മെറിന് യാത്രാമൊഴി നല്‍കി സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും, വീഡിയോയില്‍ കണ്ട് മാതാപിതാക്കളും കുഞ്ഞ് നോറയും

മോനിപ്പള്ളി: അമേരിക്കയില്‍ ഭര്‍ത്താവിന്റെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട മെറിന്‍ ജോയിയുടെ മുഖം അവസാനമായി ഒരു നോക്ക് നേരില്‍ കാണാനാവാതെ കുടുംബം. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും യാത്രാമൊഴി നല്‍കിയപ്പോള്‍ മെറിന്റെ മാതാപിതാക്കളും മകള്‍ നോറയും ആ അന്ത്യകര്‍മ്മങ്ങള്‍ വീട്ടില്‍ വീഡിയോയില്‍ കാണാനെ ആയുള്ളു. ഫ്‌ലോറിഡ ഡേവിയിലെ ജോസഫ് എ സ്‌കെറാനോ ഫ്യൂണറല്‍ ഹോമിലാണ് മെറിന്റെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയത്.

മെറിന് അന്ത്യാഞ്ജലി സമയം ഫാ. ബിന്‍സ് ചേത്തലില്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. അമേരിക്കന്‍ സമയം ഉച്ചക്ക് 2 മുതല്‍ ആറ് വരെയായിരുന്നു(ഇന്ത്യന്‍ സമയം രാത്രി 11.30 മുതല്‍ ഇന്നു പുലര്‍ച്ചെ 3.30) മെറിന്റെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും യാത്രാമൊഴ് നല്‍കാനായി സൗകര്യം ഒരുക്കിയിരുന്നത്. ക്‌നാനായ വോയിസ് ടിവി വഴി ലൈവായി ചടങ്ങുകള്‍ സംപ്രേഷണം ചെയ്തു.

നാളെ മൃതദേഹം റ്റാംപയിലെ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് പള്ളിയില്‍ സംസ്‌കാര ശുശ്രൂഷകള്‍ക്ക് വേണ്ടി എത്തിക്കും. അമേരിക്കന്‍ സമയം രാവിലെ പത്ത് മണി മുതല്‍ 11 മണി വരെ പൊതു ദര്‍ശനത്തിന് വയ്ക്കും. 11 മുതല്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. ഉച്ചക്ക് രണ്ട് മണിയോടെ ഹില്‍സ്‌ബൊറൊ മെമ്മോറിയല്‍ സെമിത്തേരിയില്‍ മെറിന്റെ മൃതദേഹം അടക്കം ചെയ്യും. ഈ ചടങ്ങുകളും ലൈവായി സംപ്രേഷണം ചെയ്യും.

നാളെ വൈകുന്നേരം 5 മണിക്ക് മോനിപ്പള്ളി തിരുഹൃദയ പള്ളിയില്‍ കുടുംബാംഗങ്ങള്‍ പങ്കെടുക്കുന്ന പ്രത്യേക കുര്‍ബാനയും പ്രര്‍ഥനയും നടക്കും. ുഎസിലെ ചടങ്ങുകള്‍ മെറിന്റെ മാതാപിതാക്കളായ ജോയിക്കും മേഴ്‌സിക്കും മകള്‍ രണ്ടുവയസ്സുകാരി നോറയ്ക്കും സഹോദരി മീരയ്ക്കും ഓണ്‍ലൈന്‍ വഴി മാത്രമാണു കാണാന്‍ സാധിക്കുക.

ജൂലൈ 28ന് ആയിരുന്നു മെറിന്‍ ജോയി(27) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ഫിലിപ് മാത്യു (നെവിന്‍-34) അറസ്റ്റിലായി. നഴ്‌സായ മെറിന്‍ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ആശുപത്രിയുടെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ എത്തിയപ്പോഴാണ് നെവിന്‍ ആക്രമിച്ചത്. മെറിന്‍ വരുന്നതും കാത്ത് നിന്ന നെവിന്‍ മെറിനെ കുത്തി വീഴ്ത്തുകയായിരുന്നു. 17 കുത്തുകളാണ് നെവിന്‍ മെറിനെ കുത്തിയത്. നിലത്ത് വീണ മെറിന്റെ ശരീരത്തിലൂടെ നെവിന്‍ കാര്‍ കയറ്റി ഇറക്കി. തുടര്‍ന്ന് ഹോട്ടലില്‍ വെച്ച് പോലീസ് നെവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.