തിരുവല്ലയിലെ പി ബി സന്ദീപ് കുമാറിന്റേത് രാഷ്ട്രീയ കൊലപാതകമല്ല; നാലുപേര്‍ അറസ്റ്റില്‍

തിരുവല്ലയില്‍ സിപിഐഎം പ്രാദേശിക നേതാവ് പി ബി സന്ദീപ് കുമാറിന്റെ കൊലപാതകത്തില്‍ നാല് പ്രതികള്‍ കസ്റ്റഡിയില്‍. ജിഷ്ണു ചാത്തങ്കേരി, നന്ദു, പ്രമോദ്, ഫൈസി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ ഉള്‍പ്പെട്ട വേങ്ങല്‍ സ്വദേശി അഭി എന്നയാള്‍ക്കുവേണ്ടി തെരച്ചില്‍ തുടരുകയാണ്. ആലപ്പുഴയിലെ കരുവാറ്റയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. മുഖ്യപ്രതി ജിഷ്ണു ചാത്തങ്കേരി മുന്‍ യുവമോര്‍ച്ച പെരിങ്ങര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ്. സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നില്‍ സംശയിക്കുന്നതായി എസ്പി ആര്‍ നിശാന്തിനി പറഞ്ഞു.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിരുവല്ലയില്‍ ഇന്ന് സിപിഐഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. തിരുവല്ല നഗരസഭയിലും അഞ്ച് പഞ്ചായത്തുകളിലും രാവിലെ ആറു മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് തിരുവല്ല മേപ്രാലില്‍ വച്ച് സന്ദീപിനെ കുത്തി കൊലപ്പെടുത്തിയത്. വയലിന് സമീപത്ത് ഒരു കലുങ്കില്‍ ഇരിക്കുകയായിരുന്ന സന്ദീപിനെ ഒരു സംഘമാളുകള്‍ ബൈക്കിലെത്തി വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെട്ടുകയായിരുന്നു. ആക്രമത്തില്‍ ആഴത്തിലുള്ള മുറിവാണ് സന്ദീപിന് ഏറ്റത്. ആക്രമണം നടന്നയുടന്‍ സന്ദീപിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു.

തിരുവല്ലയിലെ പി ബി സന്ദീപ് കുമാറിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പൊലീസ്. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നതായി എസ് പി ആർ നിശാന്തിനി 24 നോട് പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ അഞ്ചാംഗ സംഘമാണ്. പി ബി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികൾ പൊലീസ് കസ്‌റ്റഡിയിലാണ്.