കുട്ടികൾക്ക് മുന്നിൽവെച്ച് തമ്മിൽത്തല്ലി അധ്യാപികമാർ, ജനാല അടയ്‌ക്കുന്നതിനെ ചൊല്ലിയുള്ള തർക്കം അവസാനിച്ചത് കൂട്ടത്തല്ലിൽ

പട്‌ന: ജനാലകൾ അടച്ചതിനെ തുടർന്ന് അദ്ധ്യാപികമാർ തമ്മിൽ ഏറ്റുമുട്ടി. ബീഹാറിലെ പട്നയിലാണ് സംഭവം. സ്‌കൂളിലെ ജനാലകൾ അടച്ചതിനെ തുടർന്ന് അദ്ധ്യാപികമാർ തമ്മിലുണ്ടായ തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. കുട്ടികൾ നോക്കിനിൽക്കെയാണ് അധ്യാപകർ പരിസരം മറന്ന് തമ്മിൽത്തല്ലിയത്. സ്‌കൂളിലെ പ്രധാന അദ്ധ്യാപികയും മറ്റൊരു അദ്ധ്യാപികയും തമ്മിലായിരുന്നു അടി.

ഇരുവരും തമ്മിൽ സ്‌ക്കൂളിൽ നിന്നും ആരംഭിച്ച തല്ല് ഒടുവിൽ സമീപത്തുള്ള വയലിലേക്കും നീണ്ടു. ഇരുവരും തമ്മിലുള്ള തർക്കത്തിന്റെയും തല്ലിന്റെയും വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.സംഭവത്തിൽ ഇരുവർക്കുമെതിരെ മാതൃകാപരമായ ശിക്ഷ എടുക്കണമെന്നാണ് ഉയരുന്ന ആവശ്യം.

ജനാല അടയ്‌ക്കുന്നതിലുണ്ടായ തർക്കം മുറുകി പ്രധാനാദ്ധ്യാപികയും സ്‌കൂളിലെ മറ്റൊരു അദ്ധ്യാപികയുമായി വക്കേറ്റത്തിലെത്തുകയായിരുന്നു. തുടർന്ന് പുറകെയെത്തിയ മറ്റൊരു അദ്ധ്യാപിക ചെരുപ്പ് കൊണ്ട് പ്രധാന അദ്ധ്യാപികയെ മർദ്ദിക്കുകയുമായിരുന്നു. സംഭവങ്ങളെല്ലാം തന്നെ വീഡിയോയിൽ വ്യക്തമായി കാണാനാകും.