ആറ് മാസം പ്രായമുള്ള പെൺകുഞ്ഞിന്റെ ദേഹം പൊള്ളിച്ച് വലിച്ചെറിഞ്ഞു, അച്ഛന്റെ കൊടും ക്രൂരത

അങ്കമാലിയിൽ അച്ഛൻ ഭിത്തിയിലെറിഞ്ഞ് പിഞ്ച്കുഞ്ഞിനെ കൊല്ലാൻ നോക്കിയ സംഭവത്തിന്റെ ഞെട്ടൽമാറും മുമ്പ് മറ്റൊരു വാർത്തയും പുറത്തുവരുന്നു. ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ നേരെയാണ് അച്ഛന്റെ കൊടും ക്രൂരത… കുട്ടിയുടെ ദേഹത്ത് പൊള്ളലേറ്റതിന്റെയും അടിയേറ്റതിന്റെയും പാടുകളുണ്ട്. ഭർത്താവ് മദ്യപിച്ചെത്തി കുട്ടിയെ വലിച്ചെറിയാറുണ്ടെന്നും ഉപദ്രവിക്കാറുണ്ടെന്നും അമ്മ പൊലീസിന് മൊഴി നൽകി. സംഭവത്തിൽ കുട്ടിയുടെ അച്ഛൻ ആനന്ദ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

എറണാകുളം തിരുവാങ്കുളം ഏറമ്പക്കത്താണ് സംഭവം. പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. ശിശുക്ഷേമ സമിതി അംഗങ്ങളും പൊലീസും സ്ഥലത്തെത്തി പരിശോധിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് കുഞ്ഞിനെ ദ്രേഹോപദ്രവമേറ്റ നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ അച്ഛൻ ഉപദ്രപിച്ചതാണെന്ന് മനസിലായി. തുടർന്ന് ഇവർതന്നെ വിവരം ശിശുക്ഷേമസമിതിയെ അറിയിക്കുകയായിരുന്നു. കുഞ്ഞിന്റെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെയും പൊള്ളിയതിന്റെയും പാടുകളുണ്ട്.

രണ്ട് മാസം മുൻപ് സമാനമായ സംഭവമുണ്ടായിരുന്നു. അന്ന് അയൽക്കാർ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കഴിഞ്ഞ ദിവസവും ആവർത്തിച്ചതോടെയാണ് ശിശുക്ഷേമ സമിതിയെ വിവരം അറിയിച്ചത്. നിരന്തരമായി മദ്യപിച്ച്‌ വീട്ടിലെത്തിയാൽ കുഞ്ഞിനെ മർദ്ദിക്കാറുണ്ടെന്നും കുട്ടിയെ എടുക്കാൻ പോലും തയ്യാറാകില്ലെന്ന് വീട്ടുകാരും പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസമാണ് അങ്കമാലിയിൽ രണ്ട് മാസം പ്രായമായ കുഞ്ഞിനെ രക്ഷിതാവ് അതിക്രൂരമായി മർദിച്ചത്.. ആ കുഞ്ഞ് അടുത്ത ദിവസം ആശുപത്രി വിടും. അതിനിടെയാണ് കൊച്ചിയിൽ നിന്നും സമാനമായ വാർത്തകൾ വരുന്നത്‌