ഷഹനയുടെ മരണം; തൂങ്ങിമരിച്ച കയര്‍ പരിശോധിക്കും; വീട്ടില്‍ ഫോറന്‍സിക് പരിശോധന

കോഴിക്കോട്: മോഡല്‍ ഷഹനയുടെ മരണത്തില്‍ ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറന്‍സിക് സംഘം അവര്‍ താമസിച്ചിരുന്ന വീട്ടിലെത്തി. ഭര്‍ത്താവ് സജ്ജാദിനൊപ്പം താമസിച്ചിരുന്ന കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടകവീട്ടിലാണ് പരിശോധന നടന്നത്. വീട്ടിലെ ജനലില്‍ ചെറിയ കയര്‍ ഉപയോഗിച്ചാണ് ഷഹന തൂങ്ങിമരിച്ചതെന്നാണ് വിവരം. എന്നാല്‍ വിവരമറിഞ്ഞ് ആളുകള്‍ എത്തുമ്പോഴേക്കും ഷഹനയെ സജ്ജാദ് താഴെയിറക്കിയിരുന്നു.

സജ്ജാദിന്റെ മടിയില്‍ ബോധമറ്റു കിടന്ന ഷഹന, ആശുപത്രിയിലെത്തും മുന്‍പേ മരിച്ചു. ഇതിന് പിന്നില്‍ അസ്വാഭാവികതയുണ്ടെന്ന് ആരോപണം  ഉയര്‍ന്നിരുന്നു. ഷഹനയുടെ മരണത്തിന് പിന്നാലെ അറസ്റ്റിലായ സജ്ജാദ് നിലവില്‍ റിമാന്‍ഡിലാണ്.  ഷഹനയുടേത് കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. ഷഹന ഉപയോഗിച്ചു എന്ന് കരുതപ്പെടുന്ന ചെറിയ കയറില്‍ തൂങ്ങിമരിക്കാന്‍ സാധിക്കുമോ എന്നുള്ള കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. സജ്ജാദ് ലഹരിക്ക് അടിമയാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇത് വാസ്തവമാണെന്ന് പോലീസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഏതുതരത്തിലുള്ള ലഹരികളാണ് ഇയാള്‍ ഉപയോഗിച്ചിരുന്നതെന്നത് അടക്കമുള്ള കാര്യങ്ങളേക്കുറിച്ച് അറിയാനുള്ള ശാസ്ത്രീയ പരിശോധനയും ഫോറന്‍സിക് സംഘം നടത്തും. കെട്ടിട ഉടമയോടും സംഘം വിവരങ്ങള്‍ ചോദിച്ചറിയും.

അതേസമയം, സജ്ജാദും ഷഹനയും തമ്മില്‍ വഴക്കും ഉന്തുംതള്ളും പിടിവലിയുമുണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഷഹനയുടെ നേര്‍ക്ക് ദേഹോപദ്രവവും ഉണ്ടായിട്ടുണ്ട്. 24 മണിക്കൂറിനിടെയുണ്ടായ ഉപദ്രവങ്ങളുടെ പാടുകളാണ് മരിച്ചസമയത്ത് ഷഹനയുടെ ദേഹത്തുണ്ടായിരുന്നതെന്ന് ഡോക്ടര്‍ അറിയിച്ചതായും പോലീസ് കൂട്ടിച്ചേര്‍ത്തു. വീട്ടില്‍നിന്ന് വെയിങ് മെഷീനും പാക്കിങ് വസ്തുക്കളും ഉള്‍പ്പെടെയുള്ളവ കണ്ടുകിട്ടിയിട്ടുണ്ട്. സജ്ജാദിന് ലഹരിമരുന്നു വിതരണവും ഉപയോഗവും ഉണ്ടായിരുന്നു. എല്ലാത്തരം ലഹരിമരുന്ന് ഇടപാടുകളും സജ്ജാദിനുണ്ടായിരുന്നു. സൊമാറ്റോ ഡെലിവറി ബോയ് ആയി ജോലി ചെയ്തുവരികയായിരുന്നു സജ്ജാദ്. ഇതിന്റെ മറവിലായിരുന്നു ലഹരിമരുന്ന് ഇടപാടുകള്‍ നടത്തിയിരുന്നത്. സജ്ജാദിന് ലഹരി വസ്തുക്കള്‍ നല്‍കുന്നവരേക്കുറിച്ചും ഇയാളുമായി ഇടപാട് നടത്തുന്നവരേക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.