട്ടിലെത്തി ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ കണ്ടെടുത്തതായും സഹോദരനെ കസ്റ്റഡിയിൽ എടുത്തതായും വിവരമുണ്ട്.