ഐ.ഐ.ടി വിദ്യാർത്ഥിനി ഫാത്തിമയുടെ മരണം; മൊഴി നല്കാൻ പിതാവ് ലത്തീഫ് ഇന്ന് ചെന്നൈയിൽ എത്തും

ചെന്നൈ ഐ.ഐ.ടിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി ഫാത്തിമയുടെ പിതാവ് ലത്തീഫ് മൊഴി നൽകുന്നതിനായി ഇന്ന് ചെന്നൈയിലെത്തും. കേസിൽ സി.ബി.ഐ സംഘത്തിന് മൊഴി നൽകിയ ശേഷം തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെയും ഫാത്തിമയുടെ പിതാവ് കാണും.
ഇന്ന് രാത്രി ചെന്നൈയിൽ എത്തുന്ന ലത്തീഫ് നാളെയാണ് മുഖ്യമന്ത്രിയെയും സിബിഐ സംഘത്തെയും കാണുക.

2019 നവംബറിൽ ഫാത്തിമയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സുദർശൻ പത്മനാഭൻ എന്ന അധ്യാപകൻ തന്നെ മാനസികമായി പീഡിപ്പിക്കുന്നതായി ഫാത്തിമ നേരത്തെ രക്ഷിതാക്കളെ അറിയിച്ചിരുന്നു. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കാണിച്ച് പിതാവ് ലത്തീഫ് പരാതി നൽകിയതിനെ തുടർന്നാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്.