കര്‍ഷകരോട് നിലപാട് അറിയിച്ച് കേന്ദ്രം; സമരം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു ചര്‍ച്ച തുടരുന്നു

കര്‍ഷക സമര൦ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു നാളെ അന്തിമ യോഗം ചേരാനിരിക്കെ കര്‍ഷകരുടെ ആവശ്യങ്ങളില്‍ അംഗീകരിക്കാന്‍ കഴിയുന്നവ സംഘടനകളെ അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര നിലപാടിന്റെ അടിസ്ഥാനത്തില്‍ കര്‍ഷക സംഘടനകളുടെ ചര്‍ച്ച തുടരുകയാണ്. നാളെ സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് കർഷക സംഘടനകൾ നാളെ 2 മണിക്ക് യോഗം ചേരും.

ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ട് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉറപ്പുലഭിച്ചാല്‍ 15 മാസത്തിലേറെയായി ഡല്‍ഹിയില്‍ കര്‍ഷകര്‍ തുടരുന്ന സമരം അവസാനിപ്പിക്കുമെന്ന് കര്‍ഷക സംഘടനാ നേതാവ് പി കൃഷ്ണപ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കാത്ത ആവശ്യങ്ങള്‍ ഉയര്‍ത്തി സമരം തുടരുമെന്നും പി കൃഷ്ണപ്രസാദ് പറഞ്ഞു.

എംഎസ്പി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കേന്ദ്രം പരിഗണിച്ചേക്കും. ഇക്കാര്യത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കാനാണ് കേന്ദ്രത്തിന്റെ ആലോചന. സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രതിനിധികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കൃഷി വിദഗ്ധര്‍, പ്രതിനിധികള്‍ എന്നിവരടങ്ങുന്നതാണ് സമിതി. വിവിധ സംസ്ഥാനങ്ങളിലായി കര്‍ഷകര്‍ക്കെതിരായി രജിസ്റ്റര്‍ ചെയ്ത കേസുകളും പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിലും അംഗീകാരമായതായി ഹരിയാന, യുപി സര്‍ക്കാരുകള്‍ അറിയിച്ചു. പൊല്യൂഷന്‍ കണ്‍ട്രോള്‍ ആക്ടിന്റെ കാര്യത്തില്‍ വ്യവസ്ഥ 14,15 എന്നിവയില്‍ കര്‍ഷകര്‍ക്ക് വിരുദ്ധമായിട്ടുള്ളവ ഒഴിവാക്കും. അതേസമയം ലഖിംപൂര്‍ഖേരി കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ല എന്നും പി കൃഷ്ണപ്രസാദ് പറഞ്ഞു.