കേരളത്തിൽ ഉയർന്നുവരുന്ന ശക്തനായ നേതാവാണ് ദേവനെന്ന് ഫോർബ്‌സ് മാസിക, നിമിഷങ്ങൾക്കകം നടനുമായുള്ള അഭിമുഖം പിൻവലിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപന സമയത്താണ് നടൻ ദേവൻ തന്റെ രാഷ്ട്രീയം വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായ ഭാഷയിൽ തള്ളിപ്പറഞ്ഞും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാഴ്ത്തിയും ദേവൻ മാധ്യമങ്ങളിൽ സജീവമായിരുന്നു. തുടർന്ന് നിലവിലുള്ള ഒരു മുന്നണിയിലും ചേരാതെ സ്വന്തമായി രാഷ്ട്രീയ പാർട്ടി രൂപീകരിച്ചാണ് ദേവൻ രാഷ്ട്രീയത്തിലേക്ക് സജീവമാകുന്നത്.

‘നവകേരള പീപ്പിൾസ് പാർട്ടി’യുമായി രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം ചെയ്ത നടൻ ദേവനെ കേരളത്തിലെ ഉയർന്നുവരുന്ന ശക്തനായ നേതാവെന്നെന്നാണ് ‘ഫോർബ്‌സ് ഇന്ത്യ’ മാസിക പരിചയപ്പെടുത്തിയത്. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ പ്രസിദ്ധീകരിച്ച നടന്റെ ഒരു അഭിമുഖത്തിലാണ് മാസിക ഇങ്ങനെ ഒരു തലക്കെട്ട് നൽകിയിരിക്കുന്നത്. എന്നാൽ മാ​ഗസിന്റെ ഈ തലക്കെട്ട വിവാദമായതോടെ ഈ അഭിമുഖം ‘ഫോർബ്‌സ് ഇന്ത്യ’വെബ്‌സൈറ്റിൽ നിന്നും മാസിക നീക്കം ചെയ്തിട്ടുമുണ്ട്.

അഴിമതിക്കും അനീതിക്കുമെതിരെയുള്ള ഒരു ദൗത്യത്തിലാണ് ദേവനും അദ്ദേഹത്തിന്റെ പാർട്ടിയെന്നും അഭിമുഖത്തിൽ പറയുന്നുണ്ട്. അതേസമയം
ഈ വാർത്തയോട് വ്യത്യസ്ത രീതികളിലാണ് സോഷ്യൽ മീഡിയ പ്രതികരിച്ചത്. കേരള സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവരുൾപ്പെടെയുള്ള നിരവധി പേർ സംഭവത്തോട് ട്രോളുകളും പരിഹാസങ്ങളും കൊണ്ടാണ് പ്രതികരിച്ചത്. അഭിമുഖത്തിന്റെ വെബ് ലിങ്ക് പങ്കുവച്ചുകൊണ്ട് എഴുത്തുകാരായ എൻ.എസ് മാധവൻ, അനിതാ നായർ തുടങ്ങിയവർ രംഗത്തുവന്നിട്ടുണ്ട്. അഭിമുഖത്തിലെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ‘ആരാണീ ദേവൻ?’ എന്നാണ് എൻ. എസ്. മാധവന്റെ ട്വിറ്ററിലൂടെ ചോദിക്കുന്നത്.