മൃഗശാലയിലെ കാട്ടുപന്നികളുടെ കൂട്ടില്‍ അതിക്രമിച്ച് കയറി വീഡിയോ ചിത്രീകരിച്ച അഞ്ച് പേര്‍ അറസ്റ്റില്‍

സോഷ്യല്‍ മീഡിയയില്‍ വൈറല്‍ വീഡിയോ ചിത്രീകരിക്കുവാന്‍ മൃഗശാലയിലെ കാട്ടുപന്നികളുടെ കൂട്ടില്‍ കടന്ന് കയറിയ അഞ്ച് യുവാക്കള്‍ക്കെതിരെ പോലീസ് അറസ്റ്റ് ചെയ്തു.വിശാഖപട്ടണത്തെ ഇന്ദിര ഗാന്ധി സൂവോളജിക്കല്‍ പാര്‍ക്കിലാണ് സംഭവം. യുവാക്കള്‍ കൂട്ടിലേക്ക് കയറുന്നതും തുടര്‍ന്ന് കാട്ടുപന്നി ഇവരെ ആക്രമിക്കുന്നതും വിഡിയോയില്‍ കാണാം.

19നും 21നും ഇടയില്‍ പ്രായമുള്ള ലക്ഷ്മണ്‍ റാവു, സായ് ഗണേഷ്, സമ്പത്ത് സായ്, ദിലീപ് കുമാര്‍, കാരന്‍ ജശ്വന്ത് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെക്കുവനാണ് കാട്ടുപന്നികളുടെ കൂട്ടില്‍ കയറിയതെന്ന് യുവാക്കള്‍ പോലീസിനോട് പറഞ്ഞു.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുവാന്‍ തീരുമാനിച്ചതായി മൃഗശാല അധികൃതര്‍ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പാര്‍ക്കിന്റെ ചുറ്റുമതിലിന്റെ ഉയരം വര്‍ദ്ധിപ്പിക്കാനും നടപടികള്‍ സ്വകരിക്കുമെന്ന് മൃഗശാല അധികൃതര്‍ വ്യക്തമാക്കി. 1972ലെ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.