ആദ്യ നിയമ വിജയം ഷിൻഡെ ക്യാമ്പിന്, മഹാരാഷ്ട്രയിൽ തൽസ്ഥിതി തുടരണം.

 

ന്യൂദല്‍ഹി/ മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍ നല്‍കിയ അയോഗ്യത നോട്ടീസ് ചോദ്യം ചെയ്ത് ഏക്‌നാഥ് ഷിന്‍ഡെ നല്‍കിയ ഹര്‍ജിയില്‍ വിമതര്‍ക്ക് അനുകൂലമായി സുപ്രീം കോടതി വിധി. ജൂലൈ 11 വരെ നോട്ടീസിന് കാലാവധി നീട്ടി നൽകി കൊണ്ടാണ് കോടതി തല്‍സ്ഥിതി തുടരണമെന്നും നിര്‍ദേശിച്ചത്.

ഒരു ഇടക്കാല നിർദ്ദേശത്തിലാണ് ഡെപ്യൂട്ടി സ്പീക്കർ നൽകിയ അയോഗ്യതാ നോട്ടീസിന് മറുപടി നൽകാൻ ഏകനാഥ് ഷിൻഡെയ്ക്കും മറ്റ് 15 വിമത എംഎൽഎമാർക്കും സുപ്രീം കോടതി തിങ്കളാഴ്ച കൂടുതൽ സമയം നൽകുകയായിരുന്നു. നേരത്തെ, വിമതർക്ക് തിങ്കളാഴ്ച മറുപടി നൽകേണ്ടതായിരുന്നു. എന്നാൽ, ഇപ്പോൾ അവർക്ക് ജൂലൈ 11 വരെ സമയം അനുവദിച്ചിട്ടുണ്ട്.

ഇത് സംബന്ധിച്ച് അഞ്ച് എതിര്‍ കക്ഷികള്‍ക്കും കോടതി നോട്ടീസ് അയച്ചു. എംഎല്‍എമാരുടെ കുടുംബങ്ങള്‍ക്ക് സുരക്ഷ നൽകണം – സുപ്രീംകോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. ഞായറാഴ്ച വൈകീട്ട് 6.30നായിരുന്നു വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുന്നത്.

ശിവസേനയുടെ നിയമസഭാ കക്ഷി നേതാവായി അജയ് ചൗധരിയെ തെരഞ്ഞെടുത്ത നടപടി നിയമവിരുദ്ധമാണെന്നും ശിവസേനയുടെ മൂന്നില്‍ രണ്ട് എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നും ഷിന്‍ഡെ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഗുവാഹത്തിയില്‍ ഹോട്ടലില്‍ കഴിയുന്ന വിമത എംഎല്‍എമാരുടെ യോഗത്തിന് ശേഷമാണ് ഷിന്‍ഡെ കോടതിയില്‍ ഹർജി നൽകുന്നത്.

അതേസമയം രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ശിവസേനയുടെ 15 വിമത എംഎല്‍എമാര്‍ക്ക് കേന്ദ്രം വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. ഷിന്‍ഡെ ക്യാംപിലുള്ള എംഎല്‍എമാരുടെ ഓഫീസുകള്‍ക്കും സ്വത്തുക്കള്‍ക്കും നേരെ ഉദ്ധവ് വിഭാഗക്കാര്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്നാണ് കേന്ദ്ര സർക്കാരിന്റെ നടപടി.

അതിനിടെ മകൻ ആദിത്യ താക്കറെ ഒഴികെ എല്ലാ കാബിനറ്റ് മന്ത്രിമാരും വിമത ക്യാമ്പിലേക്ക് നീങ്ങിയത് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്ക് തിരിച്ചടിയായി. വിമത വിഭാഗത്തെ അനുനയിപ്പിക്കാൻ ഉദ്ധവ് ശ്രമം തുടരുന്നു.

ചീഫ് വിപ്പ് വിളിച്ച യോഗത്തിൽ പങ്കെടുക്കാത്തത് ചൂണ്ടിക്കാട്ടിയാണ് 16 വിമത എം.എൽ.എമാർക്കെ തിരെ ഡെപ്യൂട്ടി സ്‌പീക്കർ അയോഗ്യതാ നോട്ടീസ് നൽകുന്നത്. ഇതിന് സാധുതയില്ലെന്ന് ചൂണ്ടിക്കാട്ടിയ വിമതർ,​ ഔദ്യോഗിക വിഭാഗം നോമിനി അജയ് ചൗധരിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തതിന് അംഗീകാരം നൽകിയതും കോടതിയിൽ ചോദ്യം ചെയ്യുകയായിരുന്നു. തങ്ങൾക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ടെന്ന വാദവും അവർ ഉന്നയിച്ചിട്ടുണ്ട്.

സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ഉദയ് സാമന്തും പിന്തുണ പ്രഖ്യാപിച്ചതോടെ വിമത ക്യാമ്പിലെ എം.എൽ.എമാരുടെ എണ്ണം 48ആയി. ഇതിൽ ഉദയയ്ക്ക് പുറമെ മന്ത്രിമാരായ ഏക്‌നാഥ് ഷിൻഡെ, ദാഡാജി ബൂസെ, ഗുലാബ്റാവു പാട്ടീൽ, സന്ദീപാൻ ഭൂമ്രെ, ശംഭുരാജ് ദേശായ്‌, അബ്‌ദുൾ സത്താർ, രാജേന്ദ്ര പാട്ടീൽ യെദ്രാവ്‌കർ, ബച്ചു കദു എന്നിവരുമുണ്ട്.