വിവാഹ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച നൂറോളം പേര്‍ക്ക് ഭക്ഷ്യ വിഷബാധ

പേരാമ്പ്ര: കായണ്ണയില്‍ നൂറോളം പേര്‍ക്ക് ഭക്ഷ്യ വിഷബാധ. വിവാഹ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച കുട്ടികളടക്കം നൂറോളം പേര്‍ അസ്വസ്ഥതകളെ തുടര്‍ന്ന് ചികിത്സ തേടി. വയറിളക്കം, ഛര്‍ദ്ദി, പനി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തലേ ദിവസം പങ്കെടുത്തവര്‍ക്കും വിവാഹ ദിവസം പങ്കെടുത്തവര്‍ക്കും ഭക്ഷ്യ വിഷബാധയേറ്റിട്ടുണ്ട്. വെള്ളത്തില്‍ നിന്നാണ് വിഷബാധ ഏറ്റതെന്നാണ് പ്രാഥമിക നിഗമനം. ചികിത്സയിലുള്ളവരില്‍ കൂടുതല്‍ പേരും കുട്ടികളാണ്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചു.

അതിനിടെ ഭക്ഷ്യ വിഷബാധയേറ്റ കുട്ടികളെ പ്രവേശിപ്പിച്ച പേരാമ്പ്ര താലൂക്കാശുപത്രിയില്‍ കുട്ടികളുടെ ഡോക്ടര്‍മാരില്ലാത്തത് പ്രതിഷേധത്തിനിടയാക്കി. സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ ഇല്ലാത്തതോടെ കുട്ടികളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.