ശോഭനക്ക് ലഭിച്ച സ്വീകാര്യതയും അംഗീകാരവും ഉർവശിക്ക് ലഭിക്കാത്തതിന് കാരണമെന്തായിരുന്നു, കുറിപ്പ്

മലയാളിയുടെ സൗന്ദര്യ സങ്കൽപ്പത്തിന്റെ മുഖമാണ് ശോഭനയുടേത്. എഴുപതുകൾക്കു ശേഷം ജനിച്ചവർക്ക് ശോഭന തന്നെയാണ് ഐഡിയൽ ഭാര്യ, കാമുകി എന്നൊക്കെ പറയുമ്പോൾ ഓർമ്മ വരിക. എന്നാൽ മലയാളത്തിലെ ഏറ്റവും മികച്ച നായികാ നടി ഉർവശിയാണ്, ഉർവശി മാത്രമാണെന്ന് പറയാം. ഇപ്പോളിതാ ഉർവശിയെയും ശോഭനയെയും താരതമ്യം ചെയ്തുകൊണ്ട് ഷെസിയ സലീം എഴുതി കുറിപ്പ് വായിക്കാം

വരനെ ആവശ്യമുണ്ട് എന്ന സിനിമയുടെ വിജയത്തിനു പ്രധാന കാരണങ്ങളില്‍ ഒന്ന് ശോഭന എന്ന അതുല്യ പ്രതിഭ തന്നെയാണ് എന്നതില്‍ സംശയമില്ല.മലയാള സിനിമയില്‍ ശോഭനയെ പോലെ താര മൂല്യം ലഭിച്ച നടിമാര്‍ വളരെ കുറച്ചേയുള്ളു. ശോഭന തിളങ്ങി നിന്ന സമയത്ത് വേറെയും ഒരുപാട് ഗംഭീര നായികമാര്‍ ഉണ്ടായിരുന്നു എന്നതാണ് എടുത്ത് പറയേണ്ട വേറൊരു കാര്യം.ശോഭന ഓവര്‍ റേറ്റ് ചെയ്യപ്പെടുന്നു എന്ന തോന്നല്‍ പലപ്പോളും ഉണ്ടായിട്ടുണ്ട്‌ .

എന്നാല്‍ 1980-90 കളിലെ മലയാളം സിനിമ പരിശോധിച്ചാല്‍ ഉര്‍വശിയെ പോലെ വേര്‍സറ്റൈല്‍ ആയ ഒരു നടി വേറെ ഇല്ലെന്ന് തന്നെ പറയാം.അവരെ പോലെ വ്യത്യസ്ത ഭാവങ്ങള്‍ വളരെ തന്മയത്തത്തോടെ അഭിനയിച്ച്‌ ഫലിപ്പിക്കാന്‍ വേറെ ഏത് അഭിനേത്രിക്കാണ് സാധിക്കുക എന്നതിന് ഉര്‍വശിക്ക് അപ്പുറത്ത് വേറെ ആരും തന്നെ ഇല്ല എന്നതാണ് ഉത്തരം.ഉര്‍വശിയും വരനെ ആവശ്യമുണ്ട് എന്ന സിനിമയില്‍ അഭിനയിച്ചു. പക്ഷെ എവിടെയും അധികമായി അവര്‍ ചെയ്ത കഥാപാത്രത്തെ പറ്റി പറഞ്ഞ് കേട്ടില്ല. ഇവരെ താരതമ്യം ചെയ്യുമ്ബോഴുള്ള മറ്റൊരു രസകരമായ വസ്തുത ഇവര്‍ രണ്ടാളും മലയാള സിനിമയിലേക്ക് കടന്നു വരുന്നത് ഒരേ വര്‍ഷമാണ്‌എന്നത്. തുടക്ക കാലം മുതല്‍ തന്നെ 2 പേരും അനേകം സിനിമകളില്‍ മുന്‍ നിര നായകന്മാരുടെ നായികമാരായി അഭിനയിച്ചു. പക്ഷെ ഇവര്‍ക്ക് 2 പേര്‍ക്കും ലഭിച്ച സ്വീകാര്യതയും അംഗീകാരവും 2 രീതിയില്‍ ആയിരുന്നു. എന്തായിരിക്കും ഇതിന്റെ കാരണം/ കാരണങ്ങള്‍?

വിരലില്‍ എണ്ണാവുന്ന കുറച്ച്‌ സിനിമകള്‍ ഒഴിച്ചാല്‍ ശോഭന തനി നാട്ടിന്‍പുറത്തെ കുശുമ്ബും കുഞ്ഞായിമയും ഒക്കെ ഉള്ള, പഠിപ്പും ലോക വിവരവും കുറഞ്ഞ ഒരു സ്ത്രീയായിട്ട് അഭിനയിച്ചിട്ടുണ്ടാവില്ല.ഒന്നെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥ, അല്ലെങ്കില്‍ കോളേജ് കുമാരി, അതുമല്ലെങ്കില്‍ ഏതേലും ധനിക-സവര്‍ണ്ണ കുടുംബത്തിലെ, എല്ലാ തരം ക്യാപിറ്റലുകളും അനുഭവിച്ച്‌ ജീവിക്കുന്ന പെണ്‍കുട്ടി. ഇത്രയും ഐഡിയലിസ്ടിക് ആയ കഥാപാത്രങ്ങളോട് സ്റ്റീരിയോടിപ്പിക്കലായി ചിന്തിക്കുന്ന ആര്‍ക്കാണ് ഇഷ്ടം തോന്നാതിരിക്കുക.

മഹേഷിന്റെ പ്രതികാരം സിനിമയില്‍ ക്രിസ്പിനും സോണിയയും നടത്തുന്ന സംഭാഷണത്തില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും താരതമ്യം ചെയുന്നത് പോലെയാണ് ഏറെക്കുറെ ശോഭയുടേയും ഉര്‍വ്വശിയുടെയും സിനിമകള്‍.ഉര്‍വശി എല്ലാത്തരം കഥാപാത്രങ്ങളും അതിഗംഭീരമായി അഭിനയിച്ച്‌ ഫലിപ്പിച്ചിട്ടുള്ള നടിയാണ്. തലയണമന്ത്രം എന്ന സിനിമ അനേകങ്ങളില്‍ ഒരു ഉദാഹരണം മാത്രം. അതിലെ കുശുമ്ബിയും അസൂയക്കാരിയുമായ ചേട്ടത്തിയമ്മയെ മലയാളികള്‍ അതെ രീതിയില്‍ സ്വീകരിച്ചു എന്നത് അവരിലെ നടിയുടെ അസാമാന്യ പ്രതിഭയുടെ കഴിവാണ്. ചെറിയ രീതിയിലെങ്കിലും നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രം ചെയ്യാന്‍ എല്ലാ നടിമാരും ധൈര്യം കാണിക്കാറില്ല.

അതിലെ നാച്ചുറാലിറ്റി നഷ്ടപ്പെട്ടാല്‍ എല്ലാ രീതിയിലും ടൈപ്പ് കാസ്റ് ചെയ്യപ്പെടും എന്ന ബോധ്യം ആയിരിക്കാം അതിനൊരു പ്രധാന കാരണം.ഉര്‍വശി അഭിനയിച്ച കഥാപാത്രങ്ങള്‍ ശ്രദ്ധിച്ചാല്‍ എല്ലാ തരം പെണ്‍ ജീവിതങ്ങളും ഏറെ കുറെ കാണാന്‍ സാധിക്കും എന്നത് വാസ്തവം. സ്ത്രീധനം സിനിമയിലെ ഉത്തമയായ എല്ലാം സഹിക്കുന്ന, മറുത്തൊരു അക്ഷരം പറയാത്ത ഭാര്യയും മരുമകളും ആയി ഉര്‍വശി ജീവിച്ചു. ആ വര്‍ഷം തന്നെ ഇറങ്ങിയ മിഥുനം എന്ന സിനിമയില്‍ എല്ലാത്തിനും പരാതി പറയുന്ന, ഒരുപാട് ആഗ്രഹങ്ങളും മോഹങ്ങളും ഉള്ള ഒരു യാഥാസ്ഥിതിക കാമുകിയും ഭാര്യമായി തകര്‍ത്തഭിനയിച്ചു. ഒരേ വര്‍ഷം തന്നെ എത്രയോ വ്യത്യസ്തമായ ഒരുപാട് കഥാപാത്രങ്ങള്‍. എല്ലാം അഭിനയം കൊണ്ട് ഒന്നിനൊന്നു മെച്ചപെട്ട് നില്‍ക്കുന്നു എന്നത് ഉര്‍വശിയെന്ന പ്രതിഭയുടെ വിജയം തന്നെയാണ്.
500 ഓളം മലയാളം സിനിമകളില്‍ അഭിനയിച്ച ഉര്‍വശി 2010 ന് ശേഷം കുറച്ചധികം ശ്രദ്ധിക്കപെടാത്ത സിനിമകളുടെയും ഭാഗമായി എന്നതൊഴിച്ചാല്‍ അവരുടെ കരിയര്‍ ഗ്രാഫ് ഒരിക്കലും ശരാശരിയില്‍ താഴേക്ക് പോയിട്ടില്ല എന്ന് ഉറപ്പിച് പറയാന്‍ സാധിക്കും.

എന്നിട്ടും ശോഭന എന്തുകൊണ്ട് മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നായിക എന്നതിന് ഞാന്‍ മനസിലാക്കിയടുത്തോളം രണ്ട് പ്രധാന കാരണങ്ങളുണ്ട്.ഏറ്റവും പ്രധാനമായ കാരണം മലയാളികള്‍ സ്റ്റീരിയോടിപ്പിക്കലി കണ്‍സ്ട്രക്‌ട് ചെയ്ത ഫ്രെയിമില്‍ നില്‍ക്കുന്ന കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി എന്നത് തന്നെയാണ്.രണ്ടാമത്തേത് അവരുടെ സൗന്ദര്യം. നല്ല ഉയരമുള്ള, മെലിഞ്ഞ, വെളുത്ത നിറമുള്ള, ഏതു തരം വസ്ത്രവും വളരെ നന്നായി ഇണങ്ങുന്ന, സുന്ദരി എന്ന് പറയപ്പെടാനുള്ള എല്ലാ ഫീച്ചേഴ്സും ആവോളം ഉള്ളതുകൊണ്ടും കൂടിയാണ്. മറ്റുള്ള നടിമാര്‍ക്ക് ഇല്ലാതെ പോയതും , മലയാളിയുടെ പൊതുബോധത്തിന്റെ ഉള്ളില്‍ സൃഷ്ടിക്കപ്പെട്ട ഈ പെര്‍ഫെക്‌ട് ബ്ലെന്‍ഡ് ആയിരുന്നു.ഏതൊരു ശരാശരി മലയാളിയുടെയും സൗന്ദര്യ സങ്കല്‍പം ശോഭനയില്‍ ഭദ്രമായിരുന്നു എന്ന് വേണം പറയാന്‍. ശോഭന ഒരു മികച്ച അഭിനേത്രിയാണെന്നതില്‍ തര്‍ക്കമില്ല.

മണിച്ചിത്രത്താഴിലെ നാഗവല്ലിയായി മലയാളിക്ക് വേറൊരാളെയും സങ്കല്‍പ്പിക്കാന്‍ പോലും പറ്റാത്തത് അവരുടെ അഭിനയപാഠവം കൊണ്ട് തന്നെയാണ്. എന്നാലും ഒരുപാട് മികച്ച അഭിനേതാക്കള്‍ ഉണ്ടായിട്ടും മറ്റാര്‍ക്കും കിട്ടാതിരുന്ന സ്വീകാര്യത ശോഭനക്ക് മാത്രം ലഭിച്ചത്തിന്റെ പ്രധാന കാരണങ്ങള്‍ ഇതൊക്കെ തന്നെയാണ്. മലയാളി വര്ഷങ്ങളായി ശീലിച്ച്‌ പോരുന്ന, മാറ്റം ആഗ്രഹിക്കാത്ത കുറെ അധികം ഐഡിയോളോജിസ് ഉണ്ട്. അതില്‍ നിന്നും വ്യത്യസ്തമായി അധികം പ്രത്യക്ഷപ്പെടാതിരുന്നത് കൊണ്ടും കൂടി സ്റ്റാര്‍ഡം ലഭിച്ച ശോഭനയെക്കാള്‍ കയ്യടികളും സ്നേഹവും ആദരവും അര്‍ഹിക്കുന്നത് എല്ലാത്തരം കഥാപാത്രങ്ങളെയും ഒരുപോലെ പരീക്ഷിച്ച്‌ വിജയിച്ച ഉര്‍വശി തന്നെയാണെന്ന് നിസ്സംശയം പറയാം.യുവതിയുടെ പോസ്റ്റിനെ തുടര്‍ന്ന് ജ്യോതിലാല്‍ എന്നൊരു യുവാവ് മറുപടി കുറിപ്പുമായി എത്തി..
ശോഭനയും ഉര്‍വ്വശിയുംഅല്പം മുന്‍പ് ശോഭനയെയും ഉര്‍വശിയെയും താരതമ്യം ചെയ്തുവന്ന പോസ്റ്റില്‍ കമന്റായി ഇവരെ താരതമ്യം ചെയ്യാനാവുമോ എന്ന് ചോദിച്ചിരുന്നു. പോസ്റ്റ് കണ്ടപ്പോള്‍ പെട്ടെന്ന് മനസ്സില്‍ വന്ന ഒരു ചോദ്യമായിരുന്നു അതെങ്കിലും പിന്നീട് ആ പറഞ്ഞതിനെ പറ്റി ചുമ്മാതെ ഒന്ന് ആലോചിച്ചു നോക്കി. തുടര്‍ന്ന് വിക്കി പീഡിയയില്‍ രണ്ടുപേരുടെയും ഹിസ്റ്ററി തിരഞ്ഞു. സത്യത്തില്‍ ആ കമന്റ് ചെയ്തപ്പോള്‍ ഇവരെ ശരിയായി താരതമ്യം ചെയ്യണമെന്ന് മനസ്സില്‍ പോലും ഉണ്ടായിരുന്നില്ല എന്നാല്‍ വിക്കി കണ്ടപ്പോള്‍ ഒന്ന് ബോധ്യമായി.

അഭിനയ കലയെ അടിസ്ഥാനപ്പെടുത്തി ലഭ്യമായ വിവരം വച്ച്‌ നോക്കിയാല്‍ ആനയും ആടും തമ്മിലുള്ള വ്യത്യാസം തിരയല്‍ മാത്രമേ ശോഭന ഉര്‍വശി താരതമ്യം കൊണ്ട് നമുക്ക് സാധ്യമാവൂ.കാരണം ഒരു രീതിയിലും കരിയറിലെ ഒരുഘട്ടത്തിലും ഉര്‍വശി എന്ന നടിയോട് അടുത്ത് വയ്ക്കാന്‍ സാധിക്കുന്ന ഒരു അഭിനയ പാടവം ശോഭനയില്‍ കണ്ടെത്തനാവുന്നില്ല.[ചിലപ്പോള്‍ എന്റെ കുഴപ്പമാവും ജാമ്യം എടുക്കുന്നു]ഉദാഹരണമായി എന്റെ ഈ പോയിന്റ് നിങ്ങളെ ബോധ്യപ്പെടുത്തനായി 1991 എന്ന വര്‍ഷത്തെ കുറിച്ചാണ് ഞാന്‍ പറയുന്നത്. അതായത് ഉര്‍വശി എന്ന നടിക്ക് തുടര്‍ച്ചയായി മൂന്നാം വട്ടം മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ച വര്‍ഷം.

89 ല്‍ മഴവില്‍ കാവടിയും 90 ല്‍ തലയിണ മന്ത്രവും സംസ്ഥാന പുരസ്‌കാരം നേടികൊടുത്തിരുന്നു, അത് തല്ക്കാലം മറക്കാം.നമ്മള്‍ സംസാരിക്കേണ്ടത് 91 നെ കുറിച്ചാണ് ആ വര്‍ഷം നാല് ചലച്ചിത്ര ങ്ങളിലെ പ്രകടനത്തിനാണ് അന്നവര്‍ക്കു പുരസ്കാരം ലഭിക്കുന്നത്.അവ യഥാക്രമം ഭരതം, കടിഞ്ഞൂല്‍കല്യാണം, മുഖചിത്രം, കാക്കത്തൊള്ളായിരം എന്നീ ചിത്രങ്ങളായി രുന്നു. ഉര്‍വ്വശിയുടെ പ്രകടനത്തെ കുറിച്ച്‌ ഇതിനോടകം അനേകം തവണ ഈ ചിത്രങ്ങള്‍ കണ്ട നിങ്ങളോട് പ്രത്യേകം പറയേണ്ടതില്ലല്ലൊ. അതായിരുന്നു മലയാളത്തില്‍ ഉര്‍വശി.
ഇനിയാണ് നമ്മള്‍ താരതമ്യം ചെയ്യേണ്ടത് , ശോഭന മാത്രമാക്കണ്ട മലയാളത്തിലെ ആദ്യ ദേശീയ പുരസ്കാര ജേതാവായ ശാരദ മുതല്‍ ഈ തലമുറയിലെ അന്നബെന്നിനെ വരെ നമുക്ക് പട്ടികയില്‍ പെടുത്താം. വേണമെങ്കില്‍ ചുമ്മാ തമാശക്ക് 1991 എന്ന ഒരു വര്‍ഷം മാത്രം ഇതുപോലെ ഒരു പ്രകടനം നടത്തി ഫീല്‍ഡ് വിട്ട ഒരു നടിയായി ഉര്‍വ്വശിയെ ഒന്ന് സങ്കല്‍പ്പിക്കുക ,എങ്കില്‍ പോലും മറ്റുള്ളവരുടെ മുന്നില്‍ ഉര്‍വശിയുടെ തട്ട് താഴ്ന്നിരിക്കുന്നത് നിങ്ങള്‍ക്കു കാണാനാവും.കാരണം ഈ ചിത്രങ്ങളില്‍ ഒരിടത്തും കാര്‍ബര്‍ കോപ്പിയായ നായിക എന്ന ബൊമ്മയെ നമുക്ക് കാണാനാവില്ല. നായകന്‍്റെ നിഴലായ ഒരു സ്ത്രീയെ നിങ്ങള്‍ക്ക് കാണാനാവില്ല.

പകരം ജേഷ്ഠന്‍ മരിച്ച ദുഃഖത്താല്‍ തകര്‍ന്ന ഗോപിനാഥന് ഒരു വിരല്‍ കൊണ്ട് പോലും പ്രചോദനമാവുന്ന ദേവിയെയും, അല്പം ഭ്രാന്ത് എന്ന് തോന്നുന്ന നിഷ്കളങ്കതയുടെ പ്രകടനവുമായി സുധാകരനെ വിവാഹം ചെയ്ത ഹൃദയകുമാരിയേയും, ഒരുരാത്രിയില്‍ യക്ഷിയെ പോലെ മാത്തു കുട്ടിയെ തേടിവരുന്ന സാവിത്രിയേയും, രാജശേഖരന്‍്റെ പെങ്ങളായ നിഷ്കളങ്കയായ രേവതിക്കുട്ടിയേയുമൊക്കെയായാണ് നമുക്ക് കാണാനാവുക. ഒരു നടനല്ല ഒരു നടിക്കു ലഭിച്ച വ്യത്യസ്തമായ വേഷങ്ങളെക്കുറിച്ചാണ് ഈ പറഞ്ഞത്, അതും ഒരു വര്‍ഷം കൊണ്ട്. അതുല്യമായ രീതിയില്‍ അവരത് കൈകാര്യവും ചെയ്തിരിക്കുന്നു. അതു കൊണ്ട് ശോഭന എന്നല്ല മലയാളത്തിലെ ഒരു നടിയോടും താരതമ്യം ചെയ്യാനാവാത്ത കരിയറാണ് കവിത രഞ്ജിനി എന്ന ഉര്‍വശിയുടേത് എന്ന് 1991 തന്നെ തെളിയിച്ചുതരുന്നു.
NB :ഈ പോസ്റ്റ് അഭിനയം എന്ന ഒറ്റ വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്.നൃത്തം സ്വകാര്യ ജീവിതം മുതലായ അഭിനയ ചാതുര്യത്തിന് പുറത്തുള്ള വിഷയങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല.