അനധികൃത കെട്ടിടത്തിന് നമ്പർ ഇടാൻ നാല് ലക്ഷം കൈക്കൂലി, ഏഴ് പേർ അറസ്റ്റിലായി.

 

കോഴിക്കോട്/ കോഴിക്കോട് കോർപറേഷനിൽ അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ കൊടുക്കാൻ നാല് ലക്ഷം കൈക്കൂലി വാങ്ങിയ ഏഴ് പേർ അറസ്റ്റിലായി. മുൻ അസിസ്റ്റന്റ് എൻജിനീയർ, രണ്ട് ക്ലർക്കുമാരടക്കം ഏഴ് പേർ ആണ് അറസ്റ്റിലായിരിക്കുന്നത്. അബൂബക്കര്‍ സിദ്ദിഖ് എന്നയാള്‍ക്ക് കാരപ്പറമ്പ് കരിക്കാംകുളത്ത് കെട്ടിട നമ്പര്‍ അനുവദിച്ച കേസിലാണ് ഇപ്പോൾ അറസ്റ്റ് ഉണ്ടായത്.

അനില്‍ കുമാര്‍, സുരേഷ് എന്നീ ക്ലാര്‍ക്കുമാർക്കും കെട്ടിട ഉടമയ്ക്കും പുറമെ കോർപറേഷനിൽ നിന്ന് വിരമിച്ച അസിസ്റ്റന്റ് എൻജിനീയർ, മൂന്ന് ഇടനിലക്കാർ എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇത്തരത്തിൽ മൊത്തം ആറ് കെട്ടിടങ്ങൾക്കാണ് കൈക്കൂലി വാങ്ങി നുബിർ നൽകിയിരിക്കുന്നത്. നമ്പർ അനുവദിക്കാൻ നാല് ലക്ഷം രൂപയാണ് ഇവർ കൈക്കൂലി ഇനത്തിൽ വാങ്ങിയത്. മറ്റൊരു അപേക്ഷയുടെ പഴുതുപയോഗിച്ചാണ് കെട്ടിടത്തിന് നമ്പര്‍ നല്‍കിയിരിക്കുന്നത്.

ക്ലാർക്ക് സുരേഷാണ് ഉദ്യോഗസ്ഥരുടെ പാസ് വേർഡ് ചോർത്തി കെട്ടിടത്തിന് നമ്പർ അനുവദിക്കുന്നതിൽ സൂത്രധാരനായത്. വ്യാജ രേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം, ഐടി ആക്ട് എന്നീ വകുപ്പുകളിലാണ് കേസെടുത്തതെന്ന് കോഴിക്കോട് അസിസ്റ്റന്റ് കമ്മിഷണര്‍ എം സിദ്ദിഖ് പറഞ്ഞിട്ടുണ്ട്. മൊത്തം ഉള്ള ആറ് കേസുകളായി ലക്ഷങ്ങൾ ഇവർ കൈക്കൂലി വാങ്ങിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ഒരു കെട്ടിടവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഏഴ് പ്രതികളെ പിടികൂടിയത്. ബാക്കിയുള്ള കേസുകളില്‍ അന്വേഷണം നടക്കുകയാണ്. അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.

കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ കെട്ടിടങ്ങള്‍ക്ക് അനധികൃതമായി അനുമതി നല്‍കിയത് ശ്രദ്ധയില്‍പ്പെട്ട ഗ്രേഡ് II റവന്യൂ ഉദ്യോഗസ്ഥന്‍ ആറ് മാസം മുമ്പ് കോര്‍പറേഷന്‍ സെക്രട്ടറിയ്ക്ക് കത്തയക്കുകയായിരുന്നു. 2021 ജൂലായ് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ നടന്ന ക്രമക്കേടുകള്‍ക്ക് തന്റെ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ പതിച്ചിട്ടുണ്ടെന്നും അത് തന്റെ അറിവോടെയല്ല നടന്നിരിക്കുന്ന തെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. ഈ ഉദ്യോഗസ്ഥനാണ് സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെടുന്നത്.

കോര്‍പറേഷനിലെ ഉദ്യോഗസ്ഥരും വിരമിച്ച ഉദ്യോഗസ്ഥരും റിയല്‍ എസ്റ്റേറ്റ് മാഫിയകളും ഒരുമിച്ച് ചേര്‍ന്നുള്ള തട്ടിപ്പാണ് നടന്നിരിക്കുന്നത്. കെട്ടിട നമ്പര്‍ അനുവദിക്കുന്ന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയറിന്റെ അപാകം മൂലമുണ്ടായ പിഴവാണെന്നായിരുന്നു ന്യായീകരണം. തുടർന്ന് വിശദീകരണം പോലും ആവശ്യപ്പെടാതെ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷധവും ഉണ്ടായി. അതേസമയം കേസുമായി ബന്ധപ്പെട്ട് കോര്‍പറേഷന്‍ നാല് പേരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ നാല് ഉദ്യാഗസ്ഥരില്‍ ആരും ഇപ്പോള്‍ അറസ്റ്റിലായവരില്‍ ഇല്ല എന്നതാണ് ശ്രദ്ധേയം.