തന്റേതല്ലെന്ന തോന്നലും പെൺകുഞ്ഞായതും കൊണ്ടും അച്ഛൻ തലക്കടിച്ച് കൊല്ലാൻ ശ്രമിച്ച കുഞ്ഞ് അതീവ ​ഗുരുതരാവസ്ഥയിൽ

കുഞ്ഞേ മാപ്പ്, പെൺകുട്ടികൾ ഇപ്പോളും നമ്മുടെ സംസ്ഥാനത്ത് സുരക്ഷിതരല്ല,, പെൺകുഞ്ഞ് ജനിക്കുന്നതിൽ ചിലർ അയിത്തം കൽപ്പിക്കുന്നു.. അമ്പത്തിനാല് ദിവസം പ്രായമായ കുഞ്ഞിനെ സ്വന്തം അച്ഛൻ തന്നെ തലയ്ക്കടിച്ചും കട്ടിലിലേക്ക് വലിച്ചെറിഞ്ഞും കൊല്ലാൻ ശ്രമിച്ച വാർത്ത ഞെട്ടലോടെയാണ് നാം കേട്ടത്. കുട്ടിയുടെ നില അതീവ ​ഗുരുതരമായി തുടരുന്നെന്ന് ഡോക്ടർമാർ അറിയിച്ചു. കുഞ്ഞിന്റെ തലയോട്ടിക്കുളളിൽ രക്തസ്രാവം ഉണ്ടായെന്നാണ് ഡോക്ടർമാർ പറയുന്നത്.

അങ്കമാലിയിൽ അങ്കമാലി ജോസ്പുരത്തു വാടകയ്ക്കു താമസിക്കുന്ന കണ്ണൂർ ചാത്തനാട്ട് ഷൈജു തോമസ് (40) ആണ് പെൺകുഞ്ഞിനെ കട്ടിലിലേക്ക് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചത്. കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് കുഞ്ഞ് ചികിത്സയിൽ കഴിയുന്നത്. രണ്ടുദിവസം മുൻപാണ് സംഭവം. പിതാവ് ഷൈജു തോമസിനെ റിമാൻഡ് ചെയ്തു. 54 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഇയാൾ തലയ്ക്കടിച്ചും കട്ടിലിലേക്കു വലിച്ചെറിഞ്ഞും കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

കുട്ടിയുടെ പിതൃത്വത്തിലുള്ള സംശയവും കുഞ്ഞിനെതിരെയുള്ള ആക്രമണത്തിനു കാരണമായെന്ന് പൊലീസ് വ്യക്തമാക്കി. വെന്റിലേറ്ററിൽ ചികിത്സയിലുള്ള കുഞ്ഞിന്റെ കാലുകളിൽ ചതവുമുണ്ട്.

ജോസ്പുരത്തു വാടകയ്ക്കു താമസിക്കുന്ന വീടിന്റെ കിടപ്പുമുറിയിൽ ഈ മാസം 18ന് പുലർച്ചെ നാലിനാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമമുണ്ടായത്. ഭാര്യയുടെ കൈയിൽ നിന്നു കുഞ്ഞിനെ ബലമായി പിടിച്ചു വാങ്ങി ഷൈജു കൈകൊണ്ടു രണ്ടു പ്രാവശ്യം കുട്ടിയുടെ തലയ്ക്കടിക്കുകയും കട്ടിലിലേക്കു വലിച്ചെറിയുകയും ചെയ്തുവെന്നു പൊലീസ് പറഞ്ഞു.