വയനാട് ജില്ലയിലെ മുട്ടിൽ മുറിച്ചത് 101 മരങ്ങള്‍; കടത്തിയ 10 കോടിയുടെ തടി പിടിച്ചെടുത്തു-എ.കെ ശശീന്ദ്രന്‍

വയനാട് ജില്ലയിലെ മുട്ടിൽ സൗത്ത് വില്ലേജിൽ അനധികൃതമായി മുറിച്ച് കടത്തിയത് 101 മരങ്ങളെന്നും കടത്തിയ 10 കോടിയുടെ തടി പിടിച്ചെടുത്തുഎന്നും വനംവകുപ്പു മന്ത്രി എ.കെ. ശശീന്ദ്രൻ. വനസംരക്ഷണമാണ് സർക്കാരിന്റെ ലക്ഷ്യം എന്നതിൽ ആർക്കും സംശയം ഉണ്ടാകേണ്ട കാര്യമില്ല. വനനശീകരണ പ്രവർത്തനത്തിൽ ഒരാളെയും സംരക്ഷിക്കാനോ അവർക്ക് എന്തെങ്കിലും സഹായം ചെയ്തുകൊടുക്കാനോ ഈ സർക്കാർ ശ്രമിക്കില്ല. മരംമുറി വിഷയത്തിൽ കർശന നടപടികൾ സ്വീകരിച്ചു വരികയാണ്. മുട്ടിൽ മരംമുറി വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അന്വേഷണം പൂർത്തിയാക്കി ഉടൻ കോടതിയിൽ ചാർജ് റിപ്പോർട്ട് സമർപ്പിക്കുമെന്നും ശശീന്ദ്രൻ പറഞ്ഞു.

നിലവിൽ 41 കേസുകൾ ഇതിൻപ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. മുറിക്കപ്പെട്ട തടികൾ കടത്തിക്കൊണ്ടു പോകുന്നതിന് 14 അപേക്ഷകൾ മേപ്പാടി റേഞ്ച് ഓഫീസിൽ ലഭിച്ചു. മുട്ടിൽ സൗത്ത് വില്ലേജിലെ വാഴവറ്റ സ്വദേശികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവരാണ് അപേക്ഷ സമർപ്പിച്ചത്. എന്നാൽ അനുമതി നിഷേധിക്കുകയാണ് ചെയ്തത്. ഇത്തരത്തിൽ അനുമതി നിഷേധിക്കപ്പെട്ട തടികൾ 3.2.2020-ന് ഇവർ പെരുമ്പാവൂരിലേക്ക് കടത്തിയതായി കണ്ടെത്തി. രഹസ്യവിവരത്തെ തുടർന്ന് 8.2.21 മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും പെരുമ്പാവൂരിൽ ചെന്ന് തടികൾ മുഴുവൻ പിടിച്ചെടുക്കുകയുണ്ടായി. ഇത്തരത്തിൽ തക്കസമയത്ത് നടപടി എടുത്തതിനാൽ കോടികൾ വിലമതിക്കുന്ന തടികൾ പിടിച്ചെടുത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.