വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയവർക്ക് സൗജന്യ ആരോഗ്യ പരിശോധന

വിവാഹം എന്ന് ചിന്തിക്കുമ്പോൾ തന്നെ ഏതൊരാളുടെയും മനസ്സിൽ അതെങ്ങനെ വ്യത്യസ്തമാക്കാമെന്ന ചിന്തയാകും ആദ്യം എത്തുക. ഓരോത്തരും ഇതിനായി പല തരത്തിലുള്ള ആശയങ്ങളാകും തിരഞ്ഞെടുക്കുക. എന്നാൽ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയവർക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒരു സേവനം ഒരുക്കി നൽകി ശ്രദ്ധ നേടിയിരിക്കുകയാണ് വിഷ്ണുവും അർത്ഥനയും. അതിഥികളായി എത്തിയവർക്കെല്ലാം സൗജന്യ ആരോഗ്യ പരിശോധന.

എന്തുകൊണ്ടും ഇത് വ്യത്യസ്തം തന്നെയാണ്. വിവാഹദിനത്തിൽ അതിഥികളായെത്തിയവർ ആദ്യമൊന്ന് ഞെട്ടി, കല്യാണപന്തലിനോട് തൊട്ടുചേർന്ന് ഒരു ബസ്സ് നിർത്തിയിട്ടിരിക്കുന്നു, സാധാരണ എല്ലാവരേയും ഭക്ഷണ പന്തലിലേക്കാണ് വരനും കുടുംബവും ക്ഷണിക്കാറുള്ളതെങ്കിൽ ഇവിടെ എല്ലാവരേയും ആ ബസ്സിനകത്തേക്കാണ് ക്ഷണിക്കുന്നത്. അവിടെ ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും ഉണ്ടായിരുന്നു.
അവിടെ എത്തിയവർക്കെല്ലാം വേണ്ട പരിശോധനകൾ നടത്തി. പരിശോധനയ്ക്ക് നേതൃത്വം നൽകിയത് കോഴിക്കോട് ആസ്റ്റർ മിംസിലെ എമർജൻസി മെഡിസിനിലെ ഡോ. അനഘയും ടീമുമായിരുന്നു.

കോഴിക്കോട് പുറമേരി വാട്ടർ സെന്ററിന് സമീപം കേളോത്ത് ബാലകൃഷ്ണന്റെ മകൻ വിഷ്ണുവും മേമുണ്ട മീത്തലെ കോമത്ത് ചന്ദ്രന്റെ മകൾ അർത്ഥനയുടേയും വിവാഹ സുദിനത്തിലാണ് വേറിട്ട ഈ സാമൂഹിക സേവന പ്രവർത്തനത്തിന് വേദിയൊരുക്കിയത്. വിഷ്ണു കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ ബ്രാന്റിംഗ് വിഭാഗം ജീവനക്കാരൻ കൂടിയാണ്.

സൗജന്യ രോഗനിർണ്ണയ പരിശോധന ഏർപ്പെടുത്തിയത് വെറുതെയായില്ല എന്ന് വിഷ്ണു സാക്ഷ്യപ്പെടുത്തുന്നു. പരിശോധന നടത്തിയവരിൽ 180ഓളം പേർക്ക് തുടർ ചികിത്സ ആവശ്യമായ രോഗങ്ങളുണ്ടായിരുന്നു. ഇവർക്കാവശ്യമായ തുടർ ചികിത്സാ സൗകര്യങ്ങളും കുടുംബം നൽകി.