യുപിയിൽ കോൺഗ്രസ് നിലംപരിശാകുന്നു; യു പി എ സർക്കാരിൽ ആഭ്യന്തര സഹ മന്ത്രിയായിരുന്ന ആർ പി എൻ സിങ് ബിജെപിയിൽ ചേർന്നു

തിരെഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നിൽക്കുന്ന യുപിയിൽ കോൺഗ്രസിന്റെ കാലിടറുന്നു. നേരത്തെ യു പി എ സർക്കാരിൽ ആഭ്യന്തര സഹ മന്ത്രിയായിരുന്ന ആർ പി എൻ സിങ് ബിജെപിയിൽ ചേർന്നു. ബി ജെ പി ആസ്ഥാനത്ത് എത്തിയാണ് അദ്ദേഹം പാർട്ടി അം​ഗത്വം സ്വീകരിച്ചത്. ആർ പി എൻ സിങിനൊപ്പം യുപിയിലെ രണ്ട് കോൺ​ഗ്രസ് നേതാക്കളും ബി ജെ പി അംഗത്വം സ്വീകരിച്ചു. യുപിയിലെ നേതാക്കളും മന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, ധർമേന്ദ്ര പ്രധാൻ, അനുരാഗ് ഠാക്കൂർ എന്നിവരും അം​ഗത്വ സ്വീകരണ ചടങ്ങിൽ ഉണ്ടായിരുന്നു.

അം​ഗത്വം സ്വീകരിച്ച ശേഷം ബിജെപി നേതൃത്വത്തിന് ആർ പി എൻ സിങ് നന്ദി പറഞ്ഞു. പലരും എന്നെ ബി ജെ പി യിൽ ചേരണമെന്ന് തന്നെ ഉപദേശിച്ചിരുന്നു. കുറേനാൾ ചിന്തിച്ച ശേഷമാണ് ഇത്തരമൊരു തീരുമാനം എടുത്തത്. യു പിയിൽ യോഗി സർക്കാർ കഴിഞ്ഞ വർഷം ക്രമസമാധാന പാലനത്തിലടക്കം വലിയ മികവ് തെളിയിച്ചുവെന്നും ആർ പി എൻ സിങ് പറഞ്ഞു. പ്രധാനമന്ത്രിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ആയി ബിജെപിയിൽ ചേർന്നു പ്രവർത്തിക്കുകയാണെന്നും ആർ പി എൻ സിങ് പറഞ്ഞു.

32 വർഷം കോൺഗ്രസിൽ പ്രവർത്തിച്ചു. പക്ഷെ പഴയ പാർട്ടിയല്ല കോൺഗ്രസ് ഇപ്പോഴെന്നും ആർ പി എൻ സിങ് പ്രതികരിച്ചു.