ഭക്ഷണ വിതരണ ആപ് ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു

കൊച്ചി. ഭക്ഷണവിതരണ ശൃംഖലയിലെ ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. മിനിമം നിരക്കുവര്‍ധന ആവശ്യപ്പെട്ടാണ് സമരം. 150ല്‍ അധികം തൊഴിലാളികള്‍ വൈറ്റിലയില്‍ സംഘടിച്ച് പ്രതിഷേധിച്ചു. നഗരത്തില്‍ രാവിലെ മുതല്‍ ആപ് വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുവാന്‍ സാധിക്കാത്ത സാഹചര്യമാണ്. ലേബര്‍ കമ്മീഷന്റെ നേതൃത്വത്തില്‍ ചര്‍ച്ച തീരുമാനിച്ചതിനാല്‍ സമരം ഉണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം ജില്ലാ ഭരണ കേന്ദ്രത്തില്‍ നിന്നും അറിയിപ്പ് ഉണ്ടായിരുന്നു.

അതേസമയം തൊഴിലാളി സംഘടനയില്‍പ്പെട്ടവരുമായി ചര്‍ച്ച നടത്തി കമ്പനി പ്രതിനിധികളുമായിട്ടുള്ള ചര്‍ച്ചയ്ക്കുള്ള സമയം തീരുമാനിച്ചതല്ലാതെ സമരം പിന്‍വലിച്ചിരുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. ഉച്ചയ്ക്ക് 12നാണ് ചര്‍ച്ച നടക്കുന്നത്. അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കാതെ കമ്പനി വഞ്ചിക്കുകയാണെന്ന് തൊഴിലാളികള്‍ പറയുന്നു. വേതനം രണ്ട് കിലോമീറ്ററിന് 25 രൂപയാക്കണമെന്നാണ് ആവശ്യം. വാഹനം അധികമായി ഓടുന്ന ഓരോ കിലോമീറ്ററിനും 10 രൂപ ആധികം നല്‍കണം.

പാര്‍ട് ടൈമായി ഓടുന്നവര്‍ക്ക് മിനിമം 500 രൂപ ഉറപ്പാക്കണം തുടങ്ങി 30 ആവശ്യങ്ങളാണ് തൊഴിലാളികള്‍ ഉന്നയിക്കുന്നത്. വേതതവര്‍ധനവ് ആശ്യപ്പെട്ട് തൊഴിലാളികള്‍ തിരുവനന്തപുരത്തും സമരം നടത്തി. ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചിരുന്നു. മറ്റ് ജില്ലകളില്‍ നിന്നും വിവിധ ജോലിക്കെത്തിയവരും വിദ്യാര്‍ഥികളുമാണ് ഭക്ഷണ വിതരണത്തിനുള്ളത്.