രാജമലയിലെ മണ്ണിടിച്ചില്‍ വന്‍ ദുരന്തം, അഞ്ച് മൃതദേഹം കണ്ടെത്തി, 14 പേരെ പുറത്തെടുത്തു, നാല് പേരുടെ നില ഗുരുതരം

മൂന്നാര്‍: മൂന്നാറിലെ രാജമലയില്‍ ഉണ്ടായത് വന്‍ ദുരന്തം. പുലര്‍ച്ചെ രണ്ട് മണിയോടെ ഉണ്ടായ മണ്ണിടിച്ചില്‍ അഞ്ച് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതുവരെ 14 പേരെ രക്ഷപ്പെടുത്തി. ഇതില്‍ നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്. മണ്ണിനടിയില്‍ നിന്നും കണ്ടെത്തിയവരെ ടാറ്റ ഹൈറേഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാര്‍ കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്റെ രാജമല പെട്ടിമുടി ഡിവിഷനിലെ ലയത്തിന് മുകളിലെക്കാണ് മണ്ണിടിഞ്ഞ് വീണത്.

പെട്ടിമുടി സെറ്റില്‍മെന്റിലെ നാല് ലയങ്ങള്‍ക്ക് മുകളിലേക്കാണ് മണ്ണ് ഇടിഞ്ഞ് വീണത്. ലയങ്ങളിലായി 80 പേരോളമാണ് ഉണ്ടായിരുന്നത്. ഇതില്‍ 60 ഓളം പേര്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങി കിടക്കുകയാണ്. പുറം ലോകവുമായി ബന്ധപ്പെടുന്ന പാലം തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സ്ഥലത്ത് എത്താന്‍ താമസമെടുതത്തു. മൂന്നാര്‍രാജമല റോഡിലെ പെരിയവര പാലം ഒലിച്ചു പോയതാണ് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.

പ്രദേശത്തെ ആശയ വിനിമയ സംവിധാനങ്ങള്‍ എല്ലാം തകര്‍ന്നിരിക്കുകയാണ്. പുറംലോകവുമായി ബന്ധപ്പെടണമെങ്കില്‍ മൂന്നാര്‍ ടൗണില്‍ എത്തേണ്ട അവസ്ഥയാണുള്ളത്.