ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചിട്ട് മറ്റ് സ്ത്രീകളുടെ കൂടെ പോകുന്നവർ ഇല്ലേ? നമ്മൾ നേരിട്ട് പറയാൻ മടിക്കുന്നത് പച്ചക്ക് സീരിയിലിലൂടെ പറയുന്നു

മീര വാസുദേവ് പ്രധാന വേഷത്തിലെത്തുന്ന പരമ്പരായാണ് കുടുംബവിളക്ക്. ടിആർപി റേറ്റിം​ഗിൽ കാലങ്ങളായി മുന്നിൽ നിൽക്കുന്ന പരമ്പരയാണ്. പരമ്പരയിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്. നടി മീര വാസുദേവാണ് സീരിയലിൽ കേന്ദ്രകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. അച്ഛച്ഛൻ ശിവദാസമേനോൻ, അച്ഛമ്മ സരസ്വതി, എന്നീ രണ്ട് കഥാപാത്രങ്ങളിൽ എത്തുന്ന താരങ്ങളാണ് എഫ് ജെ തരകനും, ദേവി മേനോനും. ഇപ്പോളിതാ കുടുംബവിളക്ക് സീരിയലിനെക്കുറിച്ച് പറയുകയാണ് എഫ് ജെ തരകൻ.

കഴിഞ്ഞ രണ്ടു വർഷത്തോളമായി താൻ കുടുംബവിളക്കിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. രണ്ടു വർഷം തുടർച്ചയായി ഏഷ്യാനെറ്റിൽ ഏറ്റവും ഉയർന്ന റേറ്റിംഗ് ഉള്ള സീരിയലാണ് കുടുംബവിളക്ക്. സാത്വികനും നിഷ്‌കളങ്കനുമാണ് ശിവദാസമേനോനെ . അദ്ദേഹത്തിന്റെ നിലപാടുകൾ കാരണം എല്ലാവരും ഇഷ്ടപ്പെടുന്നുണ്ട് എന്നാണ് എന്റെ വിശ്വാസം. എനിക്കും ഏറെ ഇഷ്ടമുള്ളതും, അഭിമാനം ഉണ്ടാക്കുന്നതുമായ ഒരു ഉത്തമ കഥാപാത്രം കൂടിയാണ് ശിവദാസ മേനോൻ.

കുടുംബവിളക്കിൽ അഭിനയിച്ച് തുടങ്ങിയതിന് ശേഷം നൂറുകണക്കിന് ആളുകളുടെ മെസേജുകൾ തന്നെ തേടി വരാറുണ്ട്. ഭൂരിപക്ഷവും, ‘അങ്കിളേ കുടുംബവിളക്ക് എന്റെ കഥയാണ്. ഞാനും ഒരു സുമിത്രയാണ്, മീരചേച്ചിയെ ചോദിച്ചതായി പറയുമോ’ എന്നൊക്കെ ആയിരിക്കും. നമ്മുടെസമൂഹത്തിൽ വിരളമായതു ശിവദാസമേനോന്മാരാണ്

എന്റെ അഭിപ്രായത്തിൽ സീരിയിൽ നിരോധിക്കണമെന്ന വാദഗതി തികച്ചും കാപട്യമാണ്. സീരിയലുകളിൽ വരുന്ന കഥകൾ നമ്മുടെ ചുറ്റുപാടും നടക്കുന്ന നിരവധി സംഭവങ്ങളെ ആധാരമാക്കി രചിച്ചവയാണ്. സ്വന്തം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചിട്ട് മറ്റ് സ്ത്രീകളുടെ കൂടെ പോകുന്നവർ ഇല്ലേ? അങ്ങനെ പോകുന്നവരെ ന്യായീകരിക്കുന്ന അച്ഛനമ്മാർ, ഒപ്പം പോകുന്ന മക്കൾ ഒക്കെ അനവധിയാണ്.

ഭർത്താവിനെയും, പിഞ്ചുകുഞ്ഞുങ്ങളെയും നിഷ്‌ക്കരുണം തള്ളിയിട്ടു പോകുന്ന എത്രയോ സ്ത്രീകളെ നമ്മൾ കാണുന്നു ദിനംതോറും. അസൂയ കുത്തിനിറച്ച മനസ്സുമായി സ്വന്തം സഹോദരന്റെ ധർമപത്‌നിക്ക് ദോഷം മാത്രം ആഗ്രഹിച്ചു നടക്കുന്ന എത്രയോ സ്ത്രീകളെ കാണുന്നു. അതുപോലെ നിരവധി സംഭവങ്ങൾ നമ്മുടെ സമൂഹത്തിൽ നടക്കുന്നുണ്ട്. നമ്മൾ നേരിട്ട് പറയാൻ മടിക്കുന്നത് പച്ചക്ക് സീരിയിലിലൂടെ പറയുന്നു എന്ന് മാത്രം. കുടുംബവിളക്കിൽ തന്നെയുള്ള കഥ തികച്ചും നടക്കുന്നതും നടക്കാനിരിക്കുന്നതുമായ സംഭവങ്ങളാണ്. സീരിയലുകൾ കണ്ട് നെറ്റി ചുളിക്കേണ്ട കാര്യമില്ല.