ആത്മസുഹൃത്തിന്റെ മരണത്തില്‍ മനംനൊന്ത് ആര്‍ക്കിടെക്ട് ജീവനൊടുക്കി; സംഭവം കോഴിക്കോട്

കോഴിക്കോട്: ആത്മസുഹൃത്തിന്റെ മരണത്തില്‍ മനംനൊന്ത് മലപ്പുറം സ്വദേശിയായ ആര്‍ക്കിടെക്ട് ജീവനൊടുക്കി. മലപ്പുറം സ്വദേശി തലക്കുടത്തൂര്‍ കോവുങ്ങല്‍ മധുരമംഗലത്ത് ഹാമിദ് (32) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് മലാപ്പറമ്പ് ഹൗസിങ് കോളനിയില്‍ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്.

ഹാമിദിനെ കാണാതായതിനെ തുടർന്ന് സഹപ്രവര്‍ത്തകര്‍ നടത്തിയ തിരച്ചിലിലാണ് യുവാവിനെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. നടക്കാവിലും മലപ്പുറത്തുമുള്ള സീറോ സ്റ്റുഡിയോ എന്ന ആര്‍ക്കിടെക്ട് സ്ഥാപനം നടത്തിവരുകയായിരുന്നു.

ഇതേസ്ഥാപനത്തിന്റെ വ്യാപാരപങ്കാളിയും എന്‍ജിനീയറിങ് കോളേജില്‍ സഹപാഠിയുമായ പി.കെ. അഫീഫ് (32) കഴിഞ്ഞയാഴ്ച ബെംഗളൂരുവില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചിരുന്നു. ഇതിനുശേഷം ഹാമിദ് ഏറെ ദുഃഖിതനായിരുന്നു. മൃതദേഹം മെഡിക്കല്‍കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച പോസ്റ്റ് മോര്‍ട്ടം നടക്കുമെന്ന് പോലീസ് വ്യക്തമാക്കി.